2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വെടിയേറ്റ് ജീവച്ഛവമായ ജനതക്കു മേല്‍ വീണ്ടും നിറയൊഴിച്ച ‘മാലിക്’

ഫര്‍സാന കെ

വെടിയേറ്റ് തളര്‍ന്ന ഒരു സമൂഹത്തിനു നേര്‍ക്ക് വീണ്ടും നിറയൊഴിക്കുക. ശേഷം ആണ്ടുകള്‍ക്കിപ്പുറം ഇന്നും ഒറ്റപ്പെട്ട് ജീവച്ഛവമായി കഴിയുന്ന ആ ജനതക്കുമേല്‍ ‘ഭീകര’ കുറ്റവാളിയെന്ന പട്ടം ചാര്‍ത്തിക്കൊടുക്കുക. ഇതാണ് മാലിക് എന്ന മഹേഷ് നാരായണന്റെ ‘സാങ്കല്‍പിക’ സിനിമ.

ഒരു സിനിമ എന്ന നിലയില്‍ മഹേഷിന്റെ ടേക്കോഫ് പോലെത്തന്നെ അപാരമാണ് മാലിക്. ഒട്ടും മുഷിയാതെ അതിലേറെ താല്‍പര്യത്തോടെ കണ്ടിരിക്കാം. നടന്‍മാരും നടിമാരും ഗംഭീരം. എന്നാല്‍ ഗംഭീരതകള്‍ക്കിടയിലൂടെ കാഴ്ചക്കാരിലേക്ക് തീര്‍ത്തും നിരുപദ്രവമെന്നോ സിനിമാ ലോകം തന്നെ സൃഷ്ടിച്ചെടുത്ത സ്വാഭാവികതയെന്നോ പറയാവുന്ന രീതിയിലുള്ള ചില ഇറക്കുമതികള്‍ നടത്താന്‍ സംവിധായകന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. സാങ്കേതിക മികവുകള്‍ക്കും കഥാപാത്ര പ്രകടനങ്ങള്‍ക്കുമൊക്കെ അപ്പുറം മാലിക് എന്ന സിനിമാവിഷ്‌ക്കാരത്തെ വിലയിരുത്തിയാല്‍ സിനിമയിലെ പല ഒളിച്ചു കടത്തലുകളും ബാലന്‍സിങ്ങുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതായി വരും.

അസ്വാഭാവികമായ ഈ സ്വാഭാവികതയെ കുറിച്ചുള്ള പ്രേക്ഷക സമൂഹത്തിന്റെ തിരിച്ചറിവാണ് ഈ സിനിമക്കെതിരെ തിരിഞ്ഞ വിരലുകള്‍. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ മക്കള്‍ എന്തിനാണ് കൊല്ലപ്പെട്ടത് എന്നു പോലും അറിയാത്ത ബീമാപ്പള്ളിക്കാര്‍ക്കു നേരെയുള്ള സിനിമാക്കാരന്റെ രണ്ടാം വെടിവെപ്പാണ് മാലിക്കെന്ന് വിലയിരുത്തപ്പെടുന്നത്. ഇതൊരു കല്‍പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നുമുള്ള സിനിമ തുടങ്ങുമ്പോഴുള്ള ഡിസ്‌ക്ലൈമറോ വിവാദങ്ങള്‍ക്കു പിന്നാലെ ഇത് സാങ്കല്‍പിത കഥ മാത്രമായിരുന്നുവെന്ന സംവിധായകന്റെ നിലവിളിയോ ഈ കുറ്റം ഇല്ലാതാക്കുന്നില്ല.

പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത് കാണുക. സത്യസന്ധമല്ലാത്തതും അന്യായമായതുമായ സിനിമ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സത്യസന്ധതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇതൊരു സാങ്കല്‍പിക കഥയെങ്കില്‍ ചിത്രത്തില്‍ എന്തിനാണ് പച്ചക്കൊടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ചിത്രീകരിക്കുന്നത്. ലക്ഷദ്വീപിനെ എന്തിന് കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിച്ചു. ലക്ഷദ്വീപ് പോരാട്ടങ്ങള്‍ നടക്കുന്ന കാലത്താണിതെന്നും നോക്കണം.

2009 മെയ് 17നാണ് ബീമാപ്പള്ളി വെടിവെപ്പ് നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടു. 70 റൗണ്ട് വെടിയുതിര്‍ത്തിട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെ പൊലിസ് പൊതിരെ തല്ലി. 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. ഒരാളെ തല്ലിക്കൊന്നത് തോക്കിന്റെ പാത്തികൊണ്ടാണ്. വെറും പതിനാറു വയസ്സായിരുന്നു അവന്. 52 പേര്‍ക്ക് പരിക്കേറ്റു. കൊമ്പ് ഷിബുവിനെതിരെ പൊലിസ് കാണിച്ച നിസ്സംഗതയാണ് വെടിവെപ്പിലേക്ക് നയിക്കുന്നത്. പൊലിസിന്റെ നിസ്സംഗതയെ ബീമാപള്ളിക്കാര്‍ ചോദ്യം ചെയ്തു. വൈകാതെ തന്നെ ഷിബുവിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം രൂപം കൊണ്ടു. എന്നിട്ടും അറസ്റ്റിന് തയ്യാറായില്ല. പ്രദേശത്ത് നേരത്തേ നിലയുറപ്പിച്ചിരുന്ന പൊലിസ് ഷിബുവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടവരും അല്ലാത്തവരുമായ, ജോലിയിലേര്‍പ്പെട്ടവും ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നവരുമായ ബീമാപള്ളിക്കാര്‍ക്കു നേരെ ഏകപക്ഷീയമായി വെടിവെപ്പു നടത്തുകയാണുണ്ടായത്. അതില്‍ അഞ്ചു പേര്‍ കണ്ണിലും നെഞ്ചിലുമായി ബുള്ളറ്റ് തറച്ചാണ് കൊല്ലപ്പെട്ടത്.

‘സാങ്കല്‍പിക’ കഥയിലെ സൃഷ്ടിച്ചെടുത്ത രംഗങ്ങള്‍
തികച്ചും ഏകപക്ഷീയമായി ഭരണകൂട ഒത്താശയോടെ നടന്നപൊലിസ് നരനായാട്ടിനെ വര്‍ഗീയകലാപമായും ചെറിയതുറ സംഘര്‍ഷമായും ചിത്രീകരിച്ച് ഒരു സമൂഹത്തെ മുഴുവന്‍ കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കുവാനാണ് ശ്രമിക്കുന്നത്. സിനിമ അതിനെ സാധൂകരിക്കുന്ന രീതിയില്‍ മഹേഷ് നാരായണന്‍ ചില രംഗങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്.

കഴിഞ്ഞ പ്രളയ കാലത്ത് കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ വന്നവര്‍ക്ക് ജാതിമതഭേദമന്യേ പള്ളിയുടെ ഹാള്‍ തുറന്നു കൊടുത്ത, അന്യ മതസ്ഥര്‍ക്ക് അവരുടെ രീതിയില്‍ പ്രാര്‍ത്ഥിക്കാന്‍ പള്ളിക്കുള്ളില്‍ തന്നെ അവസരം കൊടുത്ത, എന്തിന് പ്രളയത്തില്‍ മരിച്ചവരെ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ സ്ഥലമില്ല എന്ന് പറഞ്ഞപ്പോള്‍ അതിനും പള്ളിയിലെ നിസ്‌കാര സ്ഥലം തുറന്നു കൊടുത്ത പള്ളിക്കമ്മിറ്റിക്കാരുള്ള, എന്തിനേറെ കന്നുകാലികള്‍ക്ക് ആലയാക്കാന്‍ പോലും പള്ളിമുറികള്‍ തുറന്നു നല്‍കിയ അതേ മലയാളത്തില്‍ റിലീസായ സിനിമയിലെ സീനിലാകട്ടെ സുനാമി ദുരന്തത്തില്‍ പെട്ട അന്യ മതസ്ഥര്‍ക്ക് പള്ളിയുടെ പുറത്തെ ഗെയ്റ്റ് പോലും തുറന്നു കൊടുക്കാന്‍ തയ്യാറാകാത്ത നികൃഷ്ടരായ ഒരു കൂട്ടം പേരാണ് പള്ളിക്കമ്മിറ്റിക്കാര്‍.

രണ്ട് വിഭാഗം ന്യൂനപക്ഷങ്ങള്‍ സ്‌ട്രോംഗ് ആണേലും നമ്മള്‍ ആകെ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയേ സിനിമയിലുള്ളൂ. അത് പച്ചക്കൊടി മുസ്‌ലിം സാമുദായിക പാര്‍ട്ടിയാണ്. അപ്പുറത്ത് പാര്‍ട്ടി ഒന്നുമില്ല, സാധുക്കളാണ്. അവര്‍ക്ക് സ്വാഭാവികമായി വര്‍ഗീയത എവിടെയുമില്ല. ദിലീഷ് പോത്തന്റെ അബൂബക്കറിന്റെ പാര്‍ട്ടിയുടെ പേര് ‘ഇസ്‌ലാം യൂണിയന്‍ ലീഗ്’ ആണെന്ന് വരെ കൃത്യമായി കാണിക്കുന്ന സിനിമയില്‍ പക്ഷേ അന്നത്തെ വെടിവെപ്പ് കാലത്തെ ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ പോലും ഉള്‍ക്കൊള്ളിച്ചിട്ടുമില്ല. പോരാഞ്ഞിട്ട് ബീമാപ്പള്ളിക്കാരെ ഭീകരവാദികളുമായി കണക്ട് ചെയ്യാന്‍ തോക്കും ഇറക്കുമതി ചെയ്യുന്നുണ്ട്. യന്ത്രത്തോക്കുകള്‍ കൊണ്ട് അവര്‍ കലക്ടറെയും പൊലിസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്നുണ്ട്. ബീമാപ്പള്ളിക്കാരെക്കൊണ്ട് ഇടക്കിടെ ബോലോ തക്ബീര്‍ വിളിപ്പിക്കുന്നതും അത്ര നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല. സിനിമയില്‍ അതുണ്ട്.

മെറീനയെ സെമീറയാക്കിയ മഹേഷ്
ഇസ്‌ലാമോഫോബിയ തന്റെ മുന്‍ സിനിമകളിലും ‘ഭംഗിയായി മഹേഷ് ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തിലെ മെറീന ടേക്ക് ഓഫില്‍ സംമീറയാവുന്നതില്‍ തുടങ്ങുന്നു ഇത്. സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇറാഖില്‍ നിന്ന് മോചിതരായ 46 നഴ്‌സുമാരില്‍ ഒരാള്‍പോലും മുസ്‌ലിമായിരുന്നില്ലെന്ന് തിരിച്ചറിയുമ്പോഴാണ് ‘സമീറ’ എന്ന നായിക കഥാപാത്ര സൃഷ്ടിയിലൂടെ ഈ സിനിമ നടത്തുന്ന മുസ്‌ലിം വംശവെറിയുടെ ആഴം മനസിലാകുക.

തിക്‌രീതിലെ ടീച്ചിങ് ആശുപത്രിയില്‍ നിന്ന് മൂസിലിലേക്കുള്ള യാത്രയിലും പിന്നീടും സുന്നി വിമതര്‍ ഞങ്ങളോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് നഴ്‌സുമാര്‍ തന്നെ പറയുന്നു.ഇറാഖി സൈന്യം ആശുപത്രി ബോംബിട്ട് തകര്‍ക്കുന്നതിന് മുമ്പായി നഴ്‌സുമാരെ മൂസിലിലേക്ക് മാറ്റിയ (നഴ്‌സുമാരുടെ വാക്കുകളില്‍ തങ്ങളുടെ ജീവന്‍ രക്ഷിച്ച) വിമത സൈനികരെ ‘ടേക് ഓഫ്’ സിനിമയില്‍ കാണാന്‍ കഴിയില്ല. പകരം നഴ്‌സുമാര്‍ ഇതുവരെ ആരോപിക്കാത്ത വംശവെറിയുല്‍പാദിപ്പിക്കുന്ന പെരുംനുണകളാണ് സിനിമയിലുള്ളത്.

വെറുമൊരു കഥയല്ല മാലിക്
വെറുമൊരു കഥയല്ല മാലിക്. കേരള ചരിത്രത്തില്‍ ഭരണകൂടവും പൊലിസും ചേര്‍ന്ന് നടത്തിയ ഒരു നരനായാട്ടിന്റെ ഓര്‍മ്മപ്പെടുത്തലു കൂടിയാണ്. ഒരു കല്‍പ്പിത കഥയെന്ന മുന്‍കൂര്‍ ജാമ്യം സിനിമക്ക് മുന്നേ എഴുതി ചേര്‍ക്കുന്നുണ്ടെങ്കിലും  വി.എസ് സര്‍ക്കാരിന്റെ കാലത്ത് ബീമാ പള്ളിയില്‍ നടന്ന വെടിവെപ്പ് തന്നെയാണ് ‘മാലിക്കിന്റെ’ ഉള്ളടക്കം. ഇടതു സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്റെ പൊലിസ് നടത്തിയ മുസ്‌ലിം വംശഹത്യയെന്ന കൃത്യമായ വസ്തുത നിലനില്‍ക്കെ അന്നത്തെ വെടിവെപ്പില്‍ ജീവിതം നഷ്ട്ടപ്പെട്ട ഇന്നും ജീവിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരകളെ പിടിച്ച് കുറ്റവാളികളാക്കി ചിത്രീകരിച്ചത് തന്നെയാണ് മുസ്‌ലിം വിരുദ്ധത. നാളെ ബീമാ പള്ളിയുടെ ചരിത്രം റമദാ പള്ളിയിലൂടെയാണ് ജനം കാണുക.

ശേഷിക്കുന്നത് ഒരു പ്രതീക്ഷയാണ്. കാലം ഒരു പാട് ഒന്നും മറച്ച് വെക്കില്ല അത് കണക്ക് ചോദിക്കുകയും പറയിപ്പിക്കുകയും ചെയ്യും.
ഒരുപക്ഷേ ലോകത്ത് ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഇത്രമേല്‍ വ്യാപകമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലും കാലം നീതിയാക്കിയത് സാക്ഷിയാണ്. കാലമെ നീ തന്നെയാണ് സത്യം ഇനി എല്ലാരും ആ വെടിവെപ്പ് ചരിത്രം പഠിക്കാന്‍ ശ്രമിക്കും. എത്രയൊക്കെ ചവിട്ടിയരക്കാന്‍ നോക്കിയാലും അതിനുമേല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യു.
.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.