അബുദാബി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് യൂസഫലി അനുസ്മരിച്ചു. കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തിന് ഉദാഹരണമാണ്. ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകൾക്കാണ് ഇതിലൂടെ ആശ്വാസം പകർന്നത്. 2013 ജനസമ്പർക്ക പരിപാടിക്ക് യുഎൻ അവാർഡ് ലഭിച്ചത് അഭിമാനകരമായ നിമിഷമായിരുന്നെന്നും യൂസഫലി ഓർമിച്ചു.
പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് ഉമ്മൻ ചാണ്ടിയുമായി തനിക്ക് ഉണ്ടായിരുന്നതെന്നും യൂസഫലി പറഞ്ഞു. സിയാൽ ഡയറക്ടർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed for this post.