2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മനസ് വിഭജിച്ച് മണിപ്പൂര്‍; വംശഹത്യയുടെ ഭീതിദ ദൃശ്യങ്ങള്‍

ബഷീര്‍ മാടാല

മനസ് വിഭജിച്ച് മണിപ്പൂര്‍; വംശഹത്യയുടെ ഭീതിദ ദൃശ്യങ്ങള്‍

മൂന്നു മാസത്തിലധികമായി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ നടക്കുന്ന കൊടുംക്രൂരതകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുനില്‍ക്കുകയാണ് രാജ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂര്‍. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗത്തില്‍പ്പെട്ടവരും ക്രിസ്ത്യന്‍ കുക്കി, സോ വിഭാഗക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ക്ക് ഭരണകൂടത്തിന്റെ വ്യക്തമായ സഹായം ലഭിച്ചതോടെയാണ് കുക്കികളുടെ വംശഹത്യയിലേക്ക് കാര്യങ്ങള്‍ എത്തിയത്. നാലുഭാഗങ്ങളും മനോഹര മലകളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വര്‍ഷങ്ങളായി വിവിധ ജാതി, മത വിഭാഗക്കാര്‍ സമാധാനത്തോടെയാണ് കഴിഞ്ഞുവന്നത്. ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗക്കാര്‍ താഴ്‌വരകളിലും കുക്കി, സോ, നാഗ മറ്റു ഗോത്രവിഭാഗക്കാര്‍ മലമുകളിലുമാണ് വര്‍ഷങ്ങളായി വാസമുറപ്പിച്ചത്.

സംസ്ഥാനത്തെ ഭൂമിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് കുക്കികളാണ്. ഭൂമിയുടെ 10 ശതമാനത്തില്‍ മാത്രമേ മെയ്തികള്‍ക്ക് അവകാശമുള്ളൂ. മലമുകളിലെ ഭൂമികള്‍ വിലക്ക് വാങ്ങാന്‍ മെയ്തികള്‍ക്ക് അനുവാദമില്ല. എന്നാല്‍ താഴ്‌വരകളിലെ ഭൂമി വില നല്‍കി വാങ്ങാന്‍ കുക്കികള്‍ക്ക് വിലക്കുമില്ല. ഈ വൈരുധ്യം വര്‍ഷങ്ങളായി മണിപ്പൂരില്‍ നിലനില്‍ക്കുകയാണ്. സര്‍ക്കാരില്‍ കുക്കി, സോ, നാഗാ വംശജര്‍ക്ക് സംവരണം ലഭിക്കുമ്പോള്‍ മെയ്തികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ക്ക് പുറത്താണ്. 2012 മുതല്‍ തങ്ങളെയും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു മെയ്തികള്‍ രംഗത്തുണ്ട്. മാറിവരുന്ന സര്‍ക്കാരുകളില്‍ അതിനുവേണ്ടി സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. നീണ്ടകാലം കോണ്‍ഗ്രസ് ഭരിച്ച മണിപ്പൂരില്‍ ഈ വിഷയം മെയ്തികള്‍ സജീവമായി നിലനിര്‍ത്തിപ്പോന്നു. 2017ല്‍ മണിപ്പൂര്‍ 60 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 അംഗങ്ങളുമായി ജയിച്ചുവന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുത്തു. ഇതോടെ മെയ്തികളുടെ വികാരത്തിനൊപ്പം നിന്ന ബി.ജെ.പി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തി.

കോണ്‍ഗ്രസുകാരായ 42 ശതമാനം പേരും ഒരു മൂന്നറിയിപ്പുമില്ലാതെ ബി.ജെ.പിക്കാരായി മാറി. ഇതോടെ ജാതിരാഷ്ട്രീയം മണിപ്പൂരില്‍ സൃഷ്ടിക്കപ്പെട്ടു. മെയ്തികളുടെ അധികാര കേന്ദ്രങ്ങളില്‍ കുക്കികള്‍ പിടിമുറുക്കുകയാണെന്നും ഇവരിലെ ജനസംഖ്യാവര്‍ധന തങ്ങളെ ബാധിച്ചു തുടങ്ങിയെന്നും അവര്‍ വാദിച്ചു. കുക്കികള്‍ക്കെന്നപോലെ തങ്ങള്‍ക്കും സംവരണം വേണമെന്ന ആവശ്യം അവര്‍ സജീവമായി ഉന്നയിച്ചു. ഇതോടൊപ്പം കുക്കികള്‍ കുടിയേറ്റക്കാരാണെന്നും മലമുകളിലെ വനം നശിപ്പിക്കുന്നവരും പോപി കൃഷി നടത്തുന്നവരുമാണെന്നും ഇവരുടെ അറിവോടെ അതിര്‍ത്തി രാജ്യത്തുനിന്ന് ധാരാളം പേര്‍ അനധികൃതമായി ഇവിടെ എത്തുന്നുണ്ടെന്നും മെയ്തികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് കുക്കിമെയ്തി വിഭാഗക്കാരില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും രണ്ട് വിഭാഗങ്ങളിലും പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും കാരണമായി.

പംഗലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുസ്‌ലിംകളും കുക്കിമെയ്തി സംഘര്‍ഷത്തെ ആശങ്കയോടെയാണ് കണ്ടത്. 2023 മാര്‍ച്ചില്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ ഏതാനും ഗ്രാമങ്ങള്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഒഴിപ്പിച്ച സംഭവം കുക്കികള്‍ക്കിടയില്‍ ഭയം വര്‍ധിപ്പിച്ചു. വനം കൈയേറ്റം ആരോപിച്ച് വീണ്ടും ഈ പ്രദേശത്ത് നിന്ന് ആദിവാസികളെ സര്‍ക്കാര്‍ കുടിയിറക്കി. ഈ സംഭവങ്ങള്‍ക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പങ്കെടുത്ത ചൂരാചന്ദ്പൂരിലെ ഒരു യോഗം കുക്കികള്‍ കൈയേറി അലങ്കോലപ്പെടുത്തി. ഇത്തരം സാഹചര്യങ്ങള്‍ പാശ്ചാത്തലം നിലനില്‍ക്കെയാണ് മണിപ്പൂര്‍ ഹൈക്കോടതി മെയ്തി വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് കുക്കി മേഖലകളില്‍ വന്‍ കോളിളക്കം ഉണ്ടാക്കി. മെയ്തികള്‍ക്ക് സംവരണം തങ്ങളുടെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള നാല് ജില്ലകളില്‍ ഉത്തരവിനെതിരേ പ്രതിഷേധം അരങ്ങേറി.

മെയ് മൂന്നിന് ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ചൂരാചന്ദ്പൂരില്‍ ആയിരങ്ങളെ അണിനിരത്തി പ്രകടനം നടത്തി. ഈ പ്രകടനത്തിലേക്ക് മെയ്തി വിഭാഗത്തിലെ ഏതാനും ചിലര്‍ നുഴഞ്ഞുകയറിയതോടെയാണ് അപ്രതീക്ഷിത സംഭവങ്ങളുടെ അരങ്ങേറ്റമുണ്ടാകുന്നത്. അത് രാജ്യത്തിന്റെ മൊത്തം അശാന്തിയുടെ ആളിപ്പടരലായി. ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സംഘര്‍ഷത്തിലേക്കും പിന്നീട് കുക്കികളുടെ വംശീയ ഉന്മൂലനത്തിലേക്കും വഴിവച്ച കലാപങ്ങങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിയത്. അങ്ങനെ മണിപ്പൂര്‍, ഇന്ത്യയുടെ മൊത്തം ആളലായി. കണ്ണീരായി. കണ്ണീര്‍കഥകള്‍ തുടരുന്നു നാളെയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.