2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘എനിക്ക് പേടിയാണ് അവിടേക്ക് പോവണ്ട’- മഞ്ചേരി മെഡിക്കല്‍ കോളജ് പേടിസ്വപ്‌നമാവുകയോ?

വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതിനെത്തുടര്‍ന്ന് കോട്ടക്കല്‍ സ്വദേശിനിയായ വയോധിക മരിച്ച് മൂന്നാംദിവസമാണ് പ്രസവവേദനയുമായി പുളഞ്ഞ ഭാര്യയെ ഷരീഫ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. നേരത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നപ്പോഴുണ്ടായ ഭീതിതമായ ഓര്‍മകള്‍ കാരണം ഇനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും സഹല കരഞ്ഞുപറഞ്ഞിരുന്നു

 

മലപ്പുറം: സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി സ്വദേശി ഷരീഫ്-സഹല ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതോടെ രോഗികളോടുള്ള കരുണവറ്റിയ പെരുമാറ്റത്തിന്റെ പേരില്‍ ഒരിക്കല്‍കൂടി മഞ്ചേരി മെഡിക്കല്‍ കോളജ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞദിവസം വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതിനെത്തുടര്‍ന്ന് കോട്ടക്കല്‍ സ്വദേശിനിയായ വയോധിക മരിച്ച് മൂന്നാംദിവസമാണ് പ്രസവവേദനയുമായി പുളഞ്ഞ ഭാര്യയെ ഷരീഫ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്.

നേരത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നപ്പോഴുണ്ടായ ഭീതിതമായ ഓര്‍മകള്‍ കാരണം ഇനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും സഹല കരഞ്ഞുപറഞ്ഞിരുന്നു. ഇക്കാരണത്താല്‍ മെഡിക്കല്‍ കോളജിനെ ഒഴിവാക്കി എടവണ്ണ ഇ.എം.സി ആശുപത്രിയിലാണ് ആദ്യം പോയത്. അവിടെ വച്ച് മാന്യമായ പെരുമാറ്റം ആണ് ഉണ്ടായതെങ്കിലും ഒരു തവണ കൊവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗസാധ്യതയുള്ളത് ചൂണ്ടിക്കാട്ടി മടക്കി അയക്കുകയാണുണ്ടായത്.

സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയാറാവാത്തതാണ് ഇതിന് കാരണം. അന്ന് വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ അടിവയറ്റിലും നാഭിയിലും ശക്തമായ വേദന അനുഭവപ്പെട്ടതേടെ മെഡിക്കല്‍ കോളജിനെ തന്നെ ആശ്രയിക്കേണ്ടിവന്നു. സുപ്രഭാതത്തിലെ സഹപ്രവര്‍ത്തകനായ നാട്ടുകാരന്‍ നൗഫലിനെ ശനിയാഴ്ച പുലര്‍ച്ചെ വിളിച്ചുണര്‍ത്തി വാഹനം സംഘടിപ്പിച്ചാണ് ഷരീഫ് മഞ്ചേരി മെഡിക്കല്‍ കോളജജിലേക്ക് പോയത്.

ഭാര്യയുമായി ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഷരീഫിന്റെ യാത്ര

ശനിയാഴ്ച പുലര്‍ച്ചെ 4.30:
മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തുന്നു. ഏതാനും സമയം ലേബര്‍ റൂമില്‍. വേദനയില്ലെന്നു പറഞ്ഞു മടക്കുന്നു.

രാവിലെ 11.00:
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കം.
വഴിമധ്യേ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് അഭ്യര്‍ഥിക്കുന്നു

ഉച്ചയ്ക്ക് 1.30:
കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിയില്‍. സ്ത്രീരോഗവിഭാഗത്തില്‍ ആരുമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നു.

ഉച്ചയ്ക്ക് 3.30:
മുക്കം കെ.എം.സി.ടിയില്‍. മാന്യമായ പെരുമാറ്റം അനുഭവപ്പെടുന്നു. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റിവ്. അവിടെ വച്ച് സ്‌കാനിങ്ങിന് വിധേയമാവുന്നു. കുട്ടികള്‍ക്ക് മിടിപ്പില്ലെന്ന് അറിയിപ്പ് വന്നതോടെ സഹലയുടെ കരച്ചില്‍ ഉച്ചത്തിലാവുന്നു.

വൈകിട്ട് 5.00:
കോഴിക്കോട് മെഡിക്കല്‍ കോളജ്.

ഞായറാഴ്ച 6.00:
ശസ്ത്രക്രിയ വഴി ഗര്‍ഭസ്ഥ ശിശുക്കളെ പുറത്തെടുക്കുന്നു. മരണം സ്ഥിരീകരിക്കുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.