
മലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകനും സി.പി.എം നേതാവുമായ കെ.വി.ശശികുമാര്‍ റിമാന്‍ഡില്‍. മഞ്ചേരി പോക്സോ കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴാം ദിവസമാണ് കെ.വി.ശശികുമാറിനെ അറസ്റ്റ് ചെയ്യാനായത്.
മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്നുതവണ നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി മീടൂ ആരോപണം ഉന്നയിച്ചത്. ഇതോടെയാണ് വിവാദം കത്തിയത്. വിദ്യാര്‍ഥിനിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇരകളായ മറ്റു വിദ്യാര്ഥികളുമെത്തിയതോടെ പരാതി കടുത്തു.
അതേ സമയം മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാറിനെ ഇന്നലെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മോശം ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന പരാതിയുമായി ഇയാള്‍ക്കെതിരെ നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിയെ സമീപിച്ചിരുന്നു.
വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശശികുമാറിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസെത്തി കസ്റ്റഡിയിലെടുത്തത്.