2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഭാരം താങ്ങാന്‍ മാരുതിയുടെ സൂപ്പര്‍ കാരി

എ. വിനീഷ്

മാരുതി സുസുകിയുടെ പുതിയ വണ്ടിയെന്നു കേട്ടാല്‍ ഏതോ പുതിയ കാര്‍ വരുന്നെന്ന്  കരുതിയാവും എല്ലാവരും കാത്തിരിക്കുക. എന്നാല്‍ മാരുതിയുടെ പുതിയ സൂപ്പര്‍ കാരി കാര്‍ അല്ല.  എല്‍. സി. വി അഥവാ ലെറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍ എന്ന വിഭാഗത്തിലേക്കാണ് മാരുതിയുടെ പുതിയ കണ്ണ്.

നമുക്ക് പരിചയമുള്ള ടാറ്റയുടെ എയ്‌സ് ഉള്‍പ്പെടെയുള്ളവ അടക്കി വാഴുന്നതാണ് ഇന്ത്യയിലെ എല്‍. സി. വി മാര്‍ക്കറ്റ്. 2016 ന്റെ അടുത്ത പകുതിയില്‍ സൂപ്പര്‍ കാരി ഇന്ത്യന്‍ നിരത്തുകളില്‍ ഓടിതുടങ്ങുമെന്നാണ് കരുതുന്നത്. സെലിറിയോ ഡീസല്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിനായിരിക്കും സൂപ്പര്‍കാരിയിലും സ്ഥാനം പിടിക്കുക. ഈ ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 ബി. എച്ച്. പി കരുത്തുണ്ട്.

 

maruti-suzukiqq

ഹരിയാനയിലെ പ്‌ളാന്റില്‍നിന്ന്  ആദ്യ വര്‍ഷം 80,000 യൂണിറ്റുകള്‍ നിര്‍മിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.  ഒരു ടണ്‍ ശേഷിയുണ്ടെന്ന് കരുതുന്ന ഈ എല്‍. സി. വിക്ക്  മാര്‍ക്കറ്റില്‍ ടാറ്റായുടെ എയ്‌സിന് പുറമേ മഹീന്ദ്രയുടെ മാക്‌സിമോ പ്‌ളസിനോടും ഏറ്റുമുട്ടേണ്ടി വരും.
വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ പുറത്തിറങ്ങുന്ന സുസുകി കാരി എന്ന ലെറ്റ് ട്രക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് സൂപ്പര്‍ കാരിയും നിര്‍മിച്ചിരിക്കുന്നത്. ചെലവ് കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെ ഓമ്‌നിയില്‍ നിന്നുള്ള ഡോറുകള്‍ ആണ് സൂപ്പര്‍ കാരിയിലും സ്ഥാനം പിടിച്ചിരിക്കുന്നത്.

യഥാര്‍ഥത്തില്‍  സുസുകി കാരിയെ  വാന്‍ ആക്കി മാറ്റിയതാണ്  നമ്മുടെ മാരുതി ഓമ്‌നി. 1961 മുതല്‍ ജപ്പാനില്‍ നിര്‍മിക്കുന്ന സുസുകി കാരിയുടെ  ഏഴാം തലമുറയെ രൂപഭേദം വരുത്തി വാന്‍ ആക്കുകയായിരുന്നു.  ഘട്ടംഘട്ടമായാണ് സൂപ്പര്‍ കാരി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുകയെന്നാണ് കേള്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ പഞ്ചാബിലും ഗുജറാത്തിലും പിന്നീട് ഹരിയാനയിലും വിപണിയിലിറക്കുമെന്നാണ് മാരുതി പറയുന്നത്.

അതിന് ശേഷമായിരിക്കും മറ്റിടങ്ങളില്‍ സൂപ്പര്‍ കാരി എത്തുക. ഭാവിയില്‍ ഒരു സി. എന്‍. ജി വേര്‍ഷനും ഉണ്ടാകുമെന്ന് മാരുതി വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. മാരുതി ഇക്കോ വാനിലുള്ള 1.2 ലിറ്റര്‍ എഞ്ചിനായിരും സി. എന്‍. ജി  മോഡലില്‍ ഉണ്ടാവുക. 3.8 മീറ്റര്‍ നീളവും 1.56 മീറ്റര്‍ വീതിയും ഉണ്ട്  സൂപ്പര്‍ കാരിക്ക്.

maruti-suzuki-

കയറ്റുമതി  ലക്ഷ്യം

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയില്ലെങ്കിലും സൂപ്പര്‍കാരിയുടെ നിര്‍മാണം മാരുതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. പക്ഷേ, കയറ്റുമതി ലക്ഷ്യമിട്ടാണെന്ന് മാത്രം. സൗത്ത് ആഫ്രിക്കയിലേക്കും ടാന്‍സാനിയിലേക്കും ഇതിനകം 100 സൂപ്പര്‍കാരി കയറ്റിയയച്ചുകഴിഞ്ഞു.

ഇവിടങ്ങളിലേക്കായി 71 ബി. എച്ച്. പി കരുത്തുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്  ഉപയോഗിക്കുന്നത്. 129,900 റാന്‍ഡ്  (5.58 ലക്ഷം രൂപ) ആണ്  സൗത്ത് ആഫ്രിക്കയിലെ വില.  സാര്‍ക്ക് രാജ്യങ്ങളിലേക്കും സൂപ്പര്‍ കാരി കയറ്റുമതി ചെയ്യാന്‍ മാരുതി സുസുകിക്ക്  പദ്ധതിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.