2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അബ്ദുല്‍ റസാഖ് ഗുര്‍ന; അഭയാര്‍ത്ഥികളുടെ കഥ പറഞ്ഞ കഥാകാരന്‍

സ്‌റ്റോക്ക്‌ഹോം: ‘കൃതികളിലെ കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം’ ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവിനെ കുറിച്ച് ജൂറി പറഞ്ഞതിങ്ങനെ. അദ്ദേഹത്തിന്റെ കഥകളിലെല്ലാമുണ്ട് കുടിയിറക്കപ്പെട്ട ചി വേദനകള്‍. അവഗണനയുടെ രോഷം കനക്കുന്ന ചില എരിച്ചിലുകള്‍. നിസ്സഹായതയുടെ കനം പേറുന്ന ചില രൂപങ്ങള്‍. വരികള്‍ക്കിടയിലൂടെ നമുക്ക് മുന്നില്‍ വരച്ചു കാട്ടും..കണ്ണാടിയിലെന്ന പോലെ..ഒരു ചലചിത3മെന്ന പോലെ കാണാം നമുക്ക് അവരെ.

പില്‍ഗ്രിംസ് വേ എന്ന കൃതിയിലെ ചില ഭാഗങ്ങള്‍ നോക്കൂ
‘ഏഴ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പബ്ബ് ഏതാണ്ട് ശൂന്യമായിരുന്നു. ബാറിന്‍രെ ഒരു മൂലയില്‍ തന്റെ പാനീയത്തിലേക്ക് ചാഞ്ഞിരിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ വൃദ്ധന്‍ മാത്രമായിരുന്നു ദാവൂദിനെ കൂടാതെ അവിടെ ശേഷിച്ചിരുന്നത്. ബാര്‍മാന്‍ ആയാളോട് സംസാരിക്കുകയായിരുന്നു. അതിനിടക്ക് അയാള്‍(ബാര്‍മാന്‍) താന്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ വരാമെന്നും ഉള്ള അര്‍ത്ഥത്തില്‍ ദാവൂദിനെ നോക്കി തലയാട്ടുന്നുമുണ്ടായിരുന്നു. ആഴ്ചയുടെ അവസാനമായിരുന്നു. അതുകൊണ്ട് പണവും കുറവ്. അതിനാല്‍ ദാവൂദ് സ്വയം വിലകുറഞ്ഞ അര പിന്റ് ബിയര്‍ വാങ്ങി ജനാലയ്ക്കരികില്‍ അല്‍ക്കോവില്‍ ഇരുന്നു. ബിയര്‍ വെള്ളവും പുളിയും രുചിച്ചു, പക്ഷേ അവന്‍ കണ്ണുകള്‍ അടച്ച് അത് കുടിച്ചു’.

ഗ്രാവെല്‍ ഹേര്‍ട്ട് എന്ന കഥയിലൂടെ പോയി നോക്കാം

‘അച്ഛന് എന്നെ വേണ്ടായിരുന്നു. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോഴാണ് എനിക്കത് മനസ്സിലായത്. എനിക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് മനസിലാകുന്നതിനും മുമ്പ്. അതിന്റെ കാരണം എന്താകുമെന്ന് ഒന്നൂഹിക്കാന്‍ പോലും കഴിയും മുമ്പ് ഞാന്‍ അറിഞ്ഞിരുന്നു അക്കാര്യം. ഒരുവിധത്തില്‍ അന്നെനിക്ക് ഒന്നും മനസ്സിലാകാതിരുന്നത് ഒരു അനുഗ്രഹമായിരുന്നിരിക്കാം. ഞാന്‍ മുതിര്‍ന്ന ശേഷമാണ് ഇതറിഞ്ഞിരുന്നതെങ്കില്‍ ഒരു പക്ഷേ ജീവിക്കാന്‍ എനിക്ക് കുറച്ചു കൂടി എളുപ്പമായേനെ. എന്നാല്‍ വെറുപ്പും നടിപ്പും നിറഞ്ഞൊരു ജീവിതമായിപ്പോയേനെ അത്. പരിഗണനയുടെ അഭാവം എന്റെ തോന്നലാണെന്ന് ഞാന്‍ നിനച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ എന്റെ പിതാവിന്റെ പുറകില്‍ ദേഷ്യത്തോടെ ഞാന്‍ ഓടിപ്പോയി, എല്ലാം മാറിയതിന് അവനെ കുറ്റപ്പെടുത്തി, എല്ലാം എങ്ങനെ ആയിരുന്നേനെ എന്ന് പതംപറഞ്ഞിരിക്കാം. എന്റെ പാരുഷ്യത്തില്‍ ഒരു പിതാവിന്റെ സ്‌നേഹമില്ലാതെ ജീവിക്കേണ്ടിവരുന്നതില്‍ അസാധാരണമായ ഒന്നുമില്ലെന്ന നിഗമനത്തില്‍ ഞാന്‍ എത്തിയിരിക്കാം. എന്തിനേറെ അതില്ലാതിരിക്കുക എന്നത് ഒരു വലിയ ആശ്വാസമാണെന്ന് പോലും ഞാന്‍ നിനച്ചിരിക്കാം. എന്നാല്‍ പിതാക്കന്മാര്‍ എല്ലായ്‌പ്പോഴും എളുപ്പമല്ല, പ്രത്യേകിച്ചും അവരും അച്ഛന്റെ സ്‌നേഹമില്ലാതെ വളരുമ്പോള്‍. അങ്ങിനെ വരുമ്പോള്‍ അവര്‍ക്ക് അറിയാവുന്നതെല്ലാം, പിതാക്കന്മാര്‍ക്ക് അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അവരെ മനസ്സിലാക്കും’.

 

കോളനിവല്‍കരണത്തിന്റെയും അഭയാര്‍ഥിപ്രശ്‌നത്തിന്റെയും അനന്തരഫലങ്ങളാണ് അബ്ദുല്‍റസാഖ് ഗുര്‍നയുടെ എഴുത്തിന്റെ അടിത്തറ. കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം. ആദ്യം സ്വാഹിലി ഭാഷയില്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷിലേക്ക് മാറി.

താന്‍സാനിയയിലെ സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ 1968ല്‍ അഭയര്‍ഥിയായാണ് ഇംഗ്ലണ്ടിലെത്തുന്നത്. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഗുര്‍ന, സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ്.

കെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രഫസറായിരുന്നു അദ്ദേഹം. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.

1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി. അദ്ദേഹത്തിന്റെ പാരഡൈസ് എന്ന നോവല്‍ ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News