റിയാദ്: സഊദിയിലെ ഫ്രാൻസ് കോൺസുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ആക്രമണം. ജിദ്ദയിലെ ഫ്രാൻസ് കോൺസുലേറ്റ് ഗാർഡിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മൂർച്ചയേറിയ ആയുധങ്ങളുമായാണ് ഗാർഡിന് നേരെ ആക്രമണം നടന്നത്. ഫ്രാൻസിൽ യുവതിയുടെ തലയറുക്കുകയും മറ്റു രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്ത വാർത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെയാണ് സഊദിയിലെ ഫ്രാൻസ് കോണ്സുലേറ്റിന് നേരെ ആക്രമണം നടന്ന വാർത്തയും പുറത്ത് വന്നത്.
വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. “ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും കത്തി കൊണ്ട് ആക്രമിച്ചുവെന്നും. ഉടൻ തന്നെ സഊദി സുരക്ഷാ സേന കുറ്റവാളിയെ അറസ്റ്റ് ചെയ്‌തതായും റിയാദിലെ ഫ്രഞ്ച് എംബസി ട്വിറ്ററിൽ അറിയിച്ചു. പരിക്കേറ്റ സുരക്ഷാ ഗാർഡ് സ്വകാര്യ സുരക്ഷാ ഗാർഡ് കമ്പനി ജീവനക്കാരനാണ്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകട നില തരണം ചെയ്‌തതായും എംബസി അറിയിച്ചു. സഊദി പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നതായും ആക്രമണത്തിൽ പരിക്കേറ്റ സുരക്ഷാ ഗാർഡിന് പൂർണ്ണ സംരക്ഷണം നൽകുമെന്നും അപകടത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താനും സഊദിയിലെ ഫ്രഞ്ച് സൗകര്യങ്ങളുടെയും ഫ്രഞ്ച് സ്ഥാപങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും സഊദി അധികൃതരിലുള്ള ആത്മവിശ്വാസം എംബസിക്കുണ്ടെന്നും എംബസി റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിലെ പ്രവാചക കാർട്ടൂണുമായും പിന്നാലെ ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാടും പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധം മുസ്‌ലിം ലോകത്ത് ഉയരുന്നതിനിടെയാണ് സംഭവം. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നുള്ള നിലപാടുമായി സോഷ്യൽ മീഡിയകളിൽ പ്രചാരണം ശക്തമാകുകയും വിവിധ അറബ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ച് തുടങ്ങുകയും ചെയ്‌തിട്ടുണ്ട്.
Comments are closed for this post.