ഭോപ്പാല്‍: ഹിന്ദു മുസ്ലിം സൗഹാര്‍ദത്തിന്റെ ഉദാഹരണമായിരുന്ന മധ്യപ്രദേശിലെ മൈഹറിലെ മാ ശാരദാ ക്ഷേത്രത്തിന് ആ പദവി ഇല്ലാതാകുകയാണോ ? രണ്ടര പതിറ്റാണ്ടായി ഇവിടെ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുന്നു. മതത്തിന്റെ പേരിലാണ് ഇവരെ പിരിച്ചുവിടുന്നതെന്നതാണ് സങ്കടകരമായ കാര്യം. ചരിത്രപരമായി ഹിന്ദു മുസ്ലിം സൗഹാര്‍ദത്തിന്റെ ഉദാഹരണമാണ് ഈക്ഷേത്രവും സരോദ് വിദ്വാന്‍ അലാവുദ്ദീന്‍ ഖാന്‍ തുടക്കമിട്ട മൈഹര്‍ ഖരാനയും.
എന്നാല്‍ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ഈ വര്‍ഷം ജനുവരിയില്‍ മന്ത്രി ഉഷാ താക്കൂറിന് കത്ത് നല്‍കിയിരുന്നു ഈ കത്തിനെ തുടര്‍ന്നാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആറുമാസം മാത്രമാണ് ശേഷിക്കുന്നത്.
1988 മുതല്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്ഷേത്ര കമ്മിറ്റിയോട് സംസ്ഥാന മത ട്രസ്റ്റ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നേരത്തെയും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും ക്ഷേത്ര സമിതിയുടെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും സാംസ്‌കാരിക വകുപ്പ് ഉത്തരവില്‍ പറയുന്നു. ജനുവരിയില്‍ മന്ത്രി പുറപ്പെടുവിച്ച നിര്‍ദേശം പാലിക്കാനാണ് പുതിയ കത്ത് നല്‍കിയിരിക്കുന്നത്.
അതിനാല്‍, ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശം പാലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. ശിവരാജ് സിംഗ് ചൗഹാന്റെ ക്യാബിനറ്റില്‍ ടൂറിസം മന്ത്രിയായ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉഷ താക്കൂറാണ് മത സ്ഥാപനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതല വഹിക്കുന്നത്. ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ ഇറച്ചിക്കടകളും മദ്യശാലകളും നീക്കം ചെയ്യുമെന്നും വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed for this post.