2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആമവാതവും എണ്ണകളും

 

#ഡോ.ബഷീര്‍ ചാലുശേരില്‍
തൃശൂര്‍

സന്ധികളില്‍ നീരും നിറവ്യത്യാസവും അതികഠിനമായ വേദനയുമൊക്കെ സന്ധിവാതത്തിന്റെ ലക്ഷണമാണ്. റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന ആമവാതം വേദനയുടെ കാഠിന്യം കൂട്ടുന്നു. പ്രായമുള്ളവരിലാണ് ആമവാതം സാധാരണയായി കണ്ടുവരാറുള്ളതെങ്കിലും യുവജനങ്ങളെയും രോഗം പിടികൂടുന്നതായി അടുത്തകാലത്ത് കണ്ടുവരുന്നുണ്ട്. തണുപ്പുകാലത്ത് ഈ രോഗമുള്ളവര്‍ അസഹനീയമായ വേദന അനുഭവിക്കുന്നു.
കേവലം സന്ധികളില്‍ മാത്രമല്ല ആമവാതം കേന്ദ്രീകരിക്കുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗവും രോഗത്തിന്റെ തീവ്രത അറിയുന്ന എന്ന അവസ്ഥയുണ്ട്.
സന്ധികളിലുണ്ടാകുന്ന തടിപ്പ്, കല്ലിപ്പ്, ചുവന്ന നിറമോ അല്ലെങ്കില്‍ നിറവ്യത്യാസമോ, നീര്, സന്ധികള്‍ക്ക് അയവില്ലാത്ത അവസ്ഥ, സന്ധികള്‍ക്ക് ചാലക ശേഷി നഷ്ടപ്പെട്ടതായി തോന്നല്‍ ഇവയൊക്കെ ആമവാതത്തിന്റെ ലക്ഷണങ്ങളും അവസ്ഥകളുമാണ്.
മേല്‍പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നൊക്കെ മുക്തിനല്‍കുന്ന ഔഷധങ്ങള്‍ ഒന്നുമില്ലെങ്കിലും വേദന സംഹാരികളും ചികിത്സകളും നീരു കുറയ്ക്കാനും സന്ധികളില്‍ അയവുവരുത്താനും ഉപയോഗിച്ചുവരുന്നു. സന്ധികളില്‍ എണ്ണകള്‍ ഉപയോഗിച്ച് തടവുന്നതാണ് ഏറ്റവും ഫലപ്രദമായതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ, നെല്ലിക്കയില്‍ നിന്നുള്ള എണ്ണയോ ചേര്‍ത്ത് ഇനി പറയുന്ന ഓയിലുകള്‍ സന്ധികളില്‍ പ്രയോഗിക്കുന്നത് ആമവാത രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസം പ്രദാനം ചെയ്യും.

ഉപയോഗിക്കേണ്ട വിധം
പലതരത്തിലുള്ള ഓയിലുകളെപറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത് പല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഏതാനും തുള്ളികള്‍ ചേര്‍ത്ത് കുളിക്കുന്നത് ഉത്തമമാണ്. അതുപോലെ ആവി പിടിക്കുമ്പോള്‍ ആ വെളളത്തില്‍ ഏതാനും തുള്ളികള്‍ ചേര്‍ക്കുന്നതോ ആവി വരുന്ന ഭാഗത്ത് പഞ്ഞിയില്‍ ചേര്‍ത്ത് വച്ചോ ആവി കൊള്ളാവുന്നതാണ്. മറ്റ് എണ്ണകളോടൊപ്പം

നാലുമണി പൂവ്
നാലുമണിപ്പൂവിന്റെ വിത്തുകളില്‍ നിന്നുള്ള ഓയിലില്‍ (ഈവനിങ് പ്രൈം റോസ് ഓയില്‍) ഗാമ ലിനോലെനിക് ആസിഡ് (ജി.എല്‍.എ) ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കഴിക്കാവുന്നതാണ്. ഇതിനെ ശരീരം ആന്റി ഇന്‍ഫഌമ്മേറ്റരി ഘടകമായി മാറ്റുന്നു. സന്ധിവീക്കം, നീര്, തടിപ്പ്, വേദന, അയവില്ലായ്മ എന്നിവയ്‌ക്കൊക്കെ ഇത് പരിഹാരമാണ്. സോറിയാസിസ് പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ഈ എണ്ണ ഫലപ്രദമാണ്.

യൂക്കാലി
യൂക്കാലി മരത്തിന്റെ ഇലകളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്നതാണ് യൂക്കാലി ഓയില്‍. തടിപ്പും നീരും വേദനയും നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമാണിത്. യൂക്കാലി ഓയില്‍ മണക്കുന്നതും സ്‌നാനം ചെയ്യുന്ന ചൂടു വെള്ളത്തില്‍ കുറച്ചു തുള്ളികള്‍ ചേര്‍ക്കുന്നതും നല്ലതാണ്. യൂക്കാലി ഓയില്‍ അല്‍പം മേല്‍പറഞ്ഞ എണ്ണകള്‍ക്കൊപ്പം ചേര്‍ത്ത് സന്ധികളില്‍ പുരട്ടാവുന്നതാണ്. ഇത് ഏറെ ആശ്വാസം നല്‍കും.

ഇഞ്ചി ഓയില്‍
ഇഞ്ചിയും ഇഞ്ചിയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഓയിലും സന്ധിവേദനയ്ക്ക് ഫലപ്രദമാണ്.കടുത്ത നീര്‍വീക്കം, വേദന എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്. ഇത് ആഹാരത്തില്‍ കഴിക്കുകയോ ഫുഡ് സപ്ലിമെന്റായി കഴിക്കുകയോ ആവാം.

കുന്തിരിക്കം
കുന്തിരിക്കത്തിന്റെ ഓയില്‍ സന്ധിവേദനയ്ക്ക് ഫലപ്രദമാണ്. ബോസ് വേലിയ മരത്തിന്റെ തൊലികളില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. കുന്തിരിക്കത്തിന്റെ ഓയില്‍ നീരിനും അതികഠിന വേദനയ്ക്കും വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ്. ഈ ഓയിലില്‍ ചേര്‍ന്നിരിക്കുന്ന ആസിഡുകള്‍ക്ക് നീര് കുറയ്ക്കാനുള്ള ശേഷിയുണ്ട്. അതുപോലെ വേദന കുറയ്ക്കാനും ഈ ഓയിലിന് അത്ഭുത ശേഷിയുണ്ടെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്‍ തെളിയിച്ചിട്ടുണ്ട്.

മഞ്ഞള്‍ ഓയില്‍
മഞ്ഞള്‍ വിഷ സംഹാരിയെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത ആന്റിസെപ്റ്റിക് അടങ്ങിയിരിക്കുന്നതും സൂക്ഷ്മാണു നാശകവുമാണ് മഞ്ഞള്‍. മഞ്ഞള്‍ ചെടിയുടെ വേരാണ് മഞ്ഞളായി ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചുണ്ടാക്കുന്ന എണ്ണയ്ക്ക് നീരുകുറയ്ക്കാനും വേദന കുറയ്ക്കാനുമുള്ള ശേഷിയുണ്ട്.

കര്‍പ്പൂരവള്ളി
കര്‍പ്പൂരവള്ളിയെന്ന ഔഷധ സസ്യത്തില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഓയിലിന് ഏറെ ഗുണങ്ങളാണുള്ളത്. ഇത് ശ്വസിക്കുകയോ വേദനയുള്ളിടത്ത് നേരിട്ട് പുരട്ടുകയോ ആവാം. ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് നല്ലതാണ്. വേദന കുറയ്ക്കുമെന്നതിനു പുറമേ ഉത്കണ്ഠ, മാനസിക സമ്മര്‍ദം ഇവ കുറയ്ക്കുന്നതിനും കര്‍പ്പൂരവള്ളിക്ക് കഴിയും.

മഞ്ഞള്‍ ഓയില്‍
മഞ്ഞള്‍ വിഷ സംഹാരിയെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത ആന്റിസെപ്റ്റിക് അടങ്ങിയിരിക്കുന്നതും സൂക്ഷ്മാണു നാശകവുമാണ് മഞ്ഞള്‍. മഞ്ഞള്‍ ചെടിയുടെ വേരാണ് മഞ്ഞളായി ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചുണ്ടാക്കുന്ന എണ്ണയ്ക്ക് നീരുകുറയ്ക്കാനും വേദന കുറയ്ക്കാനുമുള്ള ശേഷിയുണ്ട്.

ജമന്തി ഓയില്‍
ജമന്തിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓയില്‍ പലവിധ ഔഷധ ഗുണങ്ങളും ഉള്ളതാണ്. ആമവാതത്തിന്റെ വേദന ശമിപ്പിക്കാന്‍ ഉത്തമമാണ്. ഇത് ചര്‍മം, മുടി മറ്റ് ആരോഗ്യ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

.

തുളസി ഓയില്‍
തുളസി ഇലയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഓയിലിന് ഏറെ ഔഷധ ഗുണങ്ങളാണുള്ളത്. 1.8 സിലിയോള്‍ എന്ന ഘടകം ഇതിലടങ്ങിയിരിക്കുന്നു. ഇത് നീര്‍വീക്കം കുറയ്ക്കാനും വേദന സംഹരിക്കാനും ഉത്തമോപാധിയാണ്. തുളസിയില മറ്റ് പല രോഗങ്ങളുടെ ശമനത്തിനും നല്ലതാണെന്ന് തെളിഞ്ഞിട്ടുള്ളതുമാണ്.

 

ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ ആയുസ് കൂട്ടാം

#ഷാക്കിര്‍ തോട്ടിക്കല്‍

ആഹാരക്കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ വച്ചാല്‍ ആയുസു കൂട്ടാമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇതു സഹായിക്കുമെന്നാണ് ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
മുപ്പതിനും അന്‍പത്തിയഞ്ചിനും മധ്യേ പ്രായമുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത 72,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവര്‍ ഓരോ രണ്ട് വര്‍ഷവും അല്ലെങ്കില്‍ നാലുവര്‍ഷം കൂടുമ്പോഴും തങ്ങളുടെ ആഹാരരീതിയെ സംബന്ധിച്ച് ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയിരുന്നു. രണ്ടു ഗ്രൂപ്പുകളെ ഇതില്‍ നിന്നും വേര്‍തിരിച്ചു. ഒരു വിഭാഗം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യം, മത്സ്യം, കോഴിയിറച്ചി എന്നിവ കൂടുതലായി കഴിക്കുന്നവരായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പ് സംസ്‌കരിച്ച മാംസം, ധാന്യങ്ങള്‍, പഞ്ചസാര അധികമുള്ള ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരായിരുന്നു. പതിനെട്ടുവര്‍ഷത്തെ പഠനത്തിനിടയില്‍ 6011 പേര്‍ മരിച്ചു. എന്നാല്‍ ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിച്ചിരുന്നവരില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 26 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി. അര്‍ബുദം, പ്രമേഹം ഉള്‍പ്പെടെ മറ്റു രോഗങ്ങളാലുള്ള മരണനിരക്ക് 21 ശതമാനം കുറവാണെന്നും കണ്ടെത്തി.
മാംസവും മറ്റും ഉപയോഗിച്ച സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 22 ശതമാനം അധികമാണെന്ന് കണ്ടെത്തി. മറ്റു രോഗങ്ങളാല്‍ ഉണ്ടാകുന്ന മരണനിരക്ക് ഇവരില്‍ 21 ശതമാനം അധികമാണെന്നും പഠനത്തില്‍ പറയുന്നു.

കാരറ്റ്: വിശിഷ്ടം

ശരീരത്തിനാവശ്യമുള്ള മിക്കവാറും എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നതും ഔഷധപ്രധാനമായതുമായ ഒരു പച്ചക്കറിയാണ് കാരറ്റ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പുഷ്ടിക്കും പല പ്രകാരത്തിലുള്ള രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും കാരറ്റിനുള്ള കഴിവ് അത്ഭുതമാണ്.
കാരറ്റില്‍ വൈറ്റമിന്‍ എ, ബി, സി, കരോട്ടിന്‍, അയണ്‍, ഫോസ്ഫറസ്, സള്‍ഫേഴ്‌സ്, കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഷുഗര്‍, സെക്‌സ്‌ട്രോസ്, ലെവലോസ്, എന്നിവയും ചുരുങ്ങിയ തോതില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഏറ്റവും അധികമുള്ളത് വൈറ്റമിന്‍ എ ആണ്. മേല്‍പ്പറഞ്ഞ വൈറ്റമിന്‍സും മിനറല്‍സും എല്ലാം ദഹന പ്രക്രിയകളൊന്നും കൂടാതെ തന്നെ ശരീരം സ്വാംശീകരിക്കുന്നതാണെന്നുള്ളതാണ് കാരറ്റിന്റെ പ്രധാന പ്രത്യേകത.
കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കുണ്ടാവുന്ന ന്യൂനതകള്‍, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന എരിച്ചില്‍, ഹൈപ്പര്‍ അസിഡിറ്റി, ഗ്യാസ്ട്രിക് അള്‍സര്‍, സ്റ്റൊമക്ക് അള്‍സര്‍, ക്രോണിക് കോണ്‍സ്റ്റിപ്പേഷന്‍, വിളര്‍ച്ച, ലിവര്‍ കംപ്ലെയിന്റ് എന്നിങ്ങനെയുള്ള അസ്വാസ്ഥ്യങ്ങള്‍ക്കും പച്ച കാരറ്റ് ജ്യൂസ് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ത്വക് രോഗത്തിനും ശരീരത്തിന് നിറവും ഓജസും വരുത്തുന്നതിനും കാരറ്റ് ജ്യൂസ് ഉത്തമമാണ്. കോഡ്‌ലിവര്‍ ഓയിലിനും ഒലിവ് ഓയിലിനും പാലിനും ബദലായി കാരറ്റ് ജ്യൂസ് കഴിക്കാവുന്നതാണ്. വൈറ്റമിന്‍ എ ധാരാളമുള്ളതുകൊണ്ട്
കാരറ്റ് തൊലി കളയാതെ കഴുകി അരിഞ്ഞു നല്ലതുപോലെ അരച്ചു പച്ചവെള്ളത്തില്‍ കലക്കി തിളപ്പിച്ച് സൂപ്പുണ്ടാക്കി കഴിക്കുന്നതും നല്ലതുതന്നെ. എന്നാല്‍ പച്ചകാരറ്റ് ജ്യൂസിന്റെ അത്ര ഗുണം ലഭിക്കില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.