2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പാസ്‌വേര്‍ഡ് മറന്നു!! ബിറ്റ്‌കോയിന്‍ നിക്ഷേപകന് നഷ്ടപ്പെടാന്‍ പോകുന്നത് 1609.85 കോടി രൂപ

സാന്‍ഫ്രാന്‍സിസ്‌കോ: ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കിപ്പോള്‍ സുവര്‍ണ കാലമാണ്. തിങ്കളാഴ്ച്ച ബിറ്റ്‌കോയിന്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് പിന്നീട് രേഖപ്പെടുത്തിയത്. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന ജര്‍മന്‍ വംശജനായ സ്റ്റെഫാന്‍ തോമസും ബിറ്റ്‌കോയിനിലൂടെ കോടികളുടെ സമ്പാദ്യമാണ് വരാനിരിക്കുന്നത്. സ്റ്റെഫാന്റെ കൈവശം നിലവില്‍ 7,002 ബിറ്റ്‌കോയിനുകളാണ് ഉള്ളത്. ഇത് വിറ്റാല്‍ അദ്ദേഹത്തിന് ഇപ്പോളത്തെ നിരക്ക് പ്രകാരം 220 ദശലക്ഷം ഡോളര്‍( ഏകദേശം 1609.85 കോടി രൂപ) ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇവിടെ ഒരു വലിയ പ്രശ്‌നത്തിലാണ് സ്റ്റെഫാന്‍ അകപ്പെട്ടിരിക്കുന്നത്. ബിറ്റ്‌കോയിന്‍ പാസ് വേര്‍ഡ് സൂക്ഷിച്ചിരുന്ന പേപ്പര്‍ അദ്ദേഹത്തില്‍ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്നു. എന്തൊരു ഭാഗ്യക്കേടാണ് അല്ലെ…

ഒരു ബിറ്റ്‌കോയിന്‍ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് 10 തവണ മാത്രമാണ് ഊഹിക്കാന്‍ അനുവദിക്കുന്നത്. പത്താം തവണയും തെറ്റിയാല്‍ ലോക്കര്‍ എന്നന്നേക്കുമായി അടയ്ക്കപ്പെടുന്നു. ഇവിടെ ഇദ്ദേഹം എട്ടുതവണ പാസ് വേര്‍ഡ് ഊഹിച്ച് പരാജയപ്പെട്ടിരിക്കുകയാണ്. ഇനി ബാക്കിയുള്ളത് രണ്ട് അവസരം മാത്രം. പലപ്പോഴും വളരെ ആസൂത്രണത്തോടെയുമാണ് ഇദ്ദേഹം തന്റെ അക്കൗണ്ട് തുറന്ന് പാസ്‌വേര്‍ഡ് അടിക്കാറ് എന്നാല്‍ എല്ലാതവണയും തെറ്റി. 

കൊറോണ ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്ത അവസരത്തിലും അസാധാരണവും അസ്ഥിരവുമായ എട്ട് മാസങ്ങള്‍കൊണ്ട് ബിറ്റ്‌കോയിന്‍ അതിന്റെ ധാരാളം ഉടമകളെ സമ്പന്നരാക്കി മാറ്റിയിട്ടുണ്ട്.  അതേസമയം, നിരവധി ആളുകള്‍ സ്റ്റെഫാനെപ്പോലെ ഭാഗ്യക്കേടുകൊണ്ട് എല്ലാം നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. 

ലോകത്ത് ആകെ 18.5 ദശലക്ഷം ബിറ്റ്‌കോയിനുകളാണ് ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ ഏകദേശം 20 ശതമാനം അഥവാ 14000 കോടി ഡോളര്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ സ്റ്റെഫാനു സംഭവിച്ചതു പോലെ മുന്നോട്ടു പോകാനാകാതെ പെട്ടുപോയിരിക്കുകയോ ആണെന്നാണ് ചെയ്‌നാലസിസിന്റെ (Chainalysis) കണക്കുകള്‍ കാണിക്കുന്നത്.

കൊറോണ കാലത്ത് സ്വര്‍ണത്തേക്കാള്‍ മികച്ച നിക്ഷേപമായി പലരും ബിറ്റ്‌കോയിനെ കാണുന്നുണ്ട്. അതിനാല്‍ തന്നെ 2020 ല്‍ ദിനംപ്രതി ശരാശരി 2.7 ശതമാനം വളര്‍ച്ചയാണ് ബിറ്റ്‌കോയിന്‍ രേഖപ്പെടുത്തിയത്. ഇതേ കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ വളര്‍ച്ച 0.9 ശതമാനം മാത്രമായിരുന്നു. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.