2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുരുമുളകിലെ മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പ വഴി

ആരോഗ്യഗുണത്തിനും ആകര്‍ഷണീയമായ ഗന്ധത്തിനും രുചിക്കുമൊക്കെ ഏറെ കേളി കേട്ടതാണ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും മസാലക്കൂട്ടുകളും. ലോകമെങ്ങും ഇതിന് ഇഷ്ടക്കാര്‍ അനവധിയാണ്. ഇവയെ കുറിച്ച് നടത്തിയ പഠനങ്ങളും പരമ്പരാഗതമായി നാം കേട്ടുകൊണ്ടിരിക്കുന്ന ഗുണഗണങ്ങള്‍ ശരിവെക്കുന്നു. അതുപോലെ തന്നെ രുചിക്കും ഗുണത്തിനുമൊപ്പം വിലയിലുമെല്ലാം മുന്നിലായതിനാല്‍ ഇവയില്‍ മായം ചേര്‍ക്കാനും സാധ്യത വളരെ കൂടുതലാണ്.

കുരുമുളകാണെങ്കില്‍ ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ്. സ്‌പൈസുകളില്‍ ഏറ്റവും പ്രിയമേറിയത്. എന്നാലോ വളരെ എളുപ്പത്തില്‍ മായം ചേര്‍ക്കാന്‍ കഴിയുന്നതും ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കപ്പെടുന്നതുമായ ഒന്നാണ് കുരുമുളക്. പക്ഷേ കുരുമുളകിലെ മായത്തെ നമുക്ക് തിരിച്ചറിയാം. യഥാര്‍ത്ഥ കുരുമുളകും മായം കലര്‍ത്തിയതും തമ്മില്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്ന് പങ്കുവോക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ എളുപ്പവഴി പങ്കുവെച്ചിരിക്കുന്നത്.

കുരുമുളകിനു പകരമായി വ്യാപകമായി ചേര്‍ക്കുന്ന മായം ബ്ലാക് ബെറിയാണ്. മിക്കപ്പോഴും കുരുമുളകിനൊപ്പം ഉണങ്ങിയ ബ്ലാക് ബെറി കൂടി ചേര്‍ത്താണ് ഇത് വില്‍പ്പനയ്‌ക്കെത്തുന്നത്. സ്വല്‍പം കുരുമുളക് എടുത്ത് ഒരു മേശയുടെ മുകളില്‍ വയ്ക്കുക. അതിനുശേഷം കൈയുടെ തള്ളവിരല്‍ ഉപയോഗിച്ച് ഇത് പൊടിക്കാന്‍ ശ്രമിക്കുക. യഥാര്‍ത്ഥ കുരുമുളക് വേഗം പൊടിഞ്ഞുകിട്ടില്ല. എന്നാല്‍, ബ്ലാക് ബെറിയാണെങ്കില്‍ എളുപ്പത്തില്‍ പൊടിഞ്ഞുപോകും.

മുമ്പും ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള വീഡിയോകള്‍ എഫ്.എസ്.എസ്.എ.ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.