2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണ്ഡൽ കമ്മിഷനും ജാതി സെൻസസിൻ്റെ രാഷ്ട്രീയവും

നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ കൃത്യമായി ജാതിരാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ഇത് നൂറ്റാണ്ടുകളായി ജാതിമനുഷ്യർ നേരിടുന്ന സാമൂഹിക അടിമത്വത്തിനും സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും എതിരേയുള്ള പോരാട്ടത്തിന്റെ വിജയമായി കാണാം. ആ പോരാട്ടത്തിൽ ഏതൊക്കെ രാഷ്ട്രീയം ഇടപെട്ടു എന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ബഹുസ്വരതയെ ഭരണകൂടം ഉപാധികളില്ലാതെ ചേർത്തുപിടിക്കണം.

എന്നാൽ ഹിന്ദുത്വ ബ്രാഹ്മണിക്കൽ ആശയത്താൽ ശക്തിപ്പെട്ടുവരുന്ന ഭരണകൂടം ഇതിന് തയാറല്ല. അവർക്ക് അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ജാതി. അതിൽ സവർണജാതി താൽപര്യങ്ങളാണ് എല്ലാ കാലത്തും സംരക്ഷിക്കപ്പെടുന്നത്. അതേസമയം, ബഹിഷ്കൃത ജാതിസമൂഹങ്ങളെ തങ്ങളുടെ താൽപര്യത്തിനുവേണ്ടി ഭരണവർഗം എല്ലാ കാലത്തും ഉപയോഗിച്ചു. 2009ൽ ബി.ജെ.പിയുടെ ഒ.ബി.സി വോട്ടിങ് ശതമാനം 23 ആണെങ്കിൽ 2019ൽ അത് 46 ശതമാനമായി ഉയർന്നു.

2019ൽ ഒ.ബി.സി വിഭാഗത്തിലെ 29 മന്ത്രിമാരും രാജ്യത്തെ പ്രസിഡൻ്റും ഉണ്ടായിരിക്കെ എന്തുകൊണ്ട് ബി.ജെ.പി ജാതി സെൻസസിനെ എതിർക്കുന്നു, ഭയക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്.ജാതിവ്യവസ്ഥ ഉണ്ടാക്കിയ അസമത്വങ്ങൾക്ക് മുകളിലാണ് എല്ലാ ഭരണകൂട വ്യവസ്ഥകളും ഇന്നോളം നിലനിന്നത്. അതിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വബോധമാണ് ‘ഇൻഡ്യ’ എന്ന പ്രതിപക്ഷ രാഷ്ട്രീയത്തിൽ കാണാൻ കഴിയുന്നത്.

   

അത് തീവ്രഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിൽ മാത്രമല്ല, മറിച്ച് ജാതിയുണ്ടാക്കിയ അസമത്വത്തിൻ്റെ ആശയപരമായ അടിത്തറയെ പൊളിച്ചടക്കണമെന്ന തിരിച്ചറിവിൻ്റെ ഫലമായിരിക്കാം. ഇതിൽ എതു രാഷ്ട്രീയ വിദ്യാർഥിയെയും പഠിതാവിനെയും അത്ഭുതപ്പെടുത്തുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ നിലപാട് മാറ്റമാണ്. ജാതിയാണ് ഇന്ത്യൻ ജനാധിപത്യത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു.

മാത്രമല്ല, അതിൻ്റെ ആഴവും പരപ്പും കൃത്യമായി ബോധ്യപ്പെടുന്ന തരത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ‘ഇൻഡ്യയുടെ എക്സറേയാണ് ജാതി സെൻസസ്’. ഇതോടുകൂടി ഇന്ത്യൻ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും നാനാത്വത്തിനും മുന്നോട്ടുപോകണമെങ്കിൽ ജാതി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക വിഭജനത്തെയും സാമ്പത്തിക അസമത്വത്തെയും പരിഗണിക്കണം. ഇത്തരം തിരിച്ചറിവിലേക്കാണ് ഇന്ന് ഇൻഡ്യ എത്തിനിൽക്കുന്നത്.

ഈ അവസരത്തിൽ എന്തുകൊണ്ടും ഓർക്കേണ്ട പേരാണ് വി.പി സിങ്ങിൻ്റേത്. ഡോ. ബി.ആർ അംബേദ്ക്കറും ഡോ. ലോഹ്യയും നിരന്തരം ഉന്നയിച്ച സാമുദായിക രാഷ്ട്രീയത്തിൻ്റെ തുടർച്ച മണ്ഡൽ കമ്മിഷൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വി.പി സിങ് നടത്തിയ ഇടപെടലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതി മാറ്റിയത്. അതിൻ്റെ ഗുണവും ദോഷവും എന്തുണ്ടാക്കി എന്നതിലുപരി ജാതി ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ചലനത്തെ ബാധിച്ചു എന്നതാണ് സത്യം.


വി.പി സിങ് വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വർഷമാവുന്നു. അദ്ദേഹം ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയാവാൻ കാരണം, ജാതി സെൻസസ് തന്നെ. 1990ലെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടും അതുണ്ടാക്കിയ സമാനതകളില്ലാത്ത രാഷ്ട്രീയ ചർച്ചയും ഇപ്പോഴും പ്രസക്തമാണ്. അതുവഴി തീവ്ര ഹിന്ദുത്വം നേടിയ അധികാരം രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവത്തെ പൂർണാർഥത്തിൽ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിൽ എത്തിച്ചു. അതിനെ പ്രതിരോധിക്കാനുള്ള വഴിയായി ജാതി സെൻസ് ചർച്ചയാകുമ്പോൾ വി.പി സിങ് അതിലേക്ക് കടന്നുവരുന്നത് സ്വാഭാവികം.

തൻ്റെ ഒരു വർഷത്തെ പ്രധാനമന്ത്രി സ്ഥാനംകൊണ്ട് മണ്ഡൽ കമ്മിഷന്റെ പ്രഖ്യാപനം വഴി തുറന്നുവിട്ട ജാതിരാഷ്ട്രീയം സമകാല ഇന്ത്യവരെ എത്തിനിൽക്കുകയാണ്.
ജാതി സെൻസസ് ഭരണഘടനാപരമായ ഉത്തരവാദിത്വംകൂടിയാണ്. പക്ഷേ സ്വതന്ത്ര ഇന്ത്യയിൽ അത് നടന്നില്ല. അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 340 അനുസരിച്ച് 1953 ജനുവരി 29ന് രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് ഒന്നാം പിന്നോക്ക സമുദായ കമ്മിഷൻ രൂപീകരിക്കപ്പെട്ടത്. 1955 മാർച്ച് 30ന് പ്രസ്തുത കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്താകെ 2399 പിന്നോക്ക ജാതികളുടെയും സമുദായങ്ങളുടെയും ഒരു പട്ടിക കമ്മിഷൻ തയാറാക്കുകയും 837 വർഗങ്ങളെ ഏറ്റവും പിന്നോക്കങ്ങളായി തരംതിരിക്കുകയും

ചെയ്തു. തുടർന്ന് കമ്മിഷന്റെ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട അഞ്ചു നിർദേശങ്ങളിൽ ആദ്യത്തേത് 1961ലെ സെൻസസിൽ ജാതി തിരിച്ചു ജനസംഖ്യ നിർണയം നടത്തണം എന്നതായിരുന്നു. എന്നാൽ 1931ൽ ബ്രിട്ടിഷുകാർ നടത്തിയ ജാതി സെൻസസ് അല്ലാതെ രാജ്യത്ത് ആകമാനം അത്തരമൊരു ജാതിയുടെ കണക്കെടുപ്പ് നടന്നില്ല. ആ പശ്ചാത്തലത്തിൽ വേണം മണ്ഡൽ കമ്മിഷൻ്റെ ഇടപെടലിനെ കാണേണ്ടത്.


1978 ഡിസംബർ 20നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ബി.പി മണ്ഡലിനെ അധ്യക്ഷനായി ഒരു കമ്മിഷനെ നിയമിച്ചത്. അതാണ് പിന്നീട് മണ്ഡൽ കമ്മിഷൻ എന്ന പേരിൽ അറിയപ്പെട്ടത്. അദ്ദേഹം 1980 ഡിസംബർ 12ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നുവന്ന സർക്കാർ റിപ്പോർട്ട് നടപ്പാക്കാൻ തയറായില്ല. എന്നാൽ 1989ൽ അധികാരത്തിൽ വന്ന വി.പി സിങ് റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചു. തുടർന്നുണ്ടായ വിവാദം ഹിന്ദുത്വ രാഷ്ട്രീയം തങ്ങൾക്ക് അനുകൂലമാക്കിയതിൻ്റെ റിസൽട്ടാണ് 2014 നുശേഷം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സ്വാഭാവികതയെ തീവ്ര ഹിന്ദുത്വത്തിലേക്ക് എത്തിച്ചത്.

അതുണ്ടാക്കിയ ചരിത്രപരവും സാംസ്കാരികപരവുമായ അധീശത്വമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന ഭീഷണി. അതിൻ്റെ ഫലമായി ഇന്ത്യയിലെ ദലിത്, പിന്നോക്ക സമൂഹങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചെറുതല്ല. അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള സാമൂഹിക പ്രതിരോധം കൂടിയാണ് ജാതി സെൻസസ്.


ജാതിയുടെ സാമൂഹികരാഷ്ട്രീയം വീണ്ടും ചർച്ചയാവുമ്പോൾ ആറ് പതിറ്റാണ്ടോളം ജാതിയുണ്ടാക്കിയ അസമത്വങ്ങളെ പലരീതിയിലും കണ്ടില്ലെന്ന് നടിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജാതി സെൻസസിനെ അംഗീകരിച്ചിരിക്കുന്നു. ജാതി എത്രമാത്രം ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമാണ് എന്ന ബോധ്യം വൈകിയാണെങ്കിലും പലർക്കും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആധുനിക ജനാധിപത്യ വ്യവഹാരങ്ങളിൽ അത്തരം ചർച്ചയ്ക്ക് ഇടം നൽകിയത് വി.പി സിങ്ങാണ് എന്നുകൂടി ഓർക്കേണ്ടതുണ്ട്. അത്തരം ചിന്തകൾ വളരുന്നത് ജനാധിപത്യ സോഷ്യലിസ്റ്റ് ആശയത്തിലൂടെയാണ് എന്നതുകൂടി തിരിച്ചറിയേണ്ടതുണ്ട്.

1970ൽ ബിഹാറിൽ കർപ്പൂരി ഠാകൂർ മുഖ്യമന്ത്രിയായ കാലത്താണ് രാജ്യത്തെ ആദ്യത്തെ ജാതി സംവരണം ഏർപ്പെടുത്തിയത്. അതേ ബിഹാറിൽ 2023ൽ ജാതി സെൻസസ് നടത്തുകയും സംവരണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നത് നിതീഷ് കുമാർ എന്ന സോഷ്യലിസ്റ്റാണ്. ബിഹാറിൽ മൊത്തം ജനസംഖ്യയിൽ 63.12 ശതമാനവും പിന്നോക്ക വിഭാഗങ്ങളാണ്. ജാതി സെൻസസ് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. അതിൻ്റെ ആന്തരിക ഇളക്കങ്ങൾ പ്രതിഫലിച്ചു തുടങ്ങി. കാരണം, ജാതി സെൻസസിന് അത്രമാത്രം രാഷ്ട്രീയ പ്രാധാന്യമുണ്ട്. 1931 ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ അവസാനത്തെ ജാതി കണക്കെടുപ്പിന് തുടർച്ചയുണ്ടാക്കാത്തവിധം ഭരണകൂടങ്ങൾ ജാതിയുടെ രാഷ്ട്രീയത്തെ മാറ്റിനിർത്തുകയുണ്ടായി. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.


കാകാ കലേൽകർ കമ്മിഷൻ 1956 സെപ്റ്റംബർ മൂന്നിന് പാർലമെൻ്റിൻ്റെ ഇരുസഭകളിലും റിപ്പോർട്ട് സമർപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗവൺമെൻ്റ് പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു. ‘ഒരു സമത്വപൂർണമായ സമൂഹത്തിലേക്കുള്ള പുരോഗതിയുടെ പാതയിൽ ഏറ്റവും വലിയ തടസം ജാതിവ്യവസ്ഥയാണെന്നത് നിഷേധിക്കാനാവില്ല. നിശ്ചിത ജാതികളെ പിന്നോക്കമായി അംഗീകരിക്കുക വഴി നിലവിലുള്ള സ്പർധയെ സ്ഥാപനവൽക്കരിക്കുകയാണ് ചെയ്യുന്നത്’.

ഏഴുപതിറ്റാണ്ടിനുശേഷവും ഇന്ത്യയിലെ ഭരണവർഗം പറയുന്നത് ഇതുതന്നെയാണ്. എന്നാൽ ജാതി സെൻസസ് അനിവാര്യമാണ് എന്നതിലേക്ക് ഇന്ത്യൻ യാഥാർഥ്യം ഇപ്പോൾ വിരൽ ചൂണ്ടുകയാണ്. കാരണം, ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ ഭൂരിഭാഗവും പിന്നോക്കക്കാരാണ്. ഈ പിന്നോക്കാവസ്ഥയിൽ പെടുന്ന ജനങ്ങളൊക്കെ കീഴ്ജാതിയിൽ പെട്ടവരാണ്. ഈ യാഥാർഥ്യം കേരളത്തിലും ബാധകമാണ്. സംസ്ഥാനത്ത് 64,000 ത്തോളം അതിദരിദ്ര കുടുംബങ്ങളുണ്ടെന്നും 2024 നവംബറോടുകൂടി 93% പേരെയും അതി ദാരിദ്ര്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ഈ 64000 അതിദരിദ്രരുടെ കണക്കെടുത്തു കഴിഞ്ഞാൽ അതിൽ 90% വും പിന്നോക്ക ജാതിയിൽ പെട്ടവരായിരിക്കും. ഇത് കേരളത്തിൻ്റെ അവസ്ഥയാണെങ്കിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി എത്ര ഭീകരമായിരിക്കും. ഇതിനെ കൃത്യമായി കണ്ടെത്തി പരിഹരിക്കാൻ ജാതി സെൻസസിന് അല്ലാതെ കഴിയില്ല.

അതുകൊണ്ടുതന്നെ മണ്ഡൽ കമ്മിഷൻ പ്രഖ്യാപനത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ജാതി സെൻസസ് നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ ഉണ്ടാകാൻ പോകുന്നത്. എന്നാൽ അത്തരം തീരുമാനം സ്വാഭാവിക നീതിയായി ഭരണവർഗത്തിൽനിന്ന് ഉണ്ടാവുക എളുപ്പമല്ല. അതിനുവേണ്ടി മുഴുവൻ ജനാധിപത്യവിശ്വാസികളും ഒന്നിക്കേണ്ടതുണ്ട്.

ഇനിയുള്ള ഏതൊരു രാഷ്ട്രീയ സംവാദത്തിലും ജാതി സെൻസസിൻ്റെ ആവശ്യകതയെ ഉന്നയിക്കാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ മാത്രമേ ജാതിക്കെതിരായ പോരാട്ടം കൊണ്ട് ജാതി സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനും സമത്വത്തിലേക്ക് നയിക്കാനും കഴിയൂ.

Content Highlights:Mandal Commission and the Politics of Caste Census


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.