ചെന്നൈ: മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പത്തു കോടി രൂപയുടെ അവശ്യസാധനങ്ങള്‍ അയക്കാമെന്ന് അറിയിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്‍ കത്തയച്ചു. മണിപ്പൂര്‍ അനുവദിച്ചാല്‍ സഹായം നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തില്‍ സഹായം നല്‍കാന്‍ തയ്യാറെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേ സമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂര്‍ണ്ണമായി തകര്‍ന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
മണിപ്പൂര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കരുതെന്ന് സി.ബി.ഐയോട് സുപ്രിംകോടതി പറഞ്ഞു. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിജീവിതകള്‍ അതിനെ എതിര്‍ത്തതോടെ സുപ്രിംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന വാദത്തിനിടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതും കോടതി ചൂണ്ടിക്കാണിച്ചു. ഈ വീഴ്ച വ്യക്തമാക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എഫ്‌ഐആര്‍ ഇടുന്നതില്‍ വന്ന വീഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ കോടതി ഇന്നും ആവര്‍ത്തിച്ചു. എന്നാണ് സീറോ എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്തത്?, എന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന ചോദ്യങ്ങളും കോടതി ഉന്നയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ ഇതുവരെ കുറച്ച് അറസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നും കോടതി പറഞ്ഞു. പൊലീസ് ആകെ 6532 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു.
6523 എഫ്‌ഐആറുകളില്‍ വ്യക്തതയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ എന്നിങ്ങനെ ഏതൊക്കെ കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് തരം തിരിച്ച് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments are closed for this post.