2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മക്കയിലെ ഗ്രാന്റ് മസ്ജിദിനു പിന്നാലെ മദീനയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു

ജിദ്ദ: ഹറമിലെ ഗ്രാന്റ് മസ്ജിദിനു പിന്നാലെ മദീനയിലെ പ്രവാചക പള്ളിയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു.
മദീനയിൽ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് വനിതാ തീര്‍ഥാടകര്‍ക്ക് കരുതലൊരുക്കാന്‍ ഈ വനിതാ ഉദ്യോഗസ്ഥരുമുണ്ടാവും ഇനി. മക്കയിലെയും മദീനയിലെയും പള്ളികളില്‍ വനിതകള്‍ സുരക്ഷാ ചമതലയില്‍ നിയമിക്കപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ ദിവസമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സുരക്ഷാ ഡ്യൂട്ടിക്കായി വനിതാ ഉദ്യോഗസ്ഥര്‍ നിയമിതരായത്. മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ പ്രവേശന കവാടത്തില്‍ വനിതാ ഉദ്യോഗസ്ഥ യൂനിഫോമില്‍ കാവല്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സഊദി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
99 പേരടങ്ങുന്നതാണ് ആദ്യ ബാച്ചെന്ന് മദീന പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മഷ്ഹാന്‍ അറിയിച്ചു. പ്രവാചകന്റെ ഖബറിടമായ റൗദ ശരീഫിലേക്കുള്ള സ്ത്രീകളുടെ സന്ദര്‍ശനത്തിന് ആവശ്യമായ സഹായങ്ങളൊരുക്കാന്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വനിതകള്‍ക്കായുള്ള പ്രാര്‍ഥനാ ഹാളുകളില്‍ കൊവിഡ് പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാല്‍ വനിതാ സംഘം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായി മികച്ച പരിശീലനമാണ് അവര്‍ക്ക് ലഭിച്ചത്. സുരക്ഷാ കാര്യങ്ങളിലെന്ന പോലെ ഭരണകാര്യങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതിലും ഇവര്‍ക്ക് നല്ല രീതിയിലുള്ള പരിശീലനം നല്‍കിയിരുന്നു. മസ്ജിദുന്നബവി സന്ദര്‍ശിച്ച മദീന അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളുടെ സേവനങ്ങള്‍ വിലയിരുത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് അദ്ദേഹം മടങ്ങിയത്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന വിഷന്‍ 2030 പരിഷ്‌ക്കാര പദ്ധതികളുടെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വനിതാ ഉദ്യോഗസ്ഥരുടെ നിയമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News