ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് കപ്പല്‍, വിമാന സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മലബാര്‍ ഡെവലമെന്റ് കൗണ്‍സില്‍ (എംഡിസി) പ്രതിനിധി സംഘം ദുബായില്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രസിഡണ്ട് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം വിമാന, കപ്പല്‍ കമ്പനി പ്രതിനിധികളും പ്രമുഖ ഓപറേറ്റര്‍മാരും പ്രവാസി സംഘടനകളും മറ്റു ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാനായാണ് ഇവിടെ എത്തിയത്. ആഘോഷ, അവധി വേളകളില്‍ അമിത വിമാന നിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും മലബാര്‍ ഡെവലമെന്റ് കൗണ്‍സിലിനെ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രക്ക് യുഎഇ-കേരള സെക്ടറില്‍ ചാര്‍ട്ടേര്‍ഡ് യാത്രാ കപ്പല്‍, വിമാന സര്‍വീസ് എന്ന ആവശ്യം കേന്ദ്ര, കേരള സര്‍ക്കാറുകളുടെ മുന്നില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ച നടന്നത്.
സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാല്‍ യുഎഇ-കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ തയാറാണെന്ന് കരിം വെങ്കിടങ്ങ് പറഞ്ഞു.
അനുമതിയും സീറ്റും അനുവദിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സുധീര്‍ ശ്രീധരനും വെളിപ്പെടുത്തി.
കഴിഞ്ഞ ബജറ്റില്‍ കേരള സര്‍ക്കാര്‍ 15 കോടി രൂപ പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുണ്ട്. എംഡിസിയുടെ നിര്‍ദേശത്തിന് അനുകൂല നിലപാടാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാറും സ്വീകരിച്ചതെന്ന് വെഷവലിയാര്‍ ചാക്കുണ്ണി പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നോര്‍കയും കേരള മാരിടൈം ബോര്‍ഡും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കേരളത്തില്‍ നടത്തിയ യോഗത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുച്ചിട്ടുണ്ടായിരുന്നു.
2001ല്‍ ദുബായ്-കേരള സെക്ടറില്‍ രണ്ടു തവണ ചാര്‍ട്ടര്‍ കപ്പല്‍ സര്‍വീസ് നടത്തി വിജയിപ്പിച്ച പരിചയ സമ്പന്നനായ കരീം വെങ്കിടങ്ങുമായാണ് ഭാരവാഹികള്‍ ആദ്യ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും അനുമതിയും അഡീഷണല്‍ സീറ്റും, സൗകര്യങ്ങളും അനുവദിക്കുകയാണെങ്കില്‍ നിലവില്‍ ആഴ്ചയില്‍ 3 സര്‍വീസ് നടത്തുന്ന ദുബായ്, കോഴിക്കോട് സെക്ടറില്‍ ഫ്‌ളൈ ദുബായ് സര്‍വീസ് ദിനംപ്രതി ആക്കാമെന്നും, ആഘോഷ-അവധി വേളകളില്‍ ആവശ്യമെങ്കില്‍ ദിനംപ്രതി എത്ര സര്‍വീസ് വേണമെങ്കിലും നടത്താന്‍ ആവശ്യമായ വിമാനങ്ങളും എല്ലാ സംവിധാനങ്ങളും ഉണ്ടെന്നും ഫ്‌ളൈ ദുബായ് ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ എംഡിസി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. എല്ലാ വിമാന കമ്പനികള്‍ക്കും നടത്താന്‍ താല്‍പര്യമുള്ള സെക്‌റാണ് ദുബായ്-കോഴിക്കോട് എന്നും അദ്ദേഹം അറിയിച്ചു.
എംഡിസി പ്രസിഡണ്ട് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയോടൊപ്പം വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂര്‍, യുഎഇ റീജ്യന്‍ വൈസ് പ്രസിഡന്റ് സിഎ ബ്യൂട്ടി പ്രസാദ്, ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍, ഫ്‌ളോറ ഗ്രൂപ് സിഇഒ മുഹമ്മദ് റാഫി എന്നിവരാണ് നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തിയത്.
പ്രതിനിധി സംഘത്തിന് പ്രതീക്ഷയിലുമപ്പുറമുള്ള സഹകരണവും പ്രോത്സാഹനമാണ് പ്രവാസി സംഘടനകളില്‍ നിന്നും പ്രമുഖ വ്യക്തികളില്‍ നിന്നും ലഭിച്ചത്. ജൂലൈ നാലിന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ(ഐഎഎസ്)യുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments are closed for this post.