
മുംബൈ: കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിലെ മുംബൈ, പൂനെ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെയാണ് ഇത്.
മലേഗാവ്, ഔറംഗാബാദ്, സോലാപുര്‍ തുടങ്ങിയ നഗരങ്ങളിലും മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ചചെയ്താണ് തീരുമാനം.
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങളാകും ഈ കാലയളവില്‍ തുടരുക. ഇവിടങ്ങളിലും ലോക്ക്ഡൗണ്‍ തുടരണമോയെന്നത് സംബന്ധിച്ച് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ തീരുമാനമുണ്ടാകും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്ധിക്കുകയാണണ്. ഇന്നലെ മാത്രം 1602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 27,524 ആയി. 1019 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44 മരണമാണ് സംഭവിച്ചത്. മുംബൈ നഗരത്തിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥരും മരിച്ചു.