മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളില്‍ പ്രധാനപ്പെട്ടതാണ് ഥാര്‍. ലൈഫ് സ്റ്റൈല്‍ എസ്.യു.വി വിഭാഗത്തില്‍ മറ്റ് കമ്പനികളുടെ മോഡലുകള്‍ ലഭ്യമാണെങ്കിലും ഥാറിന്റെ മേല്‍ക്കൈക്ക് മങ്ങലേല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. നിലവിലെ ബുക്കിങ്ങ് കണക്കുകള്‍ പ്രകാരം 2023 നവംബര്‍ മാസം വരെ ഏകദേശം 76,000 ഓപ്പണ്‍ ബുക്കിങ്ങുകളാണ് ഥാറിന് ലഭിച്ചിരിക്കുന്നത്. വാഹനത്തിന്റെ മൂന്ന് ഡോര്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്.
ഓരോ മാസവും ശരാശരി പതിനായിരത്തോളം ബുക്കിങ്ങുകള്‍ ഥാറിന്റെ മൂന്ന് ഡോര്‍ പതിപ്പിന് ലഭിക്കുന്നുണ്ട്. ബുക്കിങ്ങുകള്‍ കുമിഞ്ഞുകൂടുന്നത് കൊണ്ട് തന്നെ വാഹനം ഉടമസ്ഥരുടെ കൈയ്യില്‍ ലഭിക്കാനും കാലതാമസം എടുക്കും. ബുക്കിങ്ങ് ചെയ്ത ശേഷം ഒന്നര വര്‍ഷത്തോളം കാത്തിരുന്നാല്‍ മാത്രമാണ് നിലവില്‍ വാഹനം ഉടമസ്ഥരുടെ കൈകളിലേക്ക് എത്തുക. എന്നാല്‍ പെട്രോള്‍ വേരിയന്റുകളാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ഉടമസ്ഥര്‍ക്ക് വാഹനം ലഭിക്കും.
വന്‍തോതിലുള്ള ബുക്കിങ് മൂലം ഉടമസ്ഥരുടെ പക്കലേക്ക് വാഹനം വൈകിയെത്തുന്നത് മറികടക്കാനുള്ള പദ്ധതികളിലേക്ക് മഹീന്ദ്ര കടന്നിട്ടുണ്ട്. പ്രതിമാസം അയ്യായിരത്തോളം യൂണിറ്റ് ഥാര്‍ യൂണിറ്റുകളാണ് മഹീന്ദ്ര ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.
വാഹനത്തിന്റെ 5 ഡോര്‍ പതിപ്പിന്റെ നിര്‍മ്മാണത്തിലേക്ക് കടന്ന കമ്പനി വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. അടുത്ത വര്‍ഷത്തോടെ വാഹനത്തിന്റെ 5 ഡോര്‍ വേരിയന്റ് മാര്‍ക്കറ്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:Mahindra Thar has 76000 open bookings Will take 14 months to clear backlog
Comments are closed for this post.