2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനസ്സൊന്ന് തണുപ്പിക്കണോ മൊഞ്ചുള്ള ഫോട്ടോ എടുക്കണോ…തോണിക്കടവിലേക്ക് വരൂ

കൊവിഡ് കാലത്തെ അടച്ചു പൂട്ടലില്‍ മനസ്സു മടുത്ത് ഇരിക്കുകയാണോ നിങ്ങള്‍. മനസ്സൊന്ന് തണുപ്പിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഇത് ഇങ്ങ് കോഴിക്കോട് ജില്ലയിലെ തോണിക്കടവിലേക്ക് വരൂ. നല്ല മൊഞ്ചുള്ള ഫോട്ടോയുമെടുക്കാം. മനസ്സും തണുപ്പിക്കാം. കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രകൃതിക്ക് ഒട്ടും പോറലേല്‍പ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്ത് അതിമനോഹരമായ മറ്റൊരു പ്ലോട്ടുമുണ്ട്. കരിയാത്തന്‍ പാറ.

അടച്ചിടലിന് ശേഷം ഒന്ന് അണിഞ്ഞൊരുങ്ങിയിട്ടുമുണ്ട് തോണിക്കടവ്. കോഴിക്കോട് കലക്ടര്‍ തന്നെ തോണിക്കടവിനെ കുറിച്ച വിവരങ്ങള്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് ഇതാ
പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്
കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രകൃതിക്ക് ഒട്ടും പോറലേല്‍പ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകള്‍ക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവിടാനും അവധി ദിനങ്ങള്‍ ആഘോഷമാക്കാനും അനുയോജ്യമാണ് തോണിക്കടവും കരിയാത്തുംപാറയും.
കോവിഡ് കാലത്തെ അടച്ചിടലുകള്‍ക്കൊടുവില്‍
തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് ഹൃദ്യമായ അനുഭവമാണ്.


കക്കയം മലനിരകളും, ബോട്ട് സര്‍വീസിന് അനുയോജ്യമായ കുറ്റ്യാടി റിസര്‍വോയറിന്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, കൂടാരങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം.
കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളന്‍ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികള്‍ക്ക് നല്‍കുക മനസ് കുളിര്‍പ്പിക്കുന്ന അനുഭവങ്ങളാണ്.
3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍വ്വഹണ ചുമതല. ടൂറിസം മാനേജ്‌മെന്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014 ല്‍ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റര്‍, ഗ്രീന്‍ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ജെട്ടി, ലാന്‍ഡ് സ്‌കേപ്പിങ്, തുടങ്ങിയവയാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പന്‍ഷന്‍ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കൂടി പൂര്‍ത്തിയാവുമ്പോള്‍ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറും.


താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ അയല്‍വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.