ദുബൈ: കരകാണാ കടലലമേലെ മോഹപ്പൂങ്കുരുവിപറന്ന്…. മലയാളിയുടെ മോഹപ്പൂങ്കുരുവികള്‍ കടല്‍കടക്കുന്നത് കുറയുന്നതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് പ്രധാന കാരണമായ ഗള്‍ഫ് കുടിയേറ്റം കുറയുന്നതായാണ് കണക്കുകള്‍ വെളിവാക്കുന്നത്.
കൊവിഡ് മഹാമാരി വന്നതോടെ ഇതിനുള്ള ആക്കം കൂടുകയും ചെയ്തതായാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം ഏറെ കുറഞ്ഞതായാണ് സൂചിപ്പിക്കുന്നത്.
2015ല്‍ ഏഴര ലക്ഷത്തിലേറെപ്പേര്‍ പ്രവാസികളായപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം 2020ല്‍ അത് 90,000 ആയി ചുരുങ്ങി. ജി.സി.സി രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ വന്നു കൊണ്ടിരുന്നത് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ 2020 ആയതോടെ സൗദി, യു.എ.ഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍,ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രവാസത്തില്‍ മലയാളികള്‍ പിന്നാക്കം പോയി. ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡീസ തുടങ്ങിയ സംസ്ഥാനക്കാരാണ് ഇതില്‍ പിന്നീട് മുന്നിട്ടു നിന്നത്.
2016 കാലഘട്ടത്തില്‍ രാജ്യത്തേക്കുള്ള പ്രവാസി മൊത്തം ധന നിക്ഷേപത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. എന്നാല്‍ ഇപ്പോഴിത് പത്ത് ശതമാനത്തില്‍ താഴേക്ക് പോയിരിക്കയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് 35 ശതമാനത്തിലേക്ക് ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കേരളം, തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ മൊത്തം അയക്കുന്ന വിഹിതം 25 ശതമാനം മാത്രമാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് നടത്തിയ ഒരു സര്‍വേ പ്രകാരം ജി.സി.സി മേഖലയില്‍ നിന്നും രാജ്യത്തേക്കുള്ള പണമയക്കലിന്റെ പങ്ക് 2016-17ല്‍ 50 ശതമാനത്തിലേറെയായിരുന്നത് കുറഞ്ഞ് 2020-21ല്‍ ഏകദേശം 30 ശതമാനമായെന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തു വന്നിരുന്നു.
കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം പരമ്പരാഗത രീതിയില്‍ നിന്നു മാറി പ്രവാസികള്‍ തൊഴില്‍ തേടി അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കൂടിയിട്ടുണ്ട്. നേരത്തെ അഭ്യസ്ഥവിദ്യരും പ്രത്യേക തൊഴിലില്‍ നൈപുണ്യമുള്ളവരും മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരായ തൊഴിലാളികളും ഇവിടങ്ങളിലേക്ക് പരീക്ഷണാര്‍ഥം പോയിത്തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലെ സ്വദേശി വത്കരണവും മലയാളിയെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് നയിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ജീവിതച്ചെലവുകള്‍ ഏറിവരുന്നതും തൊഴില്‍ സാധ്യതകളുടെ പരിമിതിയും മലയാളിയെ വീണ്ടും മറുനാടുകളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുകയാണ്. അതേ സമയം നിര്‍മാണ മേഖലയിലുള്‍പ്പെടെ ശാരീരികാധ്വാനം വേണ്ടിവരുന്ന ദിവസക്കൂലി തൊഴിലാളികളുടെ വേതനം മെച്ചപ്പെട്ട അവസ്ഥയിലായതിനാല്‍ കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണത്തിന് തൊഴിലാളികള്‍ എത്തുന്നുണ്ട
Comments are closed for this post.