2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുക്തിവാദികള്‍ മലിനപ്പെടുത്തിയ അന്തരീക്ഷത്തെ ശുദ്ധീകരിക്കേണ്ടത് പ്രബോധകന്റെ ബാധ്യത: അബ്ബാസലി ശിഹാബ് തങ്ങള്‍

   

മലപ്പുറം: സ്രഷ്ടാവായ അല്ലാഹു തന്റെ സൃഷ്ടികളോട് കാണിക്കുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഗമായി സംവിധാനിച്ച നിയമങ്ങളെ വില കുറഞ്ഞ യുക്തി കൊണ്ട് അളക്കുന്നത് വിവരം കുറഞ്ഞവരില്‍ നിന്ന് സംഭവിക്കുന്ന പ്രതിഭാസമാണെന്നും തികഞ്ഞ പാണ്ഡിത്യവും യുക്തിയും ബുദ്ധിയും സമ്മേളിച്ച പ്രതിഭാശാലികളെല്ലാം സ്രഷ്ടാവിന്റെ നിയമങ്ങള്‍ക്ക് വിധേയരായി ജീവിതത്തെ ക്രമീകരിച്ചവരായിരുന്നുവെന്നും സുന്നി യുവജന സംഘം ജില്ല പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സുന്നി യുവജന സംഘം, ദാരിമീസ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ യുക്തിവാദം, മത നിരാസം എന്ന വിഷയത്തില്‍ മലപ്പുറം സുന്നി മഹല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ തുറന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിവാദികള്‍ മലിനപ്പെടുത്തിയ അന്തരീക്ഷത്തെ ശുദ്ധി ചെയ്യുന്ന പ്രബോധകര്‍ ശൈഖുനാ ശംസുല്‍ ഉലമയെ മാതൃകയാക്കണമെന്നും മത നിരാസത്തിലേക്ക് നീങ്ങുന്ന യുവതയെ സത്യം മാത്രം പറഞ്ഞ് ശരിയായ ദിശ കാണിച്ചു കൊടുക്കല്‍ പുതിയ പ്രബോധകരുടെ ബാധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു.

സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ദാരിമി വളരാട് ആമുഖഭാഷണം നടത്തി. അബദ്ധ ജഡില വാദങ്ങളിലൂടെ മനുഷ്യ സംസ്‌കാരങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന നവീനാശയക്കാര്‍ക്കെതിരെ പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്തുണയോടെയുള്ള പ്രബോധനത്തിനും സംവാദത്തിനും നേതൃത്വം നല്‍കുന്ന പ്രമുഖ സുന്നി പണ്ഡിതന്‍ ശുഐബ് ഹൈത്തമിയെ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ചടങ്ങില്‍ ആദരിച്ചു.

ശുഐബുല്‍ ഹൈത്തമി വിഷയാവതരണം നടത്തി. സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാത്ഥന നടത്തി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം, കെ. എ. റഹ്മാന്‍ ഫൈസി കാവനൂര്‍, യു. മുഹമ്മദ് ശാഫി ഹാജി, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, എം.ടി അബൂബക്കര്‍ ദാരിമി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, കബീര്‍ ദാരിമി കോട്ടക്കല്‍, ഉമര്‍ ദാരിമി പുളിയക്കോട്, സ്വാലിഹ് ദാരിമി പൂക്കോട്ടൂര്‍, അബ്ദുല്ല ദാരിമി വെള്ളില, പി.കെ ലത്തീഫ് ഫൈസി, കെ.എം കുട്ടി എടക്കുളം, പ്രസംഗിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.