2020 November 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മണ്ണറിഞ്ഞ് വിത്തിറക്കാം

തയാറാക്കിയത്: അഷറഫ് ചേരാപുരം

മഴ വന്നു. മണ്ണ് നനഞ്ഞു. ഇനി പുതുനാമ്പുകള്‍ പുറത്തുവരും. കര്‍ഷകന്റെ മനം കുളിരണിയുകയാണ്. മണ്ണില്‍ നിന്നു പൊന്നു വിളയിക്കുന്നവനാണു കര്‍ഷകന്‍.എന്നാല്‍ എന്നും മണ്ണിനോടും പ്രതികൂലകാലാവസ്ഥയോടും നിരന്തരം പോരാടിക്കൊണ്ടാണ് അവന്‍ അധ്വാനത്തിന്റെ നൂറുമേനി വിളയിക്കുന്നത്. കൃഷി ആരംഭിച്ച കാലം തൊട്ട് ഓരോ വിളവും കൊയ്തു കൊണ്ടിരിക്കുന്നതും നിരന്തര അധ്വാനത്തോടെ തന്നെയാണ്. കാര്‍ഷികരംഗത്ത് കാലം ചെല്ലുന്തോറും പുതിയ അറിവുകളും സൗകര്യങ്ങളും കൂടികൊണ്ടിരിക്കുന്നു. ഈ രംഗത്തെ നിരവധി കണ്ടു പിടിത്തങ്ങളുടെ ഫലമായി കര്‍ഷകനു തന്റെ അധ്വാനം അനായാസമാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവയൊക്കെ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും കൃഷി ഇനിയും എങ്ങനെ കൂടുതല്‍ ലാഭകരമാക്കാം എന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ഓരോ കര്‍ഷകരും.
മണ്ണും കാലാവസ്ഥയും കഴിഞ്ഞാല്‍ കൃഷിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം ഉള്ളതു നടീല്‍വസ്തുവിനാണ്. കര്‍ഷകന്റെ കൈയില്‍ വിത്തുമാത്രം കിട്ടിയാല്‍ പോര. കൃഷിക്കാരന്റെ അധ്വാനം, വിത്ത് വിജ്ഞാനം എന്നിവ കൂടി ചേരുമ്പോഴാണു കൃഷി പൂര്‍ണമാകുക. ഒരു പുതിയ ഇനം വിത്ത് ഇറക്കി കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ നിന്നു കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിത്തിനെ സാക്ഷ്യപ്പെടുത്തിയ വിത്ത്(സര്‍ട്ടിഫൈഡ് വിത്ത്)എന്നു പറയുന്നു. ഇത് കര്‍ഷകരുടെ കൈകളില്‍ എത്തുന്നതിനു മുന്‍പ് മൂന്നുഘട്ടങ്ങള്‍ കഴിഞ്ഞിരിക്കണം. ഈ ഘട്ടങ്ങള്‍ സര്‍ക്കാര്‍ വിത്തുഫാമുകളിലും കാര്‍ഷിക സര്‍വകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും നെല്ലിനങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്ന റൈസ്ബ്രീഡറുടെ അടുത്തുമായിട്ടാണ് കടന്നുപോകുന്നത്.
ഉദാഹരണത്തിന് ആതിര എന്ന നെല്‍വിത്ത് ഉരുത്തിരിച്ചെടുത്തതു പട്ടാമ്പിയില്‍ നിന്നാണ്. ഈ നെല്ലു കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആദ്യമായി ഏറ്റവും വര്‍ഗശുദ്ധിയോടു കൂടിയ ഒരുകിലോ വിത്ത് ഉത്പാദിപ്പിച്ചെടുക്കുന്നു. ഈ വിത്തിനെയാണു പ്രജനക വിത്ത് (ബ്രീഡര്‍ സീഡ്) എന്നു പറയുന്നത്. ഈ വിത്തിനെ ഒരു കൃഷിവിദഗ്ധന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ സീഡ്ഫാമുകളിലോ മറ്റോ കൃഷി ചെയ്തു ലഭിക്കുന്ന ശുദ്ധിയുള്ള വിത്തിനെയാണ് ഫൗണ്ടേഷന്‍ സീഡ്(രണ്ടാംതലമുറ)എന്ന് പറയുന്നത്. ജനിതകശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഫൗണ്ടേഷന്‍ വിത്തിന് നിര്‍ദേശിച്ചിട്ടുള്ള എല്ലാനിബന്ധനകളും ഇതില്‍ പാലിച്ചു കൊണ്ടാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് രണ്ടു ഘട്ടങ്ങളിലായി ചെയ്യപ്പെടുന്നു. (എഫ് 1, എഫ് 2).
അടുത്തഘട്ടം സാക്ഷ്യപ്പെടുത്തിയ വിത്ത് (സര്‍ട്ടിഫൈഡ് സീഡ്) ഫൗണ്ടേഷന്‍ വിത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട വിത്ത് ഉപയോഗിച്ച് പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള വിവിധ ഏജന്‍സികള്‍ വഴി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയുടെ അംഗീകരാത്തോടുകൂടി ജനിതകശുദ്ധി നിലനിര്‍ത്തുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് സര്‍ട്ടിഫൈഡ് വിത്തുകള്‍ ഉണ്ടാക്കുന്നത്. ഇതാണ് പിന്നീട് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
വിത്ത് സ്വന്തമായി ഉത്പാദിപ്പിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം. വിവിധ ഇനങ്ങള്‍ ഒരു പാടത്ത് കൃഷി ചെയ്താല്‍ പലതിന്റെയും സമ്മിശ്ര സ്വഭാവമുള്ള വിത്താണു ലഭിക്കുക. തേനീച്ചകളും വണ്ടുകളും ഒരു ചെടിയുടെ പൂമ്പൊടി മറ്റു ചെടികളില്‍ എത്തിക്കുന്നതിന്റെ ഫലമായുള്ള പരപരാഗണം നടക്കുന്നതുമൂലമാണു കലര്‍പ്പുള്ള വിത്തുകള്‍ ഉണ്ടാകുന്നത്. പരപരാഗണം നടന്നു വിത്ത് കലര്‍പ്പ് വരാതിരിക്കാന്‍ മറ്റിനങ്ങള്‍ കൃഷിചെയ്യുന്ന സ്ഥലത്ത് നിന്നും നിശ്ചിത അകലത്തില്‍ മാത്രമെ വിത്തുല്‍പാദനത്തിനുള്ള ഇനങ്ങള്‍ കൃഷിചെയ്യാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഇങ്ങനെ നിശ്ചിത അകലത്തില്‍ നിബന്ധനകളെല്ലാം പാലിച്ചുകൊണ്ട് ഉത്പാദിപ്പിച്ചെടുക്കുന്ന നല്ല ഇനം വിത്തുകളാണ് വിപണിയില്‍ നിന്നു കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.