കുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം ഉപയോഗിക്കാതെ എളുപ്പത്തിനായി പാളം കുറിച്ചു കടക്കുന്നവരുടെ ശ്രദ്ധക്ക്. അപകട സാധ്യതയ്ക്കു പുറമേ നിങ്ങള്‍ക്കു മേല്‍ പിടിവീഴും. പിഴയായി ആയിരം രൂപയും. ഇന്നുമുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്ടിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. ആറു മാസംവരെ തടവു ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപവരെ പിഴയും ഈടാക്കാം.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷിനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളില്‍ പലരും ഒന്നാം പ്ലാറ്റ്‌ഫോമിലെത്താന്‍ മേല്‍പാലം ഉപയോഗിക്കാതെ റെയില്‍വേ പാളം മറികടക്കുന്ന സാഹചര്യത്തിലാണ് ആര്‍പിഎഫ് കര്‍ശന പരിശോധന നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് സിഐ ക്ലാരി വത്സ, എസ്‌ഐ പി.വി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലടക്കം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഏതാനും ദിവസം മുന്‍പുണ്ടായ സംഭവമാണ് ആര്‍പിഎഫിനെ ഇത്തരത്തില്‍ കര്‍ശന പരിശോധന നടത്താന്‍ പ്രേരിപ്പിച്ചത്.
കോഴിക്കോട്–ഷൊര്‍ണൂര്‍ പാസഞ്ചറില്‍ എത്തിയ വിദ്യാര്‍ഥികള്‍ റെയില്‍വേ പാളത്തിലൂടെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് കടന്നുവന്നത്. വിവിധ ട്രാക്കുകളിലായി ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി ചിതറിയോടി. പലരും തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആര്‍പിഎഫ് സംഘം വിവിധ കോളജുകളിലെത്തി പ്രിന്‍സിപ്പല്‍മാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ 4 യാത്രക്കാരെ പിടികൂടി പിഴയിട്ടിരുന്നു. ഇന്നുമുതല്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങുന്ന മുഴുവന്‍ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.
Comments are closed for this post.