
ദമാം: കൊറോണക്കാലത്തെ സഊദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാനടിക്കറ്റ് നിരക്കിൽ നോർക്ക ഹെൽപ്പ്ഡെസ്ക്ക് നടത്തിയിരുന്ന വിമാനസർവ്വീസുകൾ, നോർക്കയുടെ നിർദ്ദേശപ്രകാരം കിഴക്കൻ പ്രവിശ്യ ലോകകേരളസഭയുടെ നേതൃത്വത്തിൽ തുടർന്നും സർവ്വീസ് നടത്തുന്നു. അതിന്റെ ഭാഗമായ ചാറ്റേർഡ് വിമാനം വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് ദമാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു. പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1095 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് ലോകകേരളസഭ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്. ലോകകേരള സഭംഗങ്ങൾ ആയ പവനൻ മൂലക്കീൽ, നാസ് വക്കംഎന്നിവർ വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാനുണ്ടായിരുന്നു.
സഊദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്കായി കേന്ദ്രസർക്കാരിന്റെ “വന്ദേ ഭാരത് മിഷൻ” പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ കുറവായതിനാലും, സംഘടനകൾ നടത്തിയ ചാർട്ടേർഡ് വിമാനസർവ്വീസ് നിരക്കുകൾ താരതമ്യേന കൂടുതലാണ് എന്ന പരാതി ഉയർന്നതിനാലുമാണ്, ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിയ്ക്കാൻ നോർക്ക തീരുമാനിച്ചത്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കായി ഇതുവരെ എട്ടു ചാർട്ടേർഡ് വിമാനങ്ങളാണ് നോർക്കയുടെ നേതൃത്വത്തിൽ സർവ്വീസുകൾ നടത്തിയത്.
അഞ്ചു മാസങ്ങൾക്കു മുൻപ്, കൊവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരം കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് രൂപീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന നോർക്ക ഹെൽപ്പ് ഡെസ്ക്ക് നിലവിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ രണ്ടു ആഴ്ചകൾക്ക് മുൻപ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് നോർക്കയുടെ നിർദ്ദേശം അനുസരിച്ചു, ലോകകേരളസഭ തന്നെ നേരിട്ട് ചാർട്ടേർഡ് വിമാനസർവ്വീസുകൾ ഏറ്റെടുത്തു പ്രവർത്തിയ്ക്കാൻ തീരുമാനിച്ചു.