ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് തടയുന്നതിനെന്നു വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരായ ഹരജികള്‍ അലഹബാദ് ഹൈക്കോടതി ഈ മാസം 15ന് പരിഗണിക്കും.
നിയമം വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും ഭരണഘടനയ്ക്കും സ്വാതന്ത്ര്യത്തിനും വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി ഉള്‍പ്പെടെയുള്ളവരാണ് 15ന് പരിഗണിക്കുക.
സമാന വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും സുപ്രിംകോടതി സര്‍ക്കാരിന് നോട്ടിസയച്ചിട്ടുണ്ടെന്നും അതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നും അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് ഗോയല്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ ഇതു തള്ളി. സമാന വിഷയം നാലാഴ്ച കഴിഞ്ഞാണ് സുപ്രിംകോടതി പരിഗണിക്കുന്നതെന്നും അതിനാല്‍ ഹൈക്കോടതിക്ക് ഈ ഹരജികള്‍ കേള്‍ക്കുന്നതില്‍ തടസമൊന്നുമില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തെ, വിവാദ നിയമത്തിന്റെ മറപിടിച്ച് സ്വീകരിച്ച ചില നടപടികള്‍ക്കെതിരേ അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയായവര്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയിരുന്ന കോടതി, ഇത്തരം കേസുകളില്‍ ചിലരെ അറസ്റ്റ് ചെയ്യുന്നത് തടയുകയും ചെയ്തിരുന്നു.
Comments are closed for this post.