ഇ.എം.എസ് നമ്പൂതിരിപ്പാട് പണ്ട് പത്മപുരസ്‌കാരം നിരസിച്ചിരുന്നു. കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്നത് പുരസ്‌കാരത്തിനു വേണ്ടിയല്ല എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ കാരണം. അത് തീര്‍ത്തും ശരിയുമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് മര്‍ദനവും ജയിലും തടവറയും കഴുമരവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതിരുന്ന കാലത്ത് സമത്വസുന്ദരമായൊരു ലോകം സ്വപ്‌നം കണ്ട് പോരാട്ടത്തിന്റെ ഉഷ്ണമേഖലയിലേക്ക് ഇറങ്ങിയ വിപ്ലവകാരികളുടെ തലമുറയില്‍പെട്ടയാളായിരുന്നല്ലോ ഇ.എം.എസ്. പിന്നീട് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി വരെയായിട്ടും ആദികമ്യൂണിസ്റ്റുകാര്‍ ശീലിച്ച ജീവിതലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു.
എന്നാല്‍ കാലമേറെ മാറിയപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഏറെ മാറി. അധികാരം അവരുടെ സന്തതസഹചാരിയായി. അതിനൊപ്പം പലരുടെയും ജീവിതത്തില്‍നിന്ന് ലാളിത്യം വിടപറഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. എല്ലാം മാറ്റത്തിനു വിധേയമാണെന്ന് കമ്യൂണിസ്റ്റുകാരുടെ ആചാര്യന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ മാറ്റത്തിന്റെ ഭാഗമായിരിക്കാം, കമ്യൂണിസ്റ്റ് നേതാക്കള്‍ അവാര്‍ഡുകള്‍ സ്വീകരിക്കാനും തുടങ്ങി. നേതാക്കള്‍ക്ക് അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ അണികള്‍ അത് വലിയതോതില്‍ ആഘോഷിക്കുന്നുമുണ്ട് ഇപ്പോള്‍.
അങ്ങനെയിരിക്കെയാണ് മുന്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് വലിയൊരു അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുന്നത്. ഏഷ്യയിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ്. ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ്. കൊവിഡ്, നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് വാങ്ങേണ്ടെന്ന് അവരുടെ പാര്‍ട്ടിയായ സി.പി.എം തീരുമാനിക്കുകയാണുണ്ടായത്.
രണ്ടു കാരണങ്ങളാണ് പാര്‍ട്ടി ഇതിനു പറഞ്ഞത്. കൊവിഡ്, നിപാ പ്രതിരോധം കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും അതിന്റെ പേരില്‍ ആരോഗ്യമന്ത്രിയായിരുന്ന നേതാവിന് മാത്രമായി അവാര്‍ഡ് നല്‍കുന്നത് ശരിയല്ലെന്നുമായിരുന്നു ഒരു കാരണം. അതിലിത്തിരി ശരിയുമുണ്ട്. കൊവിഡ്, നിപാ പ്രതിരോധവും പ്രളയക്കെടുതികളെ നേരിടലുമെല്ലാം ഏതെങ്കിലും ഒരു മന്ത്രി മാത്രം നടത്തിയതല്ല. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനവുമെല്ലാം അതില്‍ പങ്കാളികളായിട്ടുണ്ട്. ആ ന്യായം വച്ചുനോക്കുമ്പോള്‍ അതില്‍ പങ്കാളികളായവര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കണം.
എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ഇത്തരം കാര്യങ്ങള്‍ക്ക് അവരുടെയൊക്കെ പ്രതിനിധിയായ, അതിന് നേതൃത്വം നല്‍കിയ ഒരു വ്യക്തിക്ക് അവാര്‍ഡ് നല്‍കുകയാണ് പതിവ്. അങ്ങനെ നോക്കിയാലും അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം ശരിയല്ലെന്ന് പറയേണ്ടിവരും. ഇതിനെല്ലാം കാരണഭൂതനായ മുഖ്യമന്ത്രിക്കല്ലേ അവര്‍ അവാര്‍ഡ് നല്‍കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയെ അവഗണിച്ച് ഒരു രണ്ടാംനിര നേതാവിന് അവാര്‍ഡ് നല്‍കുന്നതിനു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വെളുത്ത കരങ്ങള്‍ ഉണ്ടായേക്കാം.
കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന മഗ്‌സസെ അധികാരത്തിലിരുന്ന കാലത്ത് ഭരണകൂടം നടത്തിയ കമ്യൂണിസ്റ്റ് വേട്ടയാണ് പാര്‍ട്ടി പറഞ്ഞ മറ്റൊരു കാരണം. അങ്ങനെയൊരാളുടെ പേരിലുള്ള അവാര്‍ഡ് ഒരു കമ്യൂണിസ്റ്റ് നേതാവ് സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടി നിലപാട്. സംഗതി ശരിയുമാണ്. ഫിലിപ്പൈന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധവിപ്ലവ സേനയായിരുന്ന ഹുക്ബലഹാപ്പിനെ അതിക്രൂരമായാണ് അന്ന് ഭരണകൂടം നേരിട്ടത്. അതിന്റെ പേരില്‍ മഗ്‌സസെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കണ്ണിലുണ്ണിയായി മാറിയിരുന്നു.
ഇതിന് മഗ്‌സസെ അടക്കം ലോകത്തെങ്ങുമുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് പറയാന്‍ അവരുടേതായ ന്യായമുണ്ടായിരുന്നു. മഗ്‌സസെ അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനങ്ങളുടെ വോട്ട് നേടിയാണ്. അന്ന് ലോകത്തെവിടെയും കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല. സായുധവിപ്ലവമായിരുന്നു അവരുടെ പാത. ആ കാരണം ചൂണ്ടിക്കാട്ടി ലോകവ്യാപകമായി തന്നെ വന്‍തോതില്‍ കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. ആ ലോകം ഇപ്പോള്‍ ഏറെ മാറി. കമ്യൂണിസ്റ്റുകാര്‍ അതിലേറെ മാറി.
കമ്യൂണിസ്റ്റ് വേട്ട നടത്തിയ എല്ലാ ഭരണാധികാരികളുടെ കാര്യത്തിലും ഇന്ത്യയിലെ ഇന്നത്തെ ഭരണവര്‍ഗ കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്ന നിലപാട് ഇതുതന്നെയാണോ എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. സോവിയറ്റ് യൂനിയനില്‍ ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് കൊലചെയ്യപ്പെട്ടവരില്‍ അധികവും ഭരണകൂടത്തോട് വിയോജിച്ച കറകളഞ്ഞ കമ്യൂണിസ്റ്റുകാരായിരുന്നു. ആ സ്റ്റാലിനെ ഇപ്പോഴും ആചാര്യനായി അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഒന്നര ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയാണ് ഭരണകൂടം കൊന്നൊടുക്കിയത്. അതേ സദ്ദാമിന്റെ ചിത്രം വച്ച് കേരളത്തില്‍ വോട്ടുപിടിച്ച പാര്‍ട്ടിയാണ് സി.പി.എം. സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതും അവര്‍ തന്നെയാണ്.
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുടെയെല്ലാം ഭരണത്തില്‍ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് വേട്ട നടന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ മൊത്തത്തില്‍ കല്‍ക്കത്ത തീസിസ് അംഗീകരിച്ച് സായുധസമരം രാഷ്ട്രീയപാതയായി സ്വീകരിച്ച കാലത്ത് വന്‍തോതില്‍ കമ്യൂണിസ്റ്റ് വേട്ട നടത്തിയ കേന്ദ്ര ഭരണകൂടത്തെ നയിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് നെഹ്‌റു അനഭിമതനല്ല. ഇന്ദിരാഗാന്ധി ഭരണത്തിലിരുന്ന അടിയന്തരാവസ്ഥക്കാലത്ത് ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയാണ് നടന്നത്. ആ സര്‍ക്കാരിന് സി.പി.ഐയുടെ പിന്തുണയുണ്ടായിരുന്നു.
ചില കാര്യങ്ങളില്‍ ഇന്ദിരയെ സി.പി.എമ്മും പിന്തുണച്ചിരുന്നു.
പിന്നീട് സി.പി.എമ്മും സി.പി.ഐയുമൊക്കെ പിന്തുണച്ച ജനത, ദേശീയമുന്നണി, യു.പി.എ സര്‍ക്കാരുകളുടെ കാലത്തും നക്‌സലൈറ്റുകള്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട അനേകം കമ്യൂണിസ്റ്റുകാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പി. രാജനടക്കം നിരവധി കമ്യൂണിസ്റ്റുകാര്‍ ഭരണകൂടവേട്ടയ്ക്കിരകളായ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ സി.പി.ഐ നേതാവ് സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലിരുന്ന സമയത്താണ് ദുരൂഹമായ ഏറ്റുമുട്ടല്‍ കഥകളുടെ മറവില്‍ എട്ട് മാവോയിസ്റ്റുകളെ പൊലിസ് വെടിവച്ചുകൊന്നത്. മഗ്‌സസെയുടെ കാലത്ത് കൊലചെയ്യപ്പെട്ട ഇനം സായുധ കമ്യൂണിസ്റ്റുകാര്‍ തന്നയാണല്ലോ മാവോയിസ്റ്റുകളും.
നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും അച്യുതമോനോന്റെയുമൊക്കെ പേരില്‍ അവാര്‍ഡുകളുണ്ട്. ഭാവിയില്‍ ഇതിലേതെങ്കിലുമൊന്ന് ഏതെങ്കിലും സി.പി.എം നേതാവിന് ലഭിച്ചാല്‍ അത് സ്വീകരിക്കുമോ? പിണറായി വിജയന്റെ പേരില്‍ തന്നെ ഭാവിയില്‍ ഒരു അവാര്‍ഡുണ്ടായാല്‍ അതിനോടുള്ള സി.പി.എമ്മിന്റെ നിലപാട് എന്തായിരിക്കും? കാത്തിരുന്നു കാണേണ്ട കാര്യമാണത്. കമ്യൂണിസ്റ്റ് വേട്ടയുടെ ന്യായം വച്ചു നോക്കിയാല്‍ ഇപ്പറഞ്ഞ നേതാക്കളെല്ലാം ഒരുതരം മഗ്‌സസെമാര്‍ തന്നെയാണല്ലോ.
Comments are closed for this post.