2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെളിച്ചത്തിൻ്റെയും വെളിച്ചം

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

മുഹമ്മദ് നബി(സ) മനുഷ്യരാശിയുടെ ചരിത്രത്തിലെ അത്ഭുതമാണ്. ആറാം നൂറ്റാണ്ടില്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) ഇസ്‌ലാമിന്റെ അവസാന പ്രവാചകനാണ്. മനുഷ്യരാശിക്ക് മുഴുവനും കാലാതീതവും സാര്‍വത്രികവുമായ മാതൃകയായി വര്‍ത്തിക്കുന്നു, പ്രവാചകൻ. ലോകത്തിനാകെ കാരുണ്യമാണ് തിരുദൂതരെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചത് കാണാം. അവിടുത്തെ മാതൃകാപരമായ ജീവിതം, സ്വഭാവം, അധ്യാപനങ്ങള്‍, ഇടപെടലുകൾ എല്ലാം വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു.


പ്രവാചകന്‍ മുഹമ്മദ് നബി(സ) കുറ്റമറ്റ ധാര്‍മികസ്വഭാവത്തിന് പേരുകേട്ട വ്യക്തിയാണ്. ഇത് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയതും ശത്രുക്കള്‍പോലും അംഗീകരിച്ചതുമാണ്. അവിടുന്ന് പ്രബോധനം ചെയ്ത ഖുര്‍ആനിക തത്ത്വങ്ങളുടെ മാതൃകയായിരുന്നു ആ ജീവിതം. നബിയുടെ ജീവിതം ഖുര്‍ആനായിരുന്നു എന്ന് പ്രിയപത്‌നി ബീവി ആഇശ(റ) പ്രസ്താവിച്ചത് കാണാം. വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് എങ്ങനെ ജീവിക്കണമെന്ന് അക്ഷരംപ്രതി അവിടുന്ന് കാണിച്ചുതന്നു. പിന്തുടരാന്‍ പറ്റിയ ഉത്തമദര്‍ശനം മാത്രമാണ് അവിടുന്ന് പഠിപ്പിച്ചത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധത, വിശ്വസ്തത, നീതി തുടങ്ങിയവയ്ക്ക് തിരുദൂതര്‍ ഊന്നല്‍ നല്‍കി. അവിടുത്തെ സത്യസന്ധത വളരെ പ്രശസ്തമായിരുന്നു, പ്രവാചകത്വത്തിന് വളരെ മുമ്പുതന്നെ വിശ്വസ്തന്‍ എന്നര്‍ഥമുള്ള ‘അല്‍-അമീന്‍’ എന്ന പദവി തിരുനബിക്ക് ലഭിച്ചിരുന്നു.

   


മുഹമ്മദ് നബി എല്ലാ ജീവജാലങ്ങളോടും അസാമാന്യ അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിച്ചു. മൃഗങ്ങളോടുള്ള കാരുണ്യ പെരുമാറ്റത്തിനായി അദ്ദേഹം വാദിച്ചു. ‘മറ്റുള്ളവരോട് കരുണ കാണിക്കാത്തവരോട് സ്രഷ്ടാവ് കരുണ കാണിക്കില്ല’ എന്ന് പ്രവാചകന്‍ പഠിപ്പിച്ചു.മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ മനുഷ്യനെ മനുഷ്യനാക്കുന്നതായിരുന്നു. മനുഷ്യന്‍ ചെയ്യുന്ന മിക്ക പ്രവൃത്തിയും മൃഗങ്ങളും ചെയ്യുന്നുണ്ട്. ഒരു മൃഗത്തെ നിരീക്ഷിക്കൂ. തിന്നുക, കുടിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, രമിക്കുക, വിസര്‍ജിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആ മൃഗം ചെയ്യുന്നു. ഇതേ പ്രവൃത്തി മനുഷ്യനും ചെയ്യുന്നു.

പക്ഷേ മനുഷ്യൻ്റെ സംസ്കാരം വ്യത്യസ്തമാണ്. ആ സംസ്കാരം പിന്തുടരുമ്പോഴാണ് മനുഷ്യന്‍ മൃഗത്തിൽനിന്ന് വ്യത്യസ്തനാകുന്നത്. അതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ബാധകമാണ്. ഇങ്ങനെ മൃഗത്തിന്റെ വിശേഷണങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിച്ചെടുക്കുന്ന വിശേഷണങ്ങളിലേക്കുള്ള സംസ്‌കരിക്കലായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. അത്തരം സംസ്‌കരണങ്ങൾക്കുവേണ്ടിയാണ് പ്രവാചകന്മാരെ നിയോഗിച്ചത്. എല്ലാ കാര്യങ്ങളിലും മാന്യതയും മര്യാദയും പഠിപ്പിക്കുകയായിരുന്നു അവര്‍. തിരുദൂതരെ നിയോഗിച്ചത് പരാമര്‍ശിച്ച് ഖുര്‍ആന്‍ പറഞ്ഞു: ഒരു റസൂലിനെ സത്യവിശ്വാസികള്‍ക്ക് നിയോഗിച്ചതുമൂലം വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തിട്ടുള്ളത്. അദ്ദേഹം അവര്‍ക്ക് അവന്റെ ആയത്തുകളെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുണ്ടാക്കിത്തീര്‍ക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.

അതിന് (ആ റസൂല്‍ വരുന്നതിനു) മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത് ‘(ആലു ഇംറാന്‍ -164).
നമ്മുടെ ജീവിതത്തിൻ്റെ നിസാരങ്ങളെന്നു വിചാരിക്കുന്ന കാര്യങ്ങള്‍പോലും വളരെ പ്രാധാന്യത്തോടുകൂടിയാണ് തിരുനബി(സ) പഠിപ്പിച്ചത്. സാമൂഹികവും വൈയക്തികവുമായ ഒരു വിഷയവും അവിടുന്ന് പരാമര്‍ശിക്കാതെ പോയിട്ടില്ല. എങ്ങനെ ഭരണം നടത്തണമെന്ന് തുടങ്ങി ഏതുരീതിയില്‍ വസ്ത്രം ധരിക്കണമെന്നും ചെരുപ്പ് ധരിക്കണമെന്നും നഖം മുറിക്കുമ്പോള്‍ ആദ്യം ഏതില്‍ നിന്ന് തുടങ്ങണമെന്നും വിസര്‍ജ്യ മര്യാദകള്‍ എന്താണെന്നും വരെ മനുഷ്യജീവിതത്തിന്റെ സര്‍വസ്പര്‍ശിയായ കാര്യങ്ങളും അവിടുന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട്.


ആരാധനകളിലും അനുഷ്ഠാനങ്ങളിലും മാത്രമല്ല പ്രവാചകന്റെ മാതൃക പിന്തുടരേണ്ടത്. ‘ഉത്തമ സ്വഭാവ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്’ എന്ന് പ്രവാചകര്‍ (സ) തന്നെ പറഞ്ഞത് കാണാം. പ്രവാചക നിയോഗത്തിന്റെ പൊരുള്‍ പരാമര്‍ശിച്ച സ്ഥലങ്ങളില്‍ സമൂഹത്തെ സംസ്‌കരിച്ചെടുക്കലാണ് പ്രവാചക ദൗത്യമെന്ന് പരമാര്‍ശിച്ചത് വെറുതെയല്ല.


തിരുനബി(സ)യെ പ്രഭ ചൊരിയുന്ന വിളക്കുമാടത്തോടാണ് ഖുര്‍ആന്‍ ഉപമിച്ചത്(അല്‍ അഹ്‌സാബ് 46). ആ പദം സൂര്യനെ സംബന്ധിച്ച് പരാമര്‍ശിച്ച സ്ഥലങ്ങളിലും കാണാം. നേര്‍വഴി കാണിക്കാന്‍ വന്ന വെളിച്ചത്തിന്റെ പ്രകാശധവളിമ അത്രമേല്‍ സുശക്തമാണ് എന്ന് മനുഷ്യനെ പഠിപ്പിക്കുകയാണ് അല്ലാഹു ചെയ്തത്.
പ്രവാചകനെ നാം പിന്തുടരുന്നത് കേവലം ഭൗതികകാര്യങ്ങളില്‍ എന്തെങ്കിലും മാതൃകയുള്ളതുകൊണ്ടല്ല. അല്ലാഹു പിന്തുടരാന്‍ കല്‍പിച്ച വ്യക്തിത്വമായത് കൊണ്ടാണ്.

ആ വ്യക്തിത്വത്തെ തന്നെ സ്‌നേഹിക്കണം. അവിടുന്ന് കൊണ്ടുവന്ന തത്വങ്ങളും നിയമങ്ങളും അംഗീകരിച്ചതുകൊണ്ടുമാത്രവും ആയില്ല, സ്‌നേഹം മുഹമ്മദ് നബിയെന്ന ആളിനോടുതന്നെ വേണം. ഒരാളെ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോള്‍ അയാളുടെ ആശയം പകർത്തലും നിരന്തരമായി അദ്ദേഹത്തെ ഒാർക്കലും പ്രകീർത്തിക്കലും ജീവിതത്തിൽ പിൻപറ്റലും സ്വാഭാവികമായും ഉണ്ടാകും. അവിടുത്തെ ജീവിതം ആഴത്തില്‍ പഠിച്ച്, ആത്മാര്‍ഥമായ സ്‌നേഹവും ഇത്തിബാഉം നേടാന്‍ നമുക്ക് സാധിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.