ഇന്‍സ്റ്റഗ്രാമില്‍ 600 ദശലക്ഷം ആളുകളാണ് ക്രിസ്‌റ്റ്യോനോയെ പിന്തുടരുന്നത്. അതുകൊണ്ടുതെന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരവും റൊണാള്‍ഡോയാണ്. രണ്ടാം സ്ഥാനത്തുള്ള ലയണല്‍ മെസ്സിക്ക് 483 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ചൊല്ലി ഇരുവരുടെയും മുന്‍ സഹതാരമായ സെര്‍ജിയോ റാമോസിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സൗദി അല്‍ നസ്ര്‍ താരമായ റൊണാള്‍ഡോ.
പി.എസ്.ജിയില്‍ ലയണല്‍ മെസ്സിയുടെയും റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെയും സഹതാരമായിരുന്ന റാമോസ് 60 ദശലക്ഷം ഫോളോവേഴ്‌സ് തികഞ്ഞപ്പോള്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ക്രിസ്റ്റ്യാനോയുടെ ‘പരിഹാസ’ത്തിന് ഇടയാക്കിയത്. ‘നമ്മള്‍ തുടങ്ങിയത് 2014ലാണ്. അസാധ്യമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ 60 ദശലക്ഷത്തിന്റെ കരുത്തുണ്ട്’ എന്നായിരുന്നു റാമോസിന്റെ പോസ്റ്റ്. എന്നാല്‍, ‘എനിക്കൊപ്പമെത്താന്‍ നിനക്ക് മറ്റൊരു പൂജ്യം കൂടി വേണം’ എന്നായിരുന്നു ചിരിക്കുന്നതും കരയുന്നതുമായ ഇമോജികളടക്കമുള്ള ക്രിസ്റ്റ്യാനോയുടെ ട്രോള്‍. ‘അധികം ആത്മവിശ്വാസം വേണ്ട ക്രിസ്. തിരിച്ചുവരവിലെ സ്‌പെഷലിസ്റ്റാണ്. 93 മിനിറ്റും അതിലധികവുമുണ്ട്’, എന്നായിരുന്നു റാമോസിന്റെ തമാശ രൂപത്തിലുള്ള മറുപടി.
പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ താരമായിരുന്ന റാമോസ് കരാര്‍ കാലാവധി കഴിഞ്ഞതോടെ ഇപ്പോള്‍ ഫ്രീ ഏജന്റാണ്. അദ്ദേഹം ക്രിസ്റ്റ്യാനോക്കൊപ്പം ചേരാന്‍ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുമെന്നും മെസ്സിക്കൊപ്പം അമേരിക്കന്‍ മേജര്‍ ലീഗിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
Comments are closed for this post.