തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി പിടിയിൽ. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കേസിലെ പ്രതിയെ ഒരു വർഷത്തിനിപ്പുറം പിടികൂടുകയായിരുന്നു. ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലിസ് പിടികൂടിയത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയിലാണ് ഇയാളുടെ സംഘം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ മാർച്ച് രണ്ടാം തിയതിയാണ് കാറിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിലായത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ മതിക്കുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആയിരുന്നു ഇപ്പോൾ പിടിയിലായ സുബ്ബറാവു. കൊരട്ടി എസ്.ഐ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രപ്രദേശില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ കേരള പൊലിസ് ആന്ധ്രയിലെത്തിയിരുന്നു. എന്നാൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി ഈ സമയത്തെല്ലാം ഇയാൾ രക്ഷപ്പെടുകയായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിയെ പിടികൂടുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്നാൽ നിരന്തരമായ ശ്രമത്തിനൊടുവിൽ പ്രതിയെ മാവോയിസ്റ്റ് മേഖലയിൽ വെച്ച് തന്നെ പൊലിസ് പിടികൂടുകയായിരുന്നു. ആന്ധ്ര പൊലിസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ പോയി കസ്റ്റിഡയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് പണം നല്‍കുന്നവരും, ഇടനിലക്കാരുമടക്കം ആകെ ഒന്‍പതുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ആന്ധ്രയിൽ നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണ് കില്ല സുബ്ബറാവു.
Comments are closed for this post.