പാരിസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസി ടീം വിടുമെന്ന് അറിയിച്ച് പി.എസ്.ജി പരിശീലകന്‍ ക്രിസ്റ്റൊഫെ ഗാല്‍ട്ടയര്‍. ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്നും ഗാല്‍ട്ടയര്‍ വ്യക്തമാക്കി.
‘ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പി.എസ്.ജി ജേഴ്‌സിയില്‍ മെസിയുടെ അവസാന പോരാട്ടമായിരിക്കും.’ – ഗാള്‍ട്ടയര്‍ വ്യക്തമാക്കി.
മെസിയെ സ്വന്തമാക്കാനായി പല ക്ലബ്ബുകളും രംഗത്തുണ്ടെന്ന വാര്‍ത്തയുണ്ട്. മെസി പി.എസ്.ജി വിട്ട് സഊദി അറേബ്യയിലേക്ക് ചേക്കേറുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മെസിയുടെ കുടുംബത്തിലെ ഏതാനും പേര്‍ക്ക് മെസി സഊദിയില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് രണ്ട് ദിവസം മുന്‍പ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മെസി ബാഴ്‌സലോണയിലേക്ക് തന്നെയാകും മടങ്ങുക എന്നാണ് സ്‌പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മെസിയെ ടീമിലെത്തിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബാഴ്‌സലോണ പരിശീലകന്‍ സാവി വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുന്നതിന് മെസി ബാഴ്‌സലോണയ്ക്ക് പത്ത് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തെ തന്നെ ലീഗില്‍ കിരീടം സ്വന്തമാക്കിയതിനാല്‍ നാളത്തെ മത്സരത്തില്‍ മെസിയ്ക്കും സംഘത്തിനും സമ്മര്‍ദ്ദമില്ലാതെ കളിയ്ക്കാനാകും.
lionel-messis-departure-from-french-league-club-psg-coach-confirms
Comments are closed for this post.