2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് മാലിദ്വീപ്; സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി

അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് മാലിദ്വീപ്; സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി

കായംകുളം: എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതിയായ പാര്‍ട്ടി മുന്‍ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിന്‍ സി. രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മാലിദ്വീപിലെത്തിയ അബിന്‍, മാലെ സിറ്റിയിലെ കലഫാനു സ്‌കൂളിലെ അധ്യാപകനായിരുന്നു. മാലെ സിറ്റിക്കടുത്ത് ഹുല്‍ഹുമലെ ദ്വീപിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

അതേസമയം, അബിന്‍ സി. രാജിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അബിന്‍ സി. രാജിനെ ഇന്നലെ അര്‍ധരാത്രിയിലാണ് കായംകുളം പൊലിസ് കസ്റ്റഡിയിലെടുത്തത്. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊച്ചിയിൽ വിമാനമിറങ്ങി; എസ്എഫ്ഐ നേതാവ് അബിൻ സി രാജ് പിടിയിൽ

മുന്‍ എസ് എഫ് ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പൊലിസ് തെളിവെടുപ്പ് നടത്തും.

നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിര്‍ണായക രേഖകളാണ് പൊലീസ് തിങ്കളാഴ്ച കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവില്‍ പോകേണ്ടി വന്നതിനാല്‍ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ കൊടുത്തത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞിരുന്നത്.

പ്രധാന പ്രതിയായ എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനു പിന്നാലെ അബിന്‍ സി. രാജും കസ്റ്റഡിയിലായതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവില്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ക്കും പാര്‍ട്ടി ചുമതലക്കാര്‍ക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖില്‍ കൈമാറിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.