2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര: പണ്ഡിത ശ്രഷ്ഠരുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

അഞ്ചര പതിറ്റാണ്ടിലേറെക്കാലം ദര്‍സീ രംഗത്ത് പ്രശോഭിച്ച് നിന്ന് അനേകായിരം ശിഷ്യഗണങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കിയ പ്രസിദ്ധ പണ്ഡിതനും കടമേരി റഹ്‌മാനിയ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പളുമായിരുന്ന പുല്ലാര മാഹിന്‍ ബാഖവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ആധുനികതയുടെ ആഡംബരങ്ങളില്‍ നിന്നകലം പാലിച്ച് തന്റെ ജീവിത സപര്യ മുഴുവന്‍ തഅലീമിലും തദ് രീസിലുമായി കഴിച്ചുകൂട്ടിയ അദ്ദേഹത്തിന്റെ ജീവിതം കേരള മുസ്ലിം സമൂഹത്തിന് എക്കാലത്തും വെളിച്ചവും ഉദാത്ത മാതൃകയുമാണ്.

പുല്ലാര പേരാപ്പുറത്ത് കീഴ്വീട്ടില്‍ അലവി ഹാജി, ബിരിയുമ്മ ദമ്പതികളുടെ മകനായി ജനിച്ച മാഹിന്‍ മുസ്്ലിയാര്‍ പ്രശസ്ത പണ്ഡിതന്‍ പുല്ലാര കെ പി അഹമ്മദ് കുട്ടി മുസ്്ലിയാരുടെ പുല്ലാര ദര്‍സിലൂടെയാണ് മതപഠന രംഗത്തേക്ക് പ്രവേശിക്കുന്നത്.അതിനുശേഷം കേരളത്തിലെ വിവിധ ദര്‍സുകളില്‍ പ്രഗല്‍ഭ മുദരിസുമാര്‍ക്കു കീഴില്‍ ഓതി പഠിച്ച ഉസ്താദ് 1973ല്‍ തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം നേടി.അന്നത്തെ വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളും തലമുറകളുടെ ഗുരുവര്യരുമായ അബ്ദുറഹ്‌മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്്ലിയാര്‍്, പുല്ലാര കെ.പി അഹമ്മദ് കുട്ടി മുസ്ലിയാര്‍്,ചാവക്കാട് യൂസുഫ് മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരായിരുന്നു.കേരളത്തിലെ പഴയകാല പണ്ഡിതരില്‍ പലരും അദ്ദേഹത്തിന്റെ ബാഖിയാത്തിലെ സഹപാഠികള്‍ കൂടിയായിരുന്നു.ബാഖിയാത്തിലെ പഠനത്തിനുശേഷം തദ്രീസ് രംഗത്തേക്കിറങ്ങിയ മാഹിന്‍ മുസ്ല്ിയാര്‍ മുതിരിപ്പറമ്പ് മഹല്ലില്‍ മുദരിസായി ചാര്‍ജ് ഏറ്റെടുത്ത് 24 വര്‍ഷത്തോളം അവിടെ സേവനമനുഷ്ടിച്ചു.പിന്നീട് കക്കാട് ,വീമ്പൂര്‍, അറവങ്കര പള്ളിപ്പടി, വള്ളുവമ്പ്രം എന്നിവിടങ്ങളില്‍ മുദരിസായും തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ അധ്യാപകനായും സേവനം ചെയ്തു.അവസാനം എട്ടുവര്‍ഷത്തോളം കടമേരി റഹ്‌മാനിയ അറബിക് കോളജ് വൈസ്പ്രിന്‍സിപ്പലായിരുന്നു.

മുതഅല്ലിമായിരിക്കുന്ന കാലത്തുതന്നെ ഇബാദത്തുകളിലും മറ്റു ദീനീ കാര്യങ്ങളിലും ശക്തമായ കണിശതയും കൃത്യനിഷ്ഠയും പുലര്‍ത്തി പോന്നിരുന്ന മാഹിന്‍ മുസ്ലിയാര്‍ ഒരു സാത്വിക ജീവിതമായിരുന്നു അന്നു മുതലേ നയിച്ചിരുന്നത്.കിതാബോത്ത് ഒരു ജീവിത വ്രതമായി കൊണ്ടുനടന്നിരുന്ന മഹാനവര്‍കള്‍ ഒഴിവുസമയങ്ങളെല്ലാം കിതാബ് മുത്വാലഅ ചെയ്യാനായിരുന്നു വിനിയോഗിച്ചിരുന്നത്.എത്ര അറിയുന്ന വിഷയമാണെങ്കില്‍ പോലും മുത്വാലഅ ചെയ്യാതെ ഒരു സബ്ഖു പോലും അദ്ദേഹം എടുക്കാറുണ്ടായിരുന്നില്ല.ഭാവിയില്‍ മുദരിസുമാരായാല്‍ മുത്വാലഅ ചെയ്യാതെ സബ്‌ഖെടുക്കരുതെന്ന് ഉസ്താദ് ശിഷ്യന്മാരോട് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ഹദീസ്, കര്‍മ്മശാസ്ത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വലിയ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

തനിക്ക് കീഴില്‍ പഠിക്കുന്ന കുട്ടികളെല്ലാം ഉഖ്‌റവിയായ മുതഅല്ലിമീങ്ങളും മുഅല്ലിമീങ്ങളും ആയിത്തീരണമെന്ന് അതിയായി ആഗ്രഹിച്ചു.അതിനാല്‍ മുതഅല്ലിമീങ്ങളിലെ അദബിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ടായിരുന്നു. കൂടാതെ ഓരോ വിദ്യാര്‍ത്ഥിയെയും സ്വന്തം മക്കളെപ്പോലെ കണ്ടിരുന്ന അദ്ദേഹം ഓരോരുത്തരുടെയും പഠന സംബന്ധവും അല്ലാത്തതുമായ കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുമായിരുന്നു. ഒഴിവുവേളകളില്‍ പരാതികളും പരിഭവങ്ങളുമായി ഗുരുവിന് മുന്നിലെത്തിയിരുന്ന ശിഷ്യന്മാര്‍ വളരെ സന്തോഷത്തോടെയും സംതൃപ്തിയുടെയുമായിരുന്നു അവിടെ നിന്നും തിരിച്ചു പോന്നിരുന്നത്. അതുകൊണ്ടുതന്നെ ഓരോ വിദ്യാര്‍ത്ഥിക്കും ഒരു പിതൃതുല്യനായ ആത്മപിതാവായിരുന്നു മാഹിന്‍ മുസ്്ലിയാര്‍.

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ കാലാനുസൃതമായ നടപടികള്‍ കൈകൊള്ളുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്ന മാഹിന്‍ മുസ്്ലിയാര്‍ വിദ്യാര്‍ഥികളില്‍ പഠനാവേശം വളര്‍ത്തുന്നതിന് വേണ്ട പ്രോത്സാഹനങ്ങളും പ്രത്യേകം നല്‍കാറുണ്ടായിരുന്നു. കുട്ടികളിലെ സ്വഭാവ സംസ്‌കരണത്തിന് അദ്ദേഹം് കൈക്കൊണ്ടിരുന്ന മന:ശാസ്ത്രപരമായ സമീപനങ്ങള്‍ വളരെ മികച്ചതും ഫലപ്രദവുമായിരുന്നു.ദര്‍സ് രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സംഘടനാ -സാമുദായിക നേതൃരംഗങ്ങളിലും തന്റെ സേവന മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. ഏറെക്കാലം സമസ്ത ഏറനാട് താലൂക്ക് ട്രഷററും 16 വര്‍ഷത്തോളം പുല്ലാര ശുഹദാ മഹല്ല് ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു. പുല്ലാര കെ പി അഹമ്മദ് കുട്ടി മുസ്ലിയാര്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെ വൈസ് പ്രസിഡണ്ടായും പുല്ലാര ദാത്തുല്‍ ഇസ്ലാം മദ്‌റസയുടെ നേതൃരംഗത്തും പ്രവര്‍ത്തിച്ചു.പാണക്കാട് സാദാത്തുക്കളുമായും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോട്ടുമല ടി എം ബാപ്പു മുസ്്ലിയാര്‍ ,എം ടി അബ്ദുല്ല മുസ്്ലിയാര്‍ തുടങ്ങി സമസ്തയുടെ മുന്‍നിര നേതാക്കളുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.ശൈഖുനാ അത്തിപ്പറ്റ ഉസ്താദുമായി മാഹിന്‍ ഉസ്താദിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.ലോക് ഡൗണ്‍ ആയിട്ടു പോലും കഴിഞ്ഞ വര്‍ഷം ഗുരുശ്രേഷ്ഠരുടെ വിയോഗ വാര്‍ത്തയറിഞ്ഞ് വീട്ടിലേക്കൊഴുകിയെത്തിയ സമസ്തയുടെയും മറ്റും നേതാക്കള്‍ അദ്ദേഹത്തിന് അവരുമായി ഉണ്ടായിരുന്ന വ്യക്തി ബന്ധത്തിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു.
സമസ്ത നേതാവും വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളുമായിരുന്ന പടിഞ്ഞാറ്റുമുറി അബ്ദുറഹ്‌മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്ലിയാരുടെ മകള്‍ മുലൈകയാണ് ഉസ്താദിന്റെ ഭാര്യ.അബ്ദുറഹ്‌മാന്‍, മുഹമ്മദ് മുസ്തഫ അസ്ഹരി,അലവി കുട്ടി ഫൈസി ,അബ്ദുശുകൂര്‍, അബ്ദുറഊഫ് അന്‍വരി, ജമീല,ആരിഫ, ഉമ്മുസുലൈം, ഉനൈസ, സുഹൈമത്ത്, മുഹ്‌സിന എന്നിവര്‍ മക്കളാണ്. ഖാസിം പൂക്കോട്ടൂര്‍,അബ്ദുല്‍ ഗഫൂര്‍ ബാഖവി തൃപ്പനച്ചി, ശരീഫ് റഹ്‌മാനി പട്ടര്‍കുളം (സമസ്ത ഖാരിഅ്), അബ്ദുറഹ്‌മാന്‍ ഫൈസി കാവനൂര്‍, ഇസ്മാഈല്‍ ഹൈതമി യമാനി നെടിയിരുപ്പ് (മുഅല്ലിം, കുമ്മിണിപ്പാറ ദാറുസ്സലാം മദ്രസ ),സാജിദ പൂക്കോട്ടൂര്‍, ഉമ്മുഹബീബ, ഖദീജ, ഇര്‍ഫാന തസ്‌നി, ഷിഫാന ഷെറിന്‍ എന്നിവര്‍ മരുമക്കളുമാണ്.
വൈജ്ഞാനിക പ്രസരണ രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം ഒരു വിളക്ക് മാടമായി ജ്വലിച്ച് നിന്ന് ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ക്ക് ആത്മ വെളിച്ചം പകര്‍ന്നു നല്‍കിയ മാഹിന്‍ ഉസ്താദിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ കേരളീയ സമൂഹം എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും.പുല്ലാര ശുഹദാ ജുമുഅത്ത് പള്ളിയില്‍ സ്വന്തം ഗുരു കെ പി അഹമ്മദ് കുട്ടി മുസ്ലിയാരുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഉസ്താദിന്റെ പരലോക ദറജ അല്ലാഹു ഉയര്‍ത്തി കൊടുക്കട്ടെ.ആമീന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.