2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ലോകം കീഴടക്കിയ ആലിംഗനം’- നകാമുര എന്ന ഫോട്ടോഗ്രാഫറുടെ കാമറ കണ്‍ചിമ്മിയപ്പോള്‍ പതിഞ്ഞത് മാലാഖമാര്‍ ഭൂമിയിലിറങ്ങിയ ആ നിമിഷം

വാഷിങ്ടണ്‍: ഗോ നകാമുര എന്ന ഫോട്ടോഗ്രാഫര്‍ ഇതിനു മുമ്പും വന്നിട്ടുണ്ട് മരണത്തിന്റെ തണുപ്പ് പതിയിരിക്കുന്ന ആ കൊവിഡ് ഐ.സി.യുവിന് മുന്നില്‍. ഏതാണ്ട് ഇരുപതോളം തവണ. എന്നാല്‍ ഇതിനു മുമ്പൊരിക്കലും അയാളുടെ കണ്ണില്‍ പതിഞ്ഞിട്ടില്ലായിരുന്നു ഇങ്ങനെ ഒരു രംഗം. അത്രമേല്‍ ഹൃദയാന്തരത്തോളം ആഴ്ന്നിറങ്ങിയ ഒരു രംഗം…ഒരു പക്ഷേ അയാളുടെ കാമറക്കണ്ണുകള്‍ ഇന്നോളം ഒപ്പിയെടുത്തിട്ടുണ്ടാവില്ല ഇത്രമേല്‍ കണ്ണു നനച്ചൊരു ചിത്രം. വയോവൃദ്ധനായൊരു കൊവിഡ് രോഗിയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ഡോക്ടര്‍.

അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ലോകത്തിന്റെ മുഴുവന്‍ ഇഷ്ടവും പിടിച്ചു പറ്റിയ ആ ഡോക്ടര്‍. കൊവിഡ് എന്നു കേള്‍ക്കുമ്പോഴേക്കും ഭീതി നിറയുന്നവര്‍ക്കിടയിലേക്കാണ് ഈ സ്‌നേഹചിത3ം വന്നിരിക്കുന്നത്.

ഐസിയുവില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന പ്രായമായ രോഗിക്ക് അരികിലെത്തുകയായിരുന്നു ഡോക്ടര്‍. കാര്യം തിരക്കിയപ്പോള്‍ ഭാര്യയെ കാണമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു. ആ നിമിഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നുവത്രെ ഡോക്ടര്‍.

‘രോഗികളോട് എപ്പോഴും മൃദുവായി സംസാരിക്കുന്നവനാണ് ഡോക്ടര്‍ വരോണ്‍. തനിക്കരികില്‍ വരുന്നവര്‍ക്ക് അദ്ദേഹം എന്നും ആശ്വാസമാണ്’- നകാമുര പറയുന്നു. അടഞ്ഞ വാതിലുകള്‍ക്ക് പുറത്തായിരുന്നതിനാല്‍ അന്ന് ഡോക്ടര്‍ പറഞ്ഞ നല്ല വാക്കുകള്‍ തനിക്ക് കേള്‍ക്കാനായില്ലെന്നൊരു സങ്കടവും പങ്കുവെക്കുന്നു നകാമുര.

നകാമുര തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ ഇട്ടതോടെയാണ് ചിത്രം വൈറലാകുന്നത്. ഈ മനോഹരമായ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അകമഴിഞ്ഞ സേവനത്തിന് എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും നന്ദി പറയുന്നതായും നകാമുര കുറിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.