ഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ശിപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം: കേസ് സിബിഐക്ക് വിട്ടു
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സുപ്രിംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിനിടെ മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂര്‍ പൊലിസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുണ്‍ സിങ്, ജിവാന്‍ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 22ാം തീയതി 19കാരനടക്കം രണ്ടു പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹെരോദാസ് സിങ്ങിന്റെ വീട് കത്തിച്ചിരുന്നു.
Comments are closed for this post.