2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

നിലനിൽപ്പിന് ഏറ്റുമുട്ടുന്ന മനുഷ്യനും മൃഗങ്ങളും


മനുഷ്യന്റെ ആവാസ്ഥവ്യവസ്ഥയിലേക്ക് കാട്ടുമൃഗങ്ങളും മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യരും കടന്നുകയറുന്നതിന്റെ പരിണിതഫലമാണ് മനുഷ്യ-മൃഗ ഏറ്റുമുട്ടലിന് വഴിവയ്ക്കുന്നത്. ലോകത്ത് മിക്ക രാജ്യങ്ങളിലും വനമേഖലയോട് ചേർന്ന മനുഷ്യവാസ പ്രദേശങ്ങളിൽ ഇത്തരം സംഘർഷങ്ങൾ പതിവാണ്. മനുഷ്യരുടെ വളർത്തുമൃഗങ്ങളെ കാട്ടുമൃഗങ്ങൾ കൊല്ലുക, കൃഷി നശിപ്പിക്കുക, വീടു തകർക്കുക, മനുഷ്യരെത്തന്നെ അക്രമിക്കുക, കൊലപ്പെടുത്തുക തുടങ്ങിയവയാണ് മനുഷ്യ-മൃഗ സംഘർഷത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാനാകുക. കേരളത്തിൽ ഉൾപ്പെടെ ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.


വന്യജീവി ആക്രമണങ്ങളിൽ ഇന്ത്യയിൽ കൂടുതൽ നാശനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 2022ൽ ഇവിടെ കൊല്ലപ്പെട്ടത് 105 പേരാണ്. 2021ൽ 84 പേരും 2019ൽ 39 പേരും കൊല്ലപ്പെട്ടു. കേരളത്തിലും വന്യജീവി ആക്രമണങ്ങൾ കൂടുകയാണ്. ഇന്നലെ മാത്രം മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ എന്താണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്നും പരിഹാരമെന്നും പരിശോധിക്കണം.


കൃഷിഭൂമി കാട്ടിലേക്ക് കയറുന്നതും കാടിനോടു ചേർന്നുള്ള നിർമാണപ്രവർത്തനങ്ങളും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തടസപ്പെടുത്തുന്നു. നാട്ടുമൃഗങ്ങളെ കാട്ടിൽ മേയാൻ വിടുന്നതും വന്യജീവികളെ നാട്ടിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു. നാലുദിവസം മുൻപ് കെനിയയിൽ 6 സിംഹങ്ങൾ ഗ്രാമീണരുടെ 11 ആടുകളെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഗ്രാമീണർ സിംഹങ്ങളെ കൊന്നു. രണ്ടു ദിവസത്തിനിടെ 10 സിംഹങ്ങളെയാണ് നാട്ടുകാർ കൊന്നത്. മൃഗങ്ങളുടെ ആക്രമണങ്ങളോട് ഈ രീതിയിൽ മനുഷ്യർ തിരിച്ചടിക്കുന്നതും പ്രകൃതിക്ക് ഗുണകരമല്ല.


വേൾഡ് വൈൽഡ് ഫണ്ട് ഫോർ നാച്വറിന്റെ നിർവചനം അനുസരിച്ച് മനുഷ്യ-മൃഗ സംഘർഷങ്ങൾ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി പ്രതികൂലമായി ബാധിക്കും. നാട്ടിലിറങ്ങി ഏറ്റവും കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുന്ന മൃഗം ആനയാണ്. പിന്നീട് കടുവയും. കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ആക്രമണങ്ങളും കേരളത്തിൽ വർധിക്കുന്നുണ്ട്. കേരളത്തിൽ മൃഗ-മനുഷ്യ സംഘർഷങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, കാലാവസ്ഥ തുടങ്ങിയവയും ഇതിനു കാരണമാണ്.


കേരളത്തിൽ 30 ശതമാനം പ്രദേശവും കാടാണ്. ശരാശരി 70 കി.മീ വീതിയുള്ള ചെറിയ സംസ്ഥാനമാണ് നമ്മുടേത്. 3.46 കോടി ജനങ്ങൾ ഇവിടെ താമസിക്കുന്നു. ഇത്രയും ജനസാന്ദ്രത കൂടിയ പ്രദേശത്ത് 30 ശതമാനം പ്രദേശം വനമായതും ആ വനത്തിൽ കടുവകളും ആനകളും റെക്കോർഡ് നിരക്കിലുള്ളതും മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നുണ്ട്. കേരളത്തിലെ കൃഷിയിടങ്ങൾ കൂടുതലും വനമേഖലയോട് ചേർന്നുകിടക്കുന്നവയാണ്. കിഴക്കൻ മലയോര മേഖലയിലാണ് നാണ്യവിളകൾ ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം മൃഗങ്ങളുടെ ആക്രമണത്തിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടാകുന്നത്. ആനയും കാട്ടുപന്നിയുമാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിലുള്ളത്. 2015 മുതൽ 600 ലേറെ പേർ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.


സംസ്ഥാന കൃഷിവകുപ്പിന്റെ പഠനം അനുസരിച്ച് മനുഷ്യ-മൃഗ സംഘർഷം 1,004 ഏക്കർ പ്രദേശത്തുണ്ട്. 2013-14 വർഷത്തിലും 2018-19 വർഷത്തിലുമായി 48,000 കൃഷി നശിപ്പിക്കൽ സംഭവങ്ങളുണ്ടായി. 35 ഫോറസ്റ്റുകളിലും വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ് പഠനം നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ മനുഷ്യ-മൃഗ സംഘർഷം നടക്കുന്നത് നിലമ്പൂർ വടക്ക് (94), വയനാട് തെക്ക് (92), വയനാട് വടക്ക് (70) എന്നീ ഫോറസ്റ്റ് റേഞ്ചുകളിലാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കുന്നത് കാട്ടാനയാണ്. 14,611 കൃഷിനശിപ്പിക്കലിന് കാരണം കാട്ടാനയാണ്. കാട്ടുപന്നി 5,518 കൃഷി നശിപ്പിക്കൽ സംഭവങ്ങളിലും പങ്കാളിയായി. സിംഹവാലൻ കുരങ്ങ് (4,405), പാമ്പ് (2,531) സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. 814 വളർത്തുമൃഗങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.


സംരക്ഷിത വിഭാഗങ്ങളിൽപെടുന്ന മൃഗങ്ങളുടെ എണ്ണം കാട്ടിൽ പെരുകുന്നതും മനുഷ്യ- മൃഗ സംഘർഷത്തിന് കാരണമാണ്. കാട്ടുപന്നിയെ പോലും വേട്ടയാടാൻ നിയമം അനുവദിക്കുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വേട്ടയാടാൻ അനുമതി നൽകിയാൽ ഇവയെ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കാം. കിലോയ്ക്ക് നിശ്ചിത തുക സർക്കാരിലേക്ക് ഈടാക്കിയാൽതന്നെ വലിയ തുക ഖജനാവിലെത്തും. ഇവയുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്യും. കാട്ടിലെ വേട്ട വിലക്കുകയും ചെയ്യാം. പെറ്റുപെരുകുന്ന മൃഗങ്ങളുടെ എണ്ണത്തിൽ ഇത്തരത്തിൽ കുറവുണ്ടാക്കാമെന്ന ആശയങ്ങൾ പലരും മുന്നോട്ടുവയ്ക്കുന്നുണ്ട്. ശാസ്ത്രീയ പരിഹാരമായി നിർദേശിക്കപ്പെടുന്നത് ബഫർ സോണുകളാണ്. ഇതിനുമുണ്ട് എതിർവാദം. മനുഷ്യർ എത്രത്തോളം തീരത്തോട് ഒതുങ്ങുന്നുവോ അത്രയും ദൂരം മൃഗങ്ങൾ അവരുടെ ആവാസവ്യവസ്ഥ വികസിപ്പിക്കുമെന്നാണ് എതിർവാദം. കാട്ടാന നാട്ടിലിറങ്ങുന്നത് തടയാൻ വൈദ്യുതി വേലികളാണ് ഉപയോഗിക്കുന്നത്. ഇതിനായി 620 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി തയാറാക്കിയിരുന്നു. മൃഗങ്ങൾ വേനലിൽ ഭക്ഷണവും വെള്ളവും തേടിയും നാട്ടിലിറങ്ങാറുണ്ട്. കാട്ടിലെ വരൾച്ചയാണ് കാരണം. കാട്ടിനുള്ളിൽ സ്വാഭാവിക കുളം നിർമിച്ചും പച്ചപ്പുണ്ടാക്കിയും സസ്യഭുക്കുകളായ ജീവികളെ ഉൾവനത്തിലേക്ക് ആകർഷിക്കണം. ഇതോടെ മാംസഭുക്കുകളായ ജീവികളും ഉൾവനത്തിലേക്ക് പോവും. കാട്ടിനുള്ളിൽ കുടിവെള്ള സ്രോതസുണ്ടാക്കാനും ഹെലികോപ്ടർ വഴിയോ മറ്റോ ഫലവൃക്ഷങ്ങളുടെയും മറ്റും വിത്തുകൾ വിതറി സസ്യഭുക്കുകൾക്കുള്ള ഭക്ഷണത്തിനുള്ളത് കാട്ടിൽ ലഭ്യമാക്കണം. കാട്ടിനുള്ളിൽ പുൽമേടുകളുണ്ടാക്കിയാൽ മാനുകളുൾപ്പെടെ അവിടേക്ക് നീങ്ങും. ഇരതേടി കടുവകളും മറ്റും ഇവിടെയെത്തും. ഇത്തരം നിർദേശങ്ങളും മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ ഉപകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.