അഡ്വ. ഡാനിഷ് മുഹമ്മദ് കെ.എസ്
ഇന്ത്യ ഭാരതരത്‌ന നല്‍കി ആദരിച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയുടെ പേരാണ് ‘ലോങ് വാക്ക് റ്റു ഫ്രീഡം’. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദിയെന്ന ആരോപണം നേരിട്ട് മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കുപ്രസിദ്ധമായ കാരാഗൃഹത്തിലാണ് മണ്ടേല ജീവിതത്തിലെ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞത്. ആത്മകഥയില്‍ മണ്ടേല ഇങ്ങനെ പറയുന്നു; ‘ജയിലിനുള്ളില്‍ കഴിയുന്നതുവരെ ആര്‍ക്കും ഒരു രാജ്യത്തെ യഥാര്‍ഥത്തില്‍ അറിയില്ലെന്ന് പറയപ്പെടുന്നു’.
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഒരു വിചാരണത്തടവുകാരന്‍ എന്നതിലുപരി അബ്ദുന്നാസര്‍ മഅ്ദനി എന്ന നാമം ഇന്നൊരു പ്രതീകമാണ്. പൊതുബോധത്തിന്റെ ശിക്ഷ, ആയുസ് പകരം കൊടുത്ത് ഏറ്റുവാങ്ങേണ്ടിവന്ന പ്രതീകം. ഏപ്രില്‍ 17ന് രാജ്യത്തിന്റെ പരമോന്നത കോടതിയിലെ അഞ്ചാം നമ്പര്‍ കോടതിയില്‍നിന്ന് ജാമ്യവ്യവസ്ഥകളില്‍ ഇളവ് നേടി കേരളത്തിലേക്ക് പോകാനിരിക്കുമ്പോള്‍ മഅ്ദനി, 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായി പതിമൂന്നര വര്‍ഷത്തെ വിചാരണത്തടവ് പൂര്‍ത്തിയാക്കിയിരുന്നു.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രിംകോടതി നല്‍കിയ ഇളവില്‍ 2014 മുതല്‍ മഅ്ദനി താമസിക്കുന്നത് ബംഗളൂരുവില്‍ മുഴുസമയ കര്‍ണാടക പൊലിസ് ബന്തവസുള്ള ജയില്‍ സമാനമായ വീട്ടിലാണ്. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പത്ത് വര്‍ഷത്തോളം ജയില്‍ ജീവിതം പിന്നിട്ട മഅ്ദനിയെ പിന്നീട് തെളിവില്ലാത്തതിനാല്‍ 2007ല്‍ വിചാരണക്കോടതി മോചിപ്പിക്കുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു എന്നത് വിസ്മരിച്ചു കൂടാത്തതാണ്. കിഡ്‌നി മാറ്റിവയ്ക്കലിന്റെ വക്കത്തെത്തി അതിഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മഅ്ദനിയുടെ സമീപകാല ആരോഗ്യാവസ്ഥയും രോഗിയായ പിതാവിന്റെ പരിചരണവും ബംഗളൂരുവിലെ നീണ്ട വീട്ടുതടങ്കലും കേസിലെ വിചാരണ പൂര്‍ത്തിയായതുമെല്ലാം മുന്‍നിര്‍ത്തിയാണ് ഇത്തവണ അദ്ദേഹം സുപ്രിംകോടതിക്ക് മുമ്പിലെത്തിയത്. 2014ല്‍ വീട്ടുതടങ്കലിലേക്ക് മാറ്റുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത് വിചാരണ നാല് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കും എന്നായിരുന്നെങ്കിലും എട്ടിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിചാരണ പൂര്‍ത്തിയായത്.
മാര്‍ച്ച് 27ന് സുപ്രിംകോടതി പരിഗണിച്ച കേസ് കര്‍ണാടക സര്‍ക്കാര്‍ രണ്ടാഴ്ച സമയം ആവശ്യപ്പെട്ട പ്രകാരം ഏപ്രില്‍ 13ലേക്ക് മാറ്റി. എന്നാല്‍ തലേ ദിവസം 12ന് കോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയില്‍ പുതുതായി ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല, മഅ്ദനിയുടെ ഭാഗത്തുനിന്ന് റീജോയിന്‍ഡര്‍ ഫയല്‍ ചെയ്യാനുള്ള സമയക്കുറവിനെ ഉപയോഗപ്പെടുത്താനുള്ളത് കൂടിയായിരുന്നു. രാജ്യത്തെ പ്രഗത്ഭ അഭിഭാഷകരില്‍ ഒരാളായ കപില്‍ സിബലും അഡ്വ. ഹാരിസ് ബീരാനും ബംഗളൂരുവില്‍ നിന്നെത്തിയ ഉസ്മാന്‍ വക്കീലും അടങ്ങിയതായിരുന്നു ഞങ്ങളുടെ ടീം. മഅ്ദനിയുടെ മകന്‍ അഡ്വ. സലാഹുദ്ദീന്‍ അയ്യൂബി കാര്യങ്ങള്‍ ഏകോപിപ്പിച്ച് സജീവമായി കൂടെ നിന്നു. കേസ് കോടതിയില്‍ വരുമ്പോഴെല്ലാം അതിനു തൊട്ടടുത്ത മണിക്കൂറുകളില്‍ സിബലുമായി കൃത്യമായ ബ്രീഫിങ് നടന്നു. വിഷയത്തിന്റെ പ്രാഥമിക നോട്ടത്തില്‍തന്നെ അദ്ദേഹം ചോദിച്ചത് ‘ഈ മനുഷ്യന് ജീവിതം ഇനിയാര് തിരിച്ചുകൊടുക്കും’ എന്നായിരുന്നു. ഏപ്രില്‍ 13ലെ വാദത്തില്‍ സിബല്‍ ആരോഗ്യാവസ്ഥകളെയും കേസിന്റെ നിലവിലെ സ്ഥിതിയെയും ശക്തമായി അവതരിപ്പിച്ചെങ്കിലും കര്‍ണാടകയുടെ വാദങ്ങള്‍ക്ക് കോടതി മുന്‍തൂക്കം നല്‍കുന്നതാണ് കണ്ടത്.
വാദങ്ങള്‍ക്കിടെ തൊട്ടുമുമ്പ് 12ന് ഫയല്‍ ചെയ്ത മറുപടിയില്‍ പറയാത്ത മഅ്ദനിയുടെ ലഷ്‌കറെ ത്വയ്ബ ബന്ധവും സിമി പശ്ചാതലവുമെല്ലാം എ.എ.ജി നിഖില്‍ ഗോയല്‍ പരാമര്‍ശിച്ചപ്പോള്‍, അത് നിങ്ങളുടെ മറുപടിയില്‍ ഉണ്ടോ എന്നായി കോടതി. എന്നാല്‍ എ.എ.ജി 2021ല്‍ ജാമ്യത്തിലെ ഇളവിനെ എതിര്‍ത്ത്, അന്ന് കര്‍ണാടക സമര്‍പ്പിച്ച മറുപടി വീണ്ടും വാദങ്ങള്‍ക്കിടെ കോടതിക്ക് കൈമാറുകയാണുണ്ടായത്. ആ മറുപടിക്ക് അന്നുതന്നെ കൊടുത്ത മഅ്ദനിയുടെ റീജോയിന്‍ഡര്‍ വീണ്ടും സര്‍ക്കുലേറ്റ് ചെയ്യാന്‍ കോടതിക്കുശേഷം കോര്‍ട്ട് ഓഫിസറെ കണ്ട് ഞാനും സഹപ്രവര്‍ത്തകന്‍ അഡ്വ. അസ്ഹര്‍ അസീസും അഭ്യര്‍ഥിച്ചു. ആരോപിക്കപ്പെട്ട ഒരു കേസിലും ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത മഅ്ദനിയുടെ പേരില്‍ ഒരു അടിസ്ഥാനവും പറയാനില്ലാതെ വെറുതെ എഴുതിച്ചേര്‍ത്തതായിരുന്നു ലഷ്‌കറെ ത്വയ്ബയും സിമിയും.
ഏപ്രില്‍ 17ന് സപ്ലിമെന്ററി ലിസ്റ്റില്‍ അന്‍പത്തൊന്നാമതായി വന്ന മഅ്ദനി കേസ് ഉച്ചയ്ക്കുശേഷമേ പരിഗണിക്കൂ എന്ന് ബോധ്യമുണ്ടായിരുന്നു. കോടതി തീരാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ നാല് മണിയും പിന്നിട്ടാണ് കേസ് എടുത്തത്. അതുവരെ അവിടെ കാത്തിരുന്ന സിബല്‍ മറ്റൊരു കേസിനായി ഒന്നാം നമ്പര്‍ കോടതിയിലേക്ക് പോയിരുന്നു.
കേസ് വിളിച്ചപ്പോള്‍ കിതച്ചുകൊണ്ട് ഓടിയെത്തിയ അദ്ദേഹം വൈകിയതില്‍ ക്ഷമ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അത്രയും സമയം ബെഞ്ചിനോട് കാര്യങ്ങള്‍ സംവദിച്ചത് അഡ്വ. ഹാരിസ് ബീരാനായിരുന്നു. മഅ്ദനി ജാമ്യവ്യവസ്ഥകള്‍ ഒരിക്കല്‍ പോലും ലംഘിച്ചില്ലെന്നും ആവശ്യമുള്ളപ്പോള്‍ വിചാരണയില്‍ പങ്കെടുത്താല്‍ മതിയെന്ന് നേരത്തെ ഓര്‍ഡറുണ്ടെന്നും സിബല്‍ പറഞ്ഞു. കര്‍ണാടകയില്‍ തുടരാന്‍ മാത്രം വിചാരണയില്‍ വാദങ്ങള്‍ നടക്കുന്നില്ലെന്നും മൂന്ന് മാസത്തിനിടയില്‍ മൂന്ന് തവണ മാത്രമാണ് കേസ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബെഞ്ച് ആവശ്യത്തെ എതിര്‍ത്താണ് പ്രതികരിച്ചു തുടങ്ങിയത്. മഅ്ദനി നാട്ടിലേക്ക് പോയാല്‍ എന്ത് സംഭവിക്കും എന്നാണ് ബഹുമാനപ്പെട്ട കോടതി കരുതുന്നതെന്നറിയാന്‍ താല്‍പര്യമുണ്ടെന്നായി സിബല്‍. നേരത്തെ പോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തിക്കോട്ടെ എന്നും എപ്പോള്‍ വേണമെങ്കില്‍ കേസിന്റെ ആവശ്യത്തിന് കര്‍ണാടകയില്‍ എത്താമെന്നും മഅ്ദനിയുടെ ഭാഗത്തുനിന്ന് സിബല്‍ കോടതിക്ക് ഉറപ്പുനല്‍കി. എവിടെയും ഓടിപ്പോകില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ തലവനാണെന്നും വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ള ഉജ്ജ്വലവ്യക്തിത്വങ്ങള്‍ അദ്ദേഹത്തിനുവേണ്ടി കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും സിബല്‍ ഓര്‍മപ്പെടുത്തി. മാറിമറിയുന്ന വാദമുഖങ്ങളില്‍ അഡ്വ. സലാഹുദ്ദീന്‍ അയ്യൂബിയുടെ മുഖത്തെ മിന്നിമറിയുന്ന ഹൃദയവികാരങ്ങള്‍ ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു. ഉദ്വേഗത്തിന്റെ ഒടുവില്‍ ഒരു മാസത്തേക്കെങ്കിലും ഇളവ് അനുവദിക്കണമെന്ന അഭ്യര്‍ഥനയില്‍ കോടതി മാറിച്ചിന്തിക്കുകയും കര്‍ണാടകയുടെ ഭാഗം കൂടി ആരാഞ്ഞ് വേനലവധി കഴിഞ്ഞ് ജൂലൈ 10ന് കേസ് വയ്ക്കുകയും ചെയ്തു. കൂടെ വരുന്ന കര്‍ണാടക പൊലിസ് സെക്യൂരിറ്റിയുടെ ചെലവ് മഅ്ദനി വഹിക്കണമെന്ന് എ.എ.ജി അടിവരയിട്ടപ്പോള്‍ കൂടുതല്‍ പേരെ അയക്കാതിരിക്കൂ എന്ന് പറഞ്ഞ് സിബല്‍ വാദങ്ങള്‍ അവസാനിപ്പിച്ചു.
പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്(2021) അനുസരിച്ച് ഇന്ത്യന്‍ ജയിലുകളിലുടനീളമുള്ള അഞ്ചു വിചാരണത്തടവുകാരില്‍ മൂന്നിലധികം പേരും ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 2022ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഡിസംബര്‍ 13ന് പറഞ്ഞത് പ്രകാരം 5,54,034 തടവുകാരില്‍ 4,27,165 പേര്‍, അതായത് 76%, വിചാരണ തടവുകാരായിരുന്നു എന്നാണ്. നിയമവ്യവസ്ഥയേയും നീതിനിര്‍വഹണ സംവിധാനങ്ങളേയും തീര്‍ത്തും കണ്ണുകെട്ടുന്ന, വിചാരണത്തടവെന്ന പേരില്‍ ജീവിതം ജയിലുകളില്‍ തീര്‍ന്നുപോകുന്നൊരു നാടായി നമ്മള്‍ മാറിയിരിക്കുന്നു എന്നതാണ് സത്യം.
(സുപ്രിംകോടതിയിലെ മഅ്ദനി കേസ് നടത്തിപ്പ് സംഘത്തില്‍ അംഗമാണ് ലേഖകന്‍)
Comments are closed for this post.