
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യപാനികളുള്ള ജില്ല മലപ്പുറമെന്ന് ദേശീയ സര്‍വേ. എന്നാല്‍, മദ്യപാനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളമെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിലെ 18.7 ശതമാനം പുരുഷന്മാരും നഗര മേഖലയിലെ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണെന്ന് സര്‍വേ പറയുന്നു. ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി 18.8 ആണെങ്കില്‍ കേരളത്തിലിത് 19.9 ആണെന്നും സര്‍വേയിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് 7.7 ശതമാനം പുരുഷന്മാര് മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍. ഇവിടെ 29 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണ്. 0.2 ശതമാനം മാത്രമാണ് സ്ത്രീകളുടെ മദ്യപാനം. മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 27.4 ശതമാനം പുരുഷന്മാരും 0.6 ശതമാനം സ്ത്രീകളുമാണ് മദ്യപിക്കുന്നത്. തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്ന് കുടുംബാരോഗ്യ സര്‍വേ പറയുന്നു.
ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ജില്ല വയനാടാണ്. ഇവിടെ 1.2 ശതമാനം സ്ത്രീകളാണ് മദ്യപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവരുള്ള രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഛത്തിസ്ഗഡ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാട് ഇല്ലെങ്കിലും വ്യാജ മദ്യംകഴിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് തമിഴ്നാട്ടിലാണ്.