ന്യൂഡല്‍ഹി: കുട്ടികളുമായി അനുമതിയോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം കുറയ്ക്കാന്‍ കേന്ദ്രം. പ്രായം 18ല്‍ നിന്ന് 16 ആയി കുറക്കുന്നതിനാണ് ആലോചന. പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷനാണ് അഭിപ്രായം തേടിയിരിക്കുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് മെയ് 31ന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 18ല്‍ താഴെ പ്രായമുള്ള കുട്ടികളുമായി അനുമതിയോടെയുള്ള ലൈംഗിക ബന്ധം രാജ്യത്ത് കുറ്റകരമാണ്. അതുകൊണ്ടുതന്നെ പ്രായപരിധി സംബന്ധിച്ച നിലപാട് സമൂഹ്യയാഥാര്‍ഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കാനാണ് ആലോചിക്കുന്നത്.
ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളിലും മറ്റും ഇപ്പോഴും ചെറു പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ഇത്തരക്കാര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മാണം സാധ്യമാകുമോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മിഷനോട് നേരത്തെ ആരായുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നിയമ കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങളാണ് കോടതികള്‍ക്ക് മുന്നില്‍വരുന്നത്.
Comments are closed for this post.