2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മലയാളസര്‍വകലാശാലയ്ക്ക് പുതിയ ലൈബ്രറി മന്ദിരം; ശിലാസ്ഥാപനം ജൂണ്‍ 11 ന്

അത്യാധുനിക സജ്ജീകരണങ്ങളുമായി മലയാളസര്‍വകലാശാല നിര്‍മിക്കുന്ന ലൈബ്രറി – ഗവേഷണ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ജൂണ്‍ 11 ന് 9.30 ന് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ-ഗ്രാമവികസന വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും.  സി. മമ്മുട്ടി എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നീസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. നസറുള്ള, വാര്‍ഡ് അംഗം നൂര്‍ജഹാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  

ഗവേഷണ കോഴ്‌സുകള്‍ കൂടി ആരംഭിച്ച സാഹചര്യത്തില്‍ ലൈബ്രറി വിപുലപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.  പതിനായിരം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 50000 പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി  പ്രത്യേകം റീഡിംഗ് റൂമുകള്‍, ആനുകാലികങ്ങളും പത്രങ്ങളും ഡിസ്‌പ്ലേ ചെയ്യാനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കും.  ഡിജിറ്റല്‍ ലൈബ്രറി, നിലവില്‍ അച്ചടിയില്ലാത്ത പുസ്തകങ്ങളുടെ പ്രത്യേക വിഭാഗം, ഇ-ബുക്ക്, ഇ-ജര്‍ണല്‍ വിഭാഗങ്ങള്‍ എന്നിവ ലൈബ്രറിയുടെ പ്രത്യേകതയായിരിക്കും.  പൊതുജനങ്ങള്‍ക്കും ലൈബ്രറി സൗകര്യം ലഭ്യമാക്കും.  

മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ബിരുദധാരികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ലൈബ്രറി പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കും.  മൂന്നു മാസംകൊണ്ട് പണി പൂര്‍ത്തിയാകും.  1.78 കോടി രൂപ മതിപ്പു തുക പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് നിര്‍മാണച്ചുമതല  FACT RCF ബില്‍ഡിംഗ് പ്രോഡക്ട് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ്.

പരിസ്ഥിതി നാശം: ദേശീയ സെമിനാര്‍ എട്ടിന്

തിരൂര്‍: പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ദ  തേഡ് കര്‍വ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് ഡയറക്ടര്‍  ഡോ. കെ.പി. കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.  

പഞ്ചായത്ത്‌രാജ് സംവിധാനത്തെക്കുറിച്ച് ടി. ഗംഗാധരന്‍ പ്രസംഗിക്കും.  ജൂണ്‍ 9 ന് പ്രൊഫ. പി. ഷാഹിന (കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി) അജയകുമാര്‍ (ഡയറക്ടര്‍ റൈറ്റ്‌സ്, തിരുവനന്തപുരം), പരിസ്ഥിതി പ്രവര്‍ത്തകയായ എം. സുചിത്ര, ഡോ. ടി.വി. സുനിത (ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ജി. സാജന്‍ (ഡെ. ഡയറക്ടര്‍, ദൂരദര്‍ശന്‍ കേന്ദ്രം, തിരുവനന്തപുരം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  സമാപന ദിവസമായ ജൂണ്‍ 10 ന് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം നടക്കും.  ഡോ. കെ. ഗിരീശന്‍, ഡോ. അനില്‍ വര്‍മ, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നിരീക്ഷകരായിരിക്കും.

സിവില്‍ സര്‍വീസ് പരിശീലനം
പ്രമുഖ ഉദ്യോഗസ്ഥര്‍ നയിക്കും

ഭാഷാസര്‍വകലാശാലയുടെ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസില്‍ എത്തിക്കാനുദ്ദേശിച്ചുകൊണ്ട് ജൂണ്‍ 8, 9, 10 തിയതികളില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഡയറക്ടറായി പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. എട്ടിന് കാലത്ത് പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.  പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരികിഷോര്‍, ഐ.എ.എസ്., കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ഐ.എ.എസ്., കണ്ണൂര്‍ ജില്ലാ കലക്ടര്‍ ബാലകിരണ്‍, ഐ.എ.എസ്., തിരൂര്‍ സബ് കലക്ടര്‍ ആദില അബ്ദുള്ള, ഐ.എ.എസ്., പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജേക്കബ് മാലിക്ക്, ഐ.എ.എസ്., തൃശൂര്‍ സബ് കലക്ടര്‍ ഹരിത വി. കുമാര്‍, ഐ.എ.എസ്. എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

പുസ്തക പ്രകാശനം
അക്കാദമി ഹാളില്‍

മലയാളസര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന  ‘ചരിത്രം രീതിശാസ്ത്രപഠനങ്ങള്‍’ എന്ന പുസ്തകം ജൂണ്‍ 15 ന് 4 മണിക്ക് കേരള സാഹിത്യഅക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. വെളുത്താട്ട് കേശവന്‍ പ്രകാശനം ചെയ്യും.  സുപ്രസിദ്ധ ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍ രചിച്ച ഗ്രന്ഥം സംസ്‌കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ എന്‍.ജെ. ഫ്രാന്‍സിസ് ഏറ്റുവാങ്ങും.  കോഴിക്കോട് ഗവ: ആര്‍ട്‌സ് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകനായ ശ്രീജിത്ത് പുസ്തകം പരിചയപ്പെടുത്തും. സര്‍വകലാശാല ആരംഭിച്ച പ്രമാണഗ്രന്ഥപരമ്പരയിലെ ആദ്യ പുസ്തകമാണിത്.

ചന്തുമേനോന്‍ സ്മാരക പ്രഭാഷണം

മലയാളസര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ചന്തുമേനോന്‍ സ്മാരക പ്രഭാഷണം ജൂണ്‍ 16 ന് 10 മണിക്ക് പ്രശസ്ത നിരൂപകന്‍ ഡോ. വി. രാജകൃഷ്ണന്‍ നിര്‍വഹിക്കും.  ‘നോവല്‍: ആഖ്യാനകലയുടെ അടരുകള്‍’ എന്ന വിഷയത്തിലാണ് പ്രഭാഷണം.  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.