2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൈകാലുകള്‍ നഷ്ടമായവര്‍, എങ്ങും നിലവിളികള്‍; എന്താണ് നടന്നതെന്നറിയാതെ ബഹനഗ ബസാര്‍ സ്റ്റേഷന്‍

കൈകാലുകള്‍ നഷ്ടമായവര്‍, എങ്ങും നിലവിളികള്‍; എന്താണ് നടന്നതെന്നറിയാതെ ബഹനഗ ബസാര്‍ സ്റ്റേഷന്‍

ഭുവനേശ്വര്‍: കൈകാലുകള്‍ നഷ്ടമായവര്‍, മേലാകെ ചോരയൊലിച്ച് നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍, ചലനമറ്റ മനുഷ്യശരീരങ്ങള്‍… ട്രെയിനുകളുടെ കൂട്ടിയിടിമൂലമുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒഡീഷയിലെ ബാലസോറില്‍ ബഹനഗ ബസാര്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി കണ്ടത് നൊമ്പര കാഴ്ചകളും മനസ്സാക്ഷിയെ നടക്കുന്ന ദൃശ്യങ്ങളും. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

ഇന്നലെ രാത്രി 7.20 ഓടെയാണ് അപകടങ്ങളുടെ തുടക്കം. ചെന്നൈ സെന്‍ട്രലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന കോറൊമന്‍ഡല്‍ എക്‌സ്പ്രസ്, സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുവണ്ടിയില്‍ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറൊമന്‍ഡലിന്റെ ഏതാനും ബോഗികള്‍ പാളംതെറ്റി. ഈ അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് യശ്വന്ത്പൂര്‍ ഹൗറ എക്‌സ്പ്രസ് അതുവഴി വന്നത്. പാളം തെറ്റിക്കിടക്കുന്ന കോറൊമന്‍ഡലിന്റെ ബോഗികളില്‍ യശ്വന്ത്പൂര്‍ ഹൗറ എക്‌സ്പ്രസ് ഇടിച്ചതാണ് അപകടം കൂടുതല്‍ ഭീകരമാകാന്‍ കാരണം.

ഈ സമയം രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് അപകടസ്ഥലത്തുണ്ടായിരുന്നത്. എന്താണ് നടക്കുന്നതെന്ന് അറിയാതെ ഏതാനും നേരത്തേക്ക് അതിഭീകരമായ അവസ്ഥയായിരുന്നു ബഹനഗ ബസാര്‍ സ്റ്റേഷനിലും പരിസര പ്രദേശത്തും.

അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം ഏറെ നേരം താറുമാറായി. ദേശീയ ദ്രുതകര്‍മസേന, ഫയര്‍ഫോഴ്‌സ്, റെയില്‍പേ പൊലിസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും ഇന്ന് സംഭവസ്ഥലത്തെത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.