2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഉദ്ധവിനൊപ്പം 13 എം.എല്‍.എമാര്‍ ; വിമത ക്യാംപില്‍ 42 പേര്‍; മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിന് എത്തിയത് മകന്‍ ആദിത്യ താക്കറെ അടക്കം 13 എം.എല്‍.എമാര്‍ മാത്രം. അതിനിടെ, 35 ശിവസേന എംഎല്‍എമാരും 7 സ്വതന്ത്ര എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്‌നാഥ് ഷിന്‍ഡെ പുറത്തുവിട്ടു. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടി വിമത ക്യാംപില്‍ ചേരാന്‍ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു. സാവന്ത്‌വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎല്‍എമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിലെത്തി. ആകെ 42 എംഎല്‍എമാരാണ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎല്‍എമാര്‍ തിരിച്ചെത്താത്ത സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും തുടര്‍ന്ന് തന്റെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തത്.

കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുള്ളത് കണക്കിലെടുത്ത് ശിവസേന ചിഹ്നം കരസ്ഥമാക്കാനും ഏകനാഥ് ഷിന്‍ഡെ പക്ഷം നീക്കം തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് ഷിന്‍ഡെ ക്യാംപ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോരാട്ടത്തിന് ഒരുങ്ങിയിരിക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പാര്‍ട്ടി നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപി താക്കറെക്കൊപ്പം ഉറച്ചുനില്‍ക്കും. അധികാരം നഷ്ടപ്പെട്ടാല്‍ രാഷ്ട്രീയപോരാട്ടത്തിന് തയ്യാറെടുക്കാനും ശരദ് പവാര്‍ നിര്‍ദേശിച്ചു.

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി അവകാശവാദം ഉന്നയിക്കുന്നില്ലെന്നുമാണ് ബിജെപിയുടെ അവകാശവാദം. ഏക്‌നാഥ് ഷിന്‍ഡെയുമായി സംസാരിച്ചിട്ടില്ലെന്നും ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീല്‍ ദന്‍വെ പറഞ്ഞു. പാട്ടീല്‍ ഇന്നലെ ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.