കോഴിക്കോട്: കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജ്(48) വധക്കേസില്‍ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് കെ. അനില്‍കുമാര്‍ ആണ് പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളിയെ(44) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴകൊടുക്കുന്നതിനും ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്നുവര്‍ഷം കൂടി തടവ് അനുഭവിക്കണം.
2019 മേയ് 22 രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം. മുരളി മുന്‍വൈരാഗ്യംവച്ച് ബാബുരാജിനെ കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് പിന്നിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപമുള്ള കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കിണറ്റില്‍ വീണ ബാബുരാജിനുണ്ടായ മാരകമായ പരുക്ക് മരണകാരണമായി.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ മൂന്നുപേര്‍ വിചാരണ വേളയില്‍ കൂറുമാറി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു ടി. എസ്, ഉമേഷ് എ. എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വ. നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.
Comments are closed for this post.