ക്രൈസ്തവ പുരോഹിതന്മാരിലും വര്‍ഗീയവാദികളുണ്ടെന്ന സത്യം മലയാളികളെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു നാര്‍ക്കോട്ടിക് ജിഹാദ് വിവാദം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് വിശ്വാസികളോടുള്ള വചന സന്ദേശത്തിനിടെ നാര്‍കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം നടത്തിയത്. ഇതര മതസ്ഥരായ യുവതികളെ ഐ.എസ് ക്യാമ്പില്‍ എത്തിക്കുന്നതായും കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം ബോധപൂര്‍വ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കോടതി പോലും തള്ളിയ ലൗ ജിഹാദ് ഉണ്ടെന്ന് പറയാനും ബിഷപ്പ് ധൈര്യംകാണിച്ചു. ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും അത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. മുസ്്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമം നടത്തുന്നു, ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണ്, കത്തോലിക്കാ കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും പാലാ ബിഷപ്പ് ഇടവകക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ പൊലിസ് കേസെടുത്തെങ്കിലും ഗൗരവമായ വകുപ്പുകളൊന്നും അതില്‍ ചേര്‍ത്തിരുന്നില്ല. വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത് പൊലിസ് അകത്തിട്ട അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോഴും ജയിലിലാണെന്ന കാര്യം ഓര്‍ക്കണം. സംസ്ഥാനത്തെ ഒരു പ്രബല മതവിഭാഗത്തിന്റെ നേതാവായ ബിഷപ്പ് ഈ തരത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനയിറക്കിയിട്ടും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല. ഇത് തികച്ചും അവിശ്വസനീയമായിരുന്നുവെന്നാണ് എഴുത്തുകാരന്‍ സക്കറിയ പ്രതികരിച്ചത്.
ഐസ്‌ക്രീം പാര്‍ലര്‍ വഴി മയക്കുമരുന്ന് നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഞ്ചിച്ച് കൊണ്ടുപോകുന്നു എന്ന പ്രചാരണവും നടന്നു. ഇതെല്ലാം യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്തതും സമൂഹത്തില്‍ ഇസ്്‌ലാംവിദ്വേഷം ഉല്‍പാദിപ്പിക്കുന്നതുമായിരുന്നു. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയിലെ നാസികള്‍ ജനങ്ങളെ പറഞ്ഞു പേടിപ്പിച്ചത് യഹൂദര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നിങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞായിരുന്നു. ഇതിനു തുല്യമായ പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയത്.
പ്രണയം നടച്ച് മുസ്്‌ലിം യുവാക്കള്‍ ഇതര മതക്കാരായ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ബോധപൂര്‍വം ലൗ ജിഹാദ് നടത്തുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതികള്‍ കണ്ടെത്തിയിരുന്നു. ലവ് ജിഹാദ് ആര്‍.എസ്.എസിന്റെ പ്രചാരണമായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു. ഇതിനെ സംഘപരിവാര്‍ സ്വാധീനമുള്ള ഒരുവിഭാഗം മാധ്യമങ്ങളും ചില ബിഷപ്പുമാരും ഏറ്റുപിടിച്ചു. അതിനു പിന്നാലെയാണ് നാര്‍കോട്ടിക് ജിഹാദ് പ്രചാരണം ഉണ്ടായത്. ആര്‍.എസ്.എസും ക്രൈസ്തവ മതാധ്യക്ഷനും ഒരേ സ്വരത്തില്‍ സംസാരിക്കുന്നുവെന്നത് ഗൗരവമേറിയ വിഷയമായിരുന്നു. ഇവര്‍ പ്രതിനിധീകരിക്കുന്ന മതവിഭാഗങ്ങളില്‍ ഒരുവിഭാഗം ഇത് ശരിയെന്ന് വിശ്വസിക്കും. ഇത് സമൂഹത്തില്‍ കൊടിയ ഇസ്്‌ലാം വിദ്വേഷത്തിനാണ് ഇടയാക്കുക. മതന്യൂനപക്ഷമായ തങ്ങളും സംഘപരിവാറിന്റെ ഇരകളാണെന്ന യാഥാര്‍ഥ്യം മറന്ന് അവര്‍ക്ക് പിന്തുണ നല്‍കിയ ബിഷപ്പിന്റെ നിലപാടിന് പക്ഷേ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികളുടെയും പിന്തുണ ലഭിച്ചില്ല. കാരണം അവര്‍ ജീവിക്കുന്നത് മുസ്്‌ലിംകളുടെ കൂടെയാണ്. അവര്‍ക്കറിയാം ഇതൊന്നുമല്ല സത്യം എന്ന കാര്യം. ഈ തിരിച്ചറിവാണ് കേരളത്തെ വര്‍ഗീയ കലാപങ്ങളില്‍ നിന്നും രക്ഷിക്കുന്നത്.
Comments are closed for this post.