2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹാജിമാർക്ക് സേവനമൊരുക്കി മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങളും സജീവമായി, വിഖായയും പുണ്യഭൂമിയിൽ സജീവം

മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാനായി ഹാജിമാരുടെ സംഘങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവർക്ക് സഹായമേകാൻ മലയാളി വളണ്ടിയർ സംഘങ്ങളും മദീനയിൽ സജീവമായി. മക്കയിലും മദീനയിലും ഉൾപ്പെടെ ഇരു ഹറമുകളിലും മലയാളി വളണ്ടിയർമാരുടെ കൂടുതൽ സാന്നിധ്യം ഇത്തവണയും സജീവമായി തന്നെ ഉണ്ടാകും. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹജ്ജ് വളണ്ടിയർ സംഘങ്ങൾ ജിദ്ദ ഹജ്ജ് കോൺസുലേറ്റിന്റെ നിർദേശങ്ങൾ പാലിച്ച് ചിട്ടയായ പ്രവർത്തനങ്ങൾ ആണ് കാഴ്ച വെക്കുന്നത്.

ഇന്ത്യൻ ഹാജിമാർ ഇപ്പോൾ എത്തുന്ന മദീനയിൽ ഹാജിമാരെ സ്വീകരിക്കാൻ ചെറുതും വലുതുമായ പ്രവാസി സംഘടനകളും കൂട്ടായ്മകളും സജീമായി തന്നെ രംഗത്തുണ്ട്. ഇത്തവണ ഇന്ത്യൻ വളണ്ടിയർമാരുടെ സേവനം ഹജ്ജ് മിഷനും സജീവമായി ഉപയോഗപ്പെടുത്തും. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ഹാജിമാരാണ് ഇത്തവണയെത്തുന്നത്. അതിനാൽ തന്നെ സംഘടന വളണ്ടിയർമാരുടെ സേവനം ഹജ്ജ് മിഷനും ഏറെ സഹാകരമാകും. സമസ്ത ഇസ്‌ലാമിക് സെന്റർ എസ് ഐ സി യുടെ കീഴിൽ വിഖായ വളണ്ടിയർ സംഘവും മദീനയിൽ സജീവമായി രംഗത്തുണ്ട്. മദീനയിലെ സേവനത്തിനു പുറമെ ഹാജിമാർ മക്കയിൽ എത്തുന്ന വേള മുതൽ വിഖായ പ്രവർത്തകർ മക്കയിലും പരിസരങ്ങളിലും സജീവമാകുമെന്നും അതിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായികൊണ്ടിരിക്കുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ സുപ്രഭാതത്തോട് പറഞ്ഞു. വിഖായ നാഷണൽ കമ്മിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.

രണ്ടായിരത്തോളം വളണ്ടിയർമാരെ രംഗത്തിറക്കാനാണ് കെഎംസിസിയുടെ തീരുമാനം. ഏറ്റവും കൂടുതൽ സന്നദ്ധ സേവകരെ ഇറക്കുന്നതും കെഎംസിസിയാണ്. ഹജ്ജവസാനിക്കും വരെ സേവനം തുടരും. കൂടാതെ, ഹജ്ജ് വെൽഫയർ ഫോറം, മറ്റു സംഘടനകളുടെ വിംഗുകളും സജീവ സാന്നിധ്യമായി രംഗത്തുണ്ടാകും. സേവനങ്ങൾക്കായി മലയാളി സംഘങ്ങൾ രംഗത്തിറങ്ങുന്നത് മലയാളി ഹാജിമാർക്ക് ഏറെ ഗുണം ചെയ്യും.

ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമുള്ളത്: ആലിക്കുട്ടി മുസ്‌ലിയാർ

മദീനാ മുനവ്വറ: എല്ലാം അല്ലാഹുവിൽ സമർപ്പിച്ചെത്തുന്ന ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമാണെന്ന് സമസ്ത ജനറൽ സിക്രട്ടറി ആലികുട്ടി ഉസ്താദ് പറഞ്ഞു. മദീനയിൽ വിഖായയുടെ സഊദി നാഷണൽതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുഞ്ഞ അദ്ദേഹം. പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, മക്ക, മദീന എന്നിവിടങ്ങളിൽ ഹജ് ദിനങ്ങളിലാണ് നാം സേവനമനുഷ്ഠിക്കുന്നത് എന്നത് വലിയ അനുഗ്രഹമാണ്. ഇരു ലോകവും വിജയിപ്പിച്ചെടുക്കാൻ ഇതുപോലൊരു അവസരം വേറെ കിട്ടിയെന്നു വരില്ല. നല്ല നിയ്യത്തോടു കൂടി ഇറങ്ങുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും മദീനയിൽ ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സൈതു ഹാജി മുന്നിയൂർ ഉൽഘാടനം ചെയ്തു. ഇബാഹിം ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിം സംസ്ഥാന സിക്രട്ടറി ഹസ്സൻ കുട്ടി മൗലവി മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ ഫൈസി, അശറഫ് അഴിഞ്ഞിലം, സുലൈമാൻ ഹാജി, അബ്ദുള്ള ദാരിമി, എം കെ മുഹമ്മദ് വിളക്കോട് പ്രസംഗിച്ചു. ഓർഗ്ഗനൈസിങ്ങ് സിക്രട്ടറി അശ്റഫ് തില്ലങ്കേരി സ്വാഗതവും ട്രഷർ അശ്കർ കുറ്റാളൂർ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.