ജിദ്ദ: ഹജ്ജിന് കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശി സ്വദേശിയുടെ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി. പഴയ ഒരു കേസിലെ പുലിവാലാണ് ജിദ്ദയിൽ ഇദ്ദേഹത്തെ തടയാൻ കാരണമെന്നാണ് വിവരം. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോൾ ജവാസാത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹത്തിനു നിർദ്ദേശം നൽകുകയായിരുന്നു.
സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇദ്ദേഹത്തിന് യാതൊരു എമിഗ്രേഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാൽ ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോഴാണ് ജവാസാത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹത്തിനു നിർദ്ദേശം ലഭിച്ചത്. തുടർന്ന് കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് അയച്ച് ഇദ്ദേഹം മുമ്പ് 30 വർഷം ജോലി ചെയ്തിരുന്ന ദമാമിലേക്ക് പോകുകയായിരുന്നു.
എട്ടു വർഷം മുമ്പാണ് ഇദ്ദേഹം ഫൈനൽ എക്സിറ്റിൽ സഊദിയിൽ നിന്ന് പോയത്. അതിന്റെ ആറോ ഏഴോ വർഷം മുമ്പ് ഒരു സിറിയൻ പൗരനുമായി ഒരു തർക്കം ഉണ്ടാകുകയും പോലീസ് സ്റ്റേഷനിൽ പോകുകയും തുടർന്ന് പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. ശേഷം പല തവണ ഇദ്ദേഹം നാട്ടിൽ പോകുകയും ചെയ്തിരുന്നു.
എന്നാൽ, അന്ന് ദമാം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുമ്പോൾ പോലീസ് വാഹനത്തിൽ മദ്യക്കടത്തിനു അറസ്റ്റിലായ ഒരു നേപാളി പൗരൻ ഉണ്ടായിരുന്നതായി ഇദ്ദേഹം ഓർക്കുന്നുണ്ട്. പ്രസ്തുത കേസിൽ അബദ്ധവശാൽ ഇദ്ദേഹത്തിന്റെ പേരും കൂടെ ചേർത്തതായിരിക്കാം പിന്നീട് യാത്രാ വിലക്കിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ഇനി ഡിപോർട്ടേഷൻ സെന്ററിൽ ഹാജരായി ഒരു പക്ഷേ 80 അടി ശിക്ഷ ഏറ്റ് വാങ്ങിയാൽ നാട്ടിലേക്ക് പോകാൻ സാധിച്ചേക്കും എന്നാണ് സമൂഹിക പ്രവർത്തകർ കരുതുന്നത്.
Comments are closed for this post.