
ലഖ്നൗ; ഹരിദ്വാറില്‍ കൊലവിളി പ്രസംഗം നടത്തിയ ധര്‍മ സന്‍സദ് സംഘാടകന്‍ യതി നരസിംഹാനന്ദ് എന്ന ദീപത് ത്യാഗിയെ വിദ്വേഷക്കേസിലും അറസ്റ്റ് ചെയ്തതായി പൊലിസ്.
ഈ മാസം നാലിന് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കേസില്‍ കടുത്ത ഹിന്ദുത്വവാദിയായ യതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിനും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചത്.
ഗാസിയാബാദ് ദസ്ന ക്ഷേത്രത്തിലെ പൂജാരിയാണ് നരസിംഹാനന്ദ്. വിദ്വേഷക്കേസിലും നരസിംഹാനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. വസീം റിസ്വി എന്ന ജിതേന്ദ്ര നാരായണ്‍ ത്യാഗിയാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പ്രത്യേക സമുദായത്തിലെ സ്ത്രീകള്‍ക്കെതിരേ വംശീയ അധിക്ഷേപം ഉന്നയിച്ചുവെന്ന പാരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. രുചിക എന്ന സ്ത്രീ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. വിദ്വേഷ കേസില്‍ ഞായറാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയെന്ന് ഹരിദ്വാര്‍ സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ ശേഖര്‍ സുയല്‍ പറഞ്ഞു. അതിനിടെ, ഒരു മാധ്യമപ്രവര്‍ത്തനെ ഭീഷണിപ്പെടുത്തിയ കേസിലും നരസിംഹാനന്ദിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു.