2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

“എനിക്കു ലഭിച്ച 20 ലക്ഷം രൂപ മറ്റു രോഗികള്‍ക്ക് നല്‍കും” പ്രവാസികളുടെ കാരുണ്യത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മുഹ്സിന്‍റെ പ്രഖ്യാപനം മാതൃകയാകുന്നു.. (Video കാണാം)

ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്‌

മനാമ: തനിക്ക് ചികിത്സക്കായി ലഭിച്ച സംഖ്യയില്‍ നിന്ന് 20 ലക്ഷം രൂപ മറ്റു രോഗികള്‍ക്ക് നല്‍കുമെന്ന ഇരുപതുകാരന്‍ മുഹ്സിന്‍റെ പ്രഖ്യാപനം മാതൃകയാകുന്നു.

കുടുംബ ഭാരം പേറി ചെറിയ പ്രായത്തില്‍ ബഹ്റൈനിലെത്തി, ജോലിക്കിടെ അസുഖബാധിതനായി, നാട്ടിലേക്ക് മടങ്ങേ‌ണ്ടി വന്ന തൃശൂര്‍ -ചാവക്കാട് സ്വദേശി മുഹ്‌സിനാണ്, തന്‍റെ ചികിത്സ തുടരുന്പോഴും മാതൃകാപരമായ ഈ കാരുണ്യ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.

മാസങ്ങള്‍ക്കു മുന്പ് ബഹ്റൈനിലെ മുഹറഖില്‍ ഒരു ചെറുകിട കഫറ്റീരിയയില്‍ ജോലിയില്‍ പ്രവേശിച്ച മുഹ്സിന് സ്പൈനല്‍ സ്ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്നാണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ടത്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനും ശ്വാസമെടുക്കുന്നതും ക്രിത്രിമ ഉപകരണങ്ങള്‍ വഴിയായി.
ബഹ്റൈനിലെ ഈ പ്രാഥമിക ചികിത്സക്കും തുടര്‍ന്ന് സ്ട്രക്ചര്‍ വഴി നാട്ടിലെത്തിക്കാനും വിദഗ്ദ ചികിത്സ നല്‍കാനും ഭീമമായ തുക വേണ്ടി വന്നിരുന്നു.
എന്നാല്‍ പ്രായമായ പിതാവും മാതാവും ഒരു സഹോദരിയുമുള്‍പ്പെടുന്ന മുഹ്സിനിന്‍റെ നിര്‍ധനരായ കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
നിലവില്‍ ചാവക്കാട് എടക്കഴിയൂർ പടിഞ്ഞാറ് ഭാഗം കടലോര പ്രദേശത്ത് മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയിൽ ഓല മേഞ്ഞ ഒരു കുടിലില്‍ കഴിയുന്ന ഈ കുടുംബത്തിന്‍റെ ഏകആശ്രയവും പ്രതീക്ഷയുമായിരുന്നു മുഹ്സിന്‍.
ഈ സാഹചര്യത്തിലാണ് ബഹ്റൈനിലെ മലയാളി പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും സംഘടിച്ച് മുഹ്സിന്‍ ചികിത്സാ സമിതി രൂപീകരിച്ച് രംഗത്തിറങ്ങിയത്.

ബഹ്റൈനിലെ ചികിത്സക്കു പുറമെ നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ നല്‍കാനും സമിതി മുന്നിട്ടിറങ്ങി. ഇതിനിടെ നഷ്ടപ്പെട്ട തന്റെ സംസാര ശേഷിയുൾപ്പെടെ പ്രധാനപ്പെട്ട ചികിത്സാ ഘട്ടങ്ങളെല്ലാം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മുഹ്സിൻ
തന്നെ സഹായിച്ചവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് തനിക്കു ലഭിച്ച 20 ലക്ഷം രൂപ മറ്റു രോഗികൾക്ക് നൽകാനായി ചികിത്സാ കമ്മറ്റിയെ തിരിച്ചേൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഹ്സിന്റെ ഈ മാതൃകാ പ്രവർത്തനം നിറഞ്ഞ കയ്യടികളോടെയാണ് പ്രവാസികൾ സ്വീകരിക്കുന്നത്. വീഡിയോ സന്ദേശം ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ബഹ്‌റൈനിലെ രോഗികളായ പ്രവാസികൾക്കാണ് ഈ തുക പ്രധാനമായും നൽകാന്‍ താന്‍ ഉദ്ധേശിക്കുന്നതെന്ന് മുഹ്സിന്‍ സുപ്രഭാതത്തോടും പറഞ്ഞു. സുഹൃത്തും നാട്ടുകാരനുമായ കലീം എടക്കഴിയൂര്‍ വഴിയാണ് നാട്ടിലുള്ള മുഹ്സിന്‍ സുപ്രഭാതത്തോട് പ്രതികരിച്ചത്.
ബഹ്റൈനില്‍ നിലവില്‍ രോഗികളായവരോ നാട്ടിലേക്ക് മടങ്ങിയവരോ ആയ ബഹ്റൈന്‍ പ്രവാസികളില്‍ നിന്നും അർഹരായവര്‍ക്ക് ഈ തുക നല്‍കുമെന്ന് മുഹ്‌സിന്റെ പേരില്‍ രൂപീകൃതമായ ചികിത്സാ സഹായ സമിതിയും അറിയിച്ചിട്ടുണ്ട്.
നാട്ടില്‍ മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് മുഹ്സിന്‍റെ ചികിത്സപുരോഗമിക്കുന്നത്. 60 ലക്ഷത്തോളം രൂപയാണ് സമിതിക്ക് ഇതിനകം ലഭിച്ചത്. എങ്കിലും തുടര്‍ ചികിത്സയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും ഇപ്പോഴും ബാക്കിയിരിക്കെയാണ് തന്നെ പോലുള്ള മറ്റു രോഗികളെ സഹായിക്കാനായി തനിക്ക് ലഭിച്ച തുകയില്‍ നിന്ന് ഒരു വിഹിതം മുഹ്സിന്‍ നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. മുഹ്സിന്‍റെ വാക്കുകള്‍ കേള്‍ക്കാം..(Video)

Also read: 

സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്ത മുഹ്സിന്‍റെ വാര്‍ത്ത കാണാം

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.