2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നവരാണോ നിങ്ങള്‍….

കുഞ്ഞുന്നാള്‍ മുതല്‍ നമ്മെ ശീലിപ്പിക്കുന്ന കാര്യമാണ് കയ്യും മുഖവുമൊക്കെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക എന്നത്. വൃത്തിയാവാന്‍ നല്ലതുമാണ് സോപ്പ്. എന്നാല്‍ മുഖം സോപ്പുപയോഗിച്ച് അത്ര നല്ല ശീലമല്ലെന്നാണ് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നത്.

സോപ്പ് മുഖത്തെ ചര്‍മ്മത്തിന് വളരെ ദോഷകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. നാം ഉപയോഗിക്കുന്ന ഉല്‍പന്നത്തെ അനുസരിച്ച് ഇരിക്കുമെങ്കിലും ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മൂലം ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കുകയും ചര്‍മ്മത്തെ മങ്ങിയതും പരുക്കന്‍ രൂപത്തിലുള്ളതാക്കുകയും ചെയ്‌തേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സോപ്പ് അഴുക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മലിനീകരണം മൂലം റഡിക്കലായുള്ള കേടുപാടുകള്‍ കുറയ്ക്കുന്നു, ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. എന്നാല്‍ ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നതിന് ഗുരുതരമായ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ…

 

ചര്‍മ്മം വരണ്ടുപോകലും അകാല വാര്‍ധക്യവും

സോപ്പിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചര്‍മത്തിലെ തടസ്സത്തെ എളുപ്പത്തില്‍ നീക്കുന്നു. ഇത് പലതരം ജൈവിക വിഷങ്ങള്‍, ബാക്ടീരിയ, രോഗാണുക്കള്‍, മറ്റു മാലിന്യങ്ങള്‍ തുടങ്ങിയവ ചര്‍മ്മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കാരണമാവുന്നു. ഇത് ചര്‍മം വരണ്ടതാകാനും, ചുവന്ന് തടിക്കാനും അസ്വസ്ഥതകളും ചൊറിച്ചിലുകളും ഉണ്ടാവാനും ഇടയാക്കുന്നു.

ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു

ദോഷകരമായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്ന വിവിധതരം സൂക്ഷ്മാണുക്കള്‍ ചര്‍മ്മത്തിലുണ്ട്. ചര്‍മ്മത്തിന്റെ അസിഡിറ്റി ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുന്ന ഇവ സ്‌കിന്‍ മൈക്രോബയോം എന്നാണ് അറിയപ്പെടുന്നത്.

സോപ്പുകളിലെ രാസവസ്തുക്കള്‍ അസിഡിറ്റി കുറയ്ക്കുകയും ധാരാളം നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു. ഇതിന്റെ ഫലമായി മുഖക്കുരു, വൈറ്റ് ഹെഡ്‌സ്, എന്നിവ വരാനുംസാധ്യതയുണ്ട്.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടക്കുന്നു

സോപ്പുകളുടെ സ്ഥിരമായ ഉപയോഗം ചര്‍മ്മത്തിന്റെ ഉപരിതലത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ കാരണമാകും. ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, മിക്ക സോപ്പുകളിലും ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, അത് സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും അവയെ അടക്കുകയും ചെയ്യുന്നു. ഇത് ബ്ലാക്ക്‌ഹെഡ്‌സ്, ബ്രേക്കൗട്ടുകള്‍, അണുബാധകള്‍ തുടങ്ങിയ വിവിധ ചര്‍മ്മ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

ചര്‍മ്മത്തിലെ വിറ്റാമിനുകളെ ഇല്ലാതാക്കും

സോപ്പ് ബാറുകള്‍ ചര്‍മ്മത്തില്‍ നിന്ന് അവശ്യ വിറ്റാമിനുകള്‍ നീക്കം ചെയ്യുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിന്‍ ഡി പോലും സോപ്പിലെ കഠിനമായ രാസവസ്തുക്കള്‍ കാരണം നശിക്കുമെന്നും ചര്‍മ്മരോഗ വിദഗ്ധര്‍ പറയുന്നു.

ത്വക്ക് രോഗങ്ങള്‍ക്കും കാരണമാവുന്നു
ചര്‍മത്തിന് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളടങ്ങിയ സോപ്പുകളാണെങ്കില്‍ അത് പലതരം ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാവുന്നു.

എങ്ങിനെ നമുക്ക് സുരക്ഷിതമായി മുഖം കഴുകാം
നിങ്ങളുടെ മുഖം വൃത്തിയാക്കാനും ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാനും നിങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ നിരവധി മാര്‍ഗങ്ങളുണ്ട്. ക്രീം ക്ലെന്‍സറുകള്‍, ഫോം ക്ലെന്‍സറുകള്‍,ജെല്‍ ക്ലീനറുകള്‍,ക്ലേ ക്ലീനറുകള്‍,ഓയില്‍ ക്ലെന്‍സറുകള്‍ ഇവയൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഇവ തെരഞ്ഞെടുക്കാന്‍. അതല്ലെങ്കില്‍ ഏതെങ്കിലും ചര്‍മ്മ രോഗ വിദഗ്ധന്റെ അഭിപ്രായം തേടിയും ഇവ തെരഞ്ഞെടുക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.