2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുവ മലയാളി ശാസ്ത്രജ്ഞക്ക് ബ്രിട്ടണില്‍ അഞ്ച് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് സ്‌കോളര്‍ഷിപ്പ്. ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം അഞ്ച് കോടിക്ക് അടുത്ത തുകയാണ് മലയാളിയായ ജൂണ സത്യന് ലഭിക്കുന്നത്.നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ് പാലാ സ്വദേശിയായ ജൂണ.


യുകെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്‌കോളര്‍ഷിപ്പായി അനുവദിച്ചത്.

വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവര്‍ത്തിക്കുന്ന മെയ്‌സര്‍ ഡിവൈസുകള്‍ വളരെ ചുരുങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു ഇതിന്റെ പരിമിതി. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവര്‍ത്തകരും വികസിപ്പിച്ചെടുത്തത് സാധാരണ മുറിക്കുള്ളിലെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ ഡിവൈസാണ്.

പാലാ അല്‍ഫോന്‍സാ കോളജില്‍നിന്നും ഫിസിക്‌സില്‍ ബിരുദവും സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലായിരുന്നു മെയ്‌സര്‍ ഗവേഷണങ്ങളുടെ തുടക്കം. 2019ലാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായി എത്തിയത്.ഇവിടെയെത്തിയ ജൂണ ക്വാണ്ടം ആന്‍ഡ് മോളിക്കുളാര്‍ ഫോട്ടോണിക്‌സ് റിസര്‍ച്ചിനായി ഒരു സംഘം ഗവേഷകരെ തന്നെ സംഘടിപ്പിച്ചു.

ലോകത്തുതന്നെ മെയ്‌സറുകളുടെ ഗവേഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘമാണിത്. ബ്രിട്ടനില്‍ മെയ്‌സര്‍ റിസര്‍ച്ചിന് സാധ്യതയുള്ള മൂന്നാമത്തെ യൂണിവേഴ്‌സിറ്റിയായി നോര്‍ത്തബ്രിയയെ മാറ്റിയെടുത്തത് ഡോ. ജൂണയാണ്. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ എന്നിവയാണ് സമാനമായ ഗവേഷണ സാധ്യതയുള്ള മറ്റു രണ്ട് യൂണിവേഴ്‌സിറ്റികള്‍.

Content Highlights:Mallu scientist got 5 crore scholorship in britain


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.