2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഓവര്‍ ഡ്രാഫ്റ്റില്‍എങ്ങനെ ഓണമുണ്ണും


കാണം വിറ്റും ഓണമുണ്ണണമെന്നത് പഴയൊരു ചൊല്ലാണ്. കാണം വിറ്റാലും ഇക്കുറി ഓണമുണ്ണാനാകുമോ എന്നത് കണ്ടറിയണം. അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും തീവിലയുമാണ് മലയാളിയുടെ നെഞ്ചിടിപ്പേറ്റുന്നത്. അരിയാഹാരമില്ലാത്ത ഒരു ദിവസംപോലും നമുക്ക് ആലോചിക്കാന്‍ കഴിയില്ല. എന്നിട്ടും നെല്ലുല്‍പ്പാദനത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലും. 1970കളില്‍ എട്ടു ലക്ഷം ഹെക്ടറായിരുന്നു കേരളത്തിലെ നെല്‍വയല്‍ വിസ്തൃതി. 2000ല്‍ ഇത് രണ്ട് ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. അരി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാവാത്ത കേരളം ഇക്കാലമത്രയും ആശ്രയിച്ചുവരുന്നത് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെയാണ്. ഓണവിപണി ലക്ഷ്യമാക്കി അരി എത്തിക്കാന്‍ ഈ സംസ്ഥാനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നു പോലും ലഭിക്കാതെ വിയര്‍ക്കുകയാണ് സപ്ലൈകോ. ലഭിച്ച ക്വട്ടേഷനുകളാകട്ടെ പൊതുവിപണയിലേതിനേക്കാള്‍ ഏറെ ഉയര്‍ന്നതും. ഭാരിച്ച കടത്താല്‍ നട്ടംതിരിയുന്ന സപ്ലൈകോയെ ഈ ടെന്‍ഡറുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിയിടുമെന്നുറപ്പ്. പച്ചക്കറികള്‍ക്കൊപ്പം പൊതുവിപണിയില്‍ അരിക്കും വില കുതിക്കുമെന്നതിന്റെ സൂചനയാണ് സപ്ലൈകോയ്ക്ക് ലഭിച്ച ടെന്‍ഡറുകള്‍.


23,510 ടണ്‍ അരിക്കാണ് സപ്ലൈകോ ഇ- ടെന്‍ഡര്‍ ക്ഷണിച്ചത്. ഏകദേശം 2351 ലോഡ് വരുമിത്. എന്നാല്‍, 7332 ടണ്ണിന്റെ ക്വട്ടേഷന്‍ മാത്രമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും 16,233 ടണ്‍ അരിയുടെ കുറവ്. മലയാളിക്ക് ഏറെ പ്രിയമുള്ള ജയ അരിക്കാണ് കടുത്ത ക്ഷാമം. ആന്ധ്രയില്‍നിന്നാണ് പ്രധാനമായും ജയ എത്തുന്നത്. 15,540 ടണ്‍ ജയ അരി ചോദിച്ചെങ്കിലും ക്വട്ടേഷന്‍ വന്നത് 5000 ടണ്ണില്‍ താഴെ. മട്ട, സുരേഖ ഇനങ്ങള്‍ക്കും കടുത്ത ക്ഷാമവും വന്‍വിലയുമാണ്. 7898 ടണ്‍ മട്ട ഉണ്ട അരിക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ചത് 5626 ടണ്ണിന്റെ ക്വട്ടേഷനാണ്. 67 ടണ്‍ സുരേഖ അരി ചോദിച്ചപ്പോള്‍ കിട്ടിയതാകട്ടെ 25 ടണ്ണിന്റെ ക്വട്ടേഷനും. 40 മുതല്‍ 56 രൂപ വരെയാണ് വിവിധ ഇനങ്ങള്‍ക്ക് മില്ലുടമകള്‍ നിശ്ചയിച്ച വില. ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്ന അരി എത്ര രൂപയുടെ സബ്‌സിഡി നിരക്കില്‍ കൊടുത്താലാണ് സാധാരണക്കാര്‍ക്ക് വാങ്ങാനാവുകയെന്നതും സപ്ലൈയ്‌കോയെ കുഴയ്ക്കുന്ന കാര്യമാണ്.
പച്ചരി, ബിരിയാണി അരി എന്നിവയുടെ കാര്യത്തിലാണ് അല്‍പം ആശ്വാസമുള്ളത്. രാജ്യത്ത് അരിവില ഓരോ ദിവസവും കുതിക്കുകയാണ്. ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ അരിവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 20 രൂപയിലേറെയാണ് രണ്ടുവര്‍ഷത്തിനിടെ വര്‍ധിച്ചത്.


മുന്‍പ് ആന്ധ്രയിലേക്കു പ്രത്യേക സംഘത്തെ അയച്ചതായും കേരളത്തിനുവേണ്ടി കൃഷിയിറക്കാന്‍ അവര്‍ സമ്മതിച്ചെന്നൊക്കെ പറയുകയും ചെയ്തിരുന്നു. അതൊക്കെ വെറും വാക്കായിരുന്നോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല. കേരളത്തിലെ നെല്ലുസംഭരണത്തിന്റെ കാര്യത്തിലാകട്ടെ ആശയക്കുഴപ്പമൊഴിഞ്ഞൊരു നേരമില്ല.
അരിക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഒ.എം.എസ്.എസ്) വഴി കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാനുള്ള സാധ്യതകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്.


ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബംഗാള്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതേ സ്‌കീം വഴി അരി നല്‍കാന്‍ മൊത്തവിതരണക്കാരില്‍ നിന്ന് എഫ്‌.സി.ഐ ടെന്‍ഡര്‍ ക്ഷണിച്ചിട്ടു ദിവസങ്ങളായി. ഈ സംസ്ഥാനങ്ങളിലെ എഫ്‌.സി.ഐ ഡിപ്പോകളില്‍ സംഭരിച്ചിട്ടുള്ള അരി അതതു സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് ഈ സ്‌കീം വഴി നല്‍കുക.അത്തരത്തിലുള്ള ഒരു നീക്കവും സംസ്ഥാന ഭക്ഷ്യവകുപ്പില്‍നിന്ന് ഉണ്ടാകാത്തത് നിരുത്തരവാദപരം തന്നെ. സാധാരണക്കാര്‍ക്കു മനസ്സിലാകാത്ത ‘മൊത്തവിലസൂചിക’യും ‘ഉപഭോക്തൃ വിലസൂചിക’യും ശതമാനക്കണക്കുകളുമൊക്കെ പറഞ്ഞ് അവശ്യവസ്തുക്കളുടെ വിലക്കയറ്റം മറച്ചുവയ്ക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം.


രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് ആലോചന. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ 500 കോടി രൂപയാണ് ഖജനാവില്‍നിന്നെടുത്തത്. കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നതോടെ ഇത്തവണ കിറ്റിന് 558 കോടി രൂപയെങ്കിലും വേണ്ടിവരും. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് ഒഴിവാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകളും വരുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓണം അഡ്വാന്‍സ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ഉള്ള തീരുമാനത്തിലേക്ക് ധനവകുപ്പിനെ എത്തിച്ചിരിക്കുന്നത്. 8000 കോടി രൂപയോളമാണ് ഓണച്ചെലവുകള്‍ക്കു വേണ്ടിവരിക. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കത്തു നല്‍കിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സാന്പത്തിക പ്രതിസന്ധി ഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഒാവർഡ്രാഫ്റ്റിലാണ്. ഖജനാവിൽ ചില്ലക്കാശില്ലാത്തതിനാൽ നിത്യനിദാന വായ്പയെടുത്താണ് സർക്കാർ മുന്നോട്ടുപോവുന്നത്.


ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും ഓണം വാരാഘോഷത്തിന് സര്‍ക്കാര്‍ പൊടിക്കുന്നതു കോടിക്കണക്കിന് രൂപയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ധനപ്രതിസന്ധിയെന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം നാട്ടുകാരോട് പറയുന്നതിനേക്കാള്‍ നല്ലതാണ് ധൂര്‍ത്തുകള്‍ കുറച്ച് മുണ്ടു മുറുക്കിയുടുക്കാന്‍ ശീലിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.